ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച Short Filim Fesitival ല്‍ ഇന്നു മുഴുവന്‍ പങ്കെടുത്തു. ഏതാണ്ട് പതിനാറോളം ഹ്രസ്വ ചിത്രങ്ങള്‍ കാണാന്‍ അവസരം ലഭിച്ചു എന്നത് തന്നെ ഈ പ്രവാസഭൂവില്‍ എനിക്ക് കിട്ടിയ ഒരു ഭാഗ്യമായി കരുതുന്നു. നാട്ടില്‍ നടത്തുന്ന ഫിലിം ഫെസ്റ്റിവല്ലുമായി താരതമ്യപ്പെടുത്തുവാന്‍ കഴിയില്ലെങ്കിലും ചരിത്രത്തിലാദ്യമായി ഇവിടെ നടന്ന ഈ വേറിട്ട ഉത്സവം വളരെ അവിസ്മരണീയമായിരുന്നു. ഇന്നു അവസാനമായി കണ്ട ഹ്രസ്വചിത്രം എന്‍റെ പ്രിയ സുഹൃത്ത് ജോണ്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത ’Dirty_Diana’ആയിരുന്നു. സിനിമാ ഭ്രാന്തു തലയ്ക്കു കയറിയ കുറെയേറെ സുഹൃത്തുക്കളുമായി ഇരുന്നു ഇതു കാണുമ്പോള്‍, ഒട്ടേറെ വേറിട്ട പ്രതികരണങ്ങള്‍ ഉണ്ടായി.
ഒരു പുതിയ ഫെമിനിസ്റ്റ് പ്രതികാരം എന്ന മുദ്ര കുത്തിയ സിനിമകള്‍ ഈ അടുത്തകാലത്ത് അനവധി കണ്ടു. അത്തരത്തില്‍ മുദ്ര കുത്തപ്പെടാവുന്ന തരത്തിലേക്ക് ’Dirty_Diana’ പോയിട്ടുണ്ടെന്ന് എനിക്കഭിപ്രായമില്ല. ’Dirty_Diana’ എന്ന ഷോര്‍ട്ട് ഫിലിം കണ്ടു നോക്കുക. കണ്ടു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് വേറിട്ട അഭിപ്രായങ്ങള്‍ ഉണ്ടാവാം. ഈ ഷോര്‍ട്ട് ഫിലിം സംവേദനം ചെയ്യുന്ന ആശയത്തേയും രാഷ്ട്രീയത്തേയും ചൊല്ലി നമുക്ക് സംവാദങ്ങളാവാം, ആവശ്യമെങ്കില്‍ തര്‍ക്കിക്കാം. ‘ബ്ലാക്ക് ഫിലിം’ എന്നോ ‘നെഗറ്റീവ് ഫിലിം’ എന്നോ വാദിക്കാം. ഇതൊരു സ്ത്രീപക്ഷ കഥ തന്നെയാണോ എന്ന കാര്യത്തിലും വേണമെങ്കില്‍ തര്‍ക്കമാവാം. തര്‍ക്കങ്ങളും വാദങ്ങളും എന്തായാലും നമ്മള്‍ ഈ സൃഷ്ടി കാണാതെ പോവരുത്. കാരണം ഇതിലൊരു മാറ്റത്തിന്റെ കാറ്റുണ്ട്, ചെറുപ്പത്തിന്റെ ചങ്കൂറ്റമുണ്ട്.
Jean Markkose |
Mithun Ramesh |
ഓരോ ചെറിയ കഥാപാത്രവും അവരുടതോയ വ്യക്തിത്വം അടയാളപ്പെടുത്തുന്നു. അഭിനേതാക്കള്‍ പരിപൂര്‍ണമെന്നു പറയാവുന്ന പ്രകടനത്തിലൂടെ ആ കഥാപാത്രങ്ങള്‍ക്ക് മിഴിവേകുന്നു. ആദില്‍ എബ്രാഹിമിന്‍റെയും മിഥുന്‍റെയും പ്രകടനത്തെ അതുല്യമെന്നു തന്നെ വിശേഷിപ്പിക്കാം. അണിഞ്ഞൊരുങ്ങി നില്‍ക്കുന്നതിലപ്പുറമുള്ള അഭിനയം അധികമൊന്നും വശമില്ലാത്ത നമ്മുടെ സ്ഥിരം നായികമാര്‍ക്ക് കണ്ടു പഠിക്കാനൊരു പാഠപുസ്തകമാണ് ഈ ഹ്രസ്വ ചിത്രത്തിലെ ഹിമ ഷങ്കറിന്റെ പ്രകടനം. അസാമാന്യ ചങ്കൂറ്റമുള്ളൊരു അഭിനേത്രിക്കു മാത്രം സ്വീകരിക്കാന്‍ കഴിയുന്ന ഡയാന എന്ന പെണ്‍കുട്ടിയുടെ വേഷം ചെയ്ത ഹിമ, മലയാള സിനിമയിലടക്കം കണ്ടുമടുത്ത നായികാ മാനറിസങ്ങളെ പൊളിച്ചെഴുതുന്നു.
വിചിത്രമായൊരു കപട സദാചാരത്തിന്റെ മേല്‍മൂടിയണിയുന്ന മലയാളി, ഈ ഹ്രസ്വ ചിത്രത്തെ എങ്ങനെ സ്വീകരിക്കും എന്നതു മാത്രമാണ് ആശങ്കപ്പെടുത്തുന്ന വസ്തുത. ഇതില്‍ സംവേദിക്കാന്‍ ശ്രമിച്ച വിഷയങ്ങള്‍ എല്ലാം തന്നെ വര്‍ത്തമാന കാലത്തിലെ ഹൈ ടെക് മലയാളിക്ക് നേര്‍ക്ക് പിടിച്ച കണ്ണാടിയാണ്. ആണത്തം, സ്ത്രീത്വം, സദാചാരം തുടങ്ങിയവയെക്കുറ്റിച്ചൊക്കെ നാം പുലര്‍ത്തുന്ന സങ്കല്‍പ്പങ്ങളെ ഈ സിനിമ ഓരോ ഫ്രെയിമിലും ചോദ്യം ചെയ്യുന്നുണ്ട്. അതൊന്നും ഒരിയ്ക്കല്‍പോലും അശ്ലീലത്തിലേയ്ക്കു വഴിമാറുന്നതുമില്ല. കഥ പറയുന്നതില്‍ പ്രകടമാക്കിയ ഈ കയ്യടക്കത്തിന്റെ പേരില്‍ ഈ ഹ്രസ്വ ചിത്രത്തിന്‍റെ സംവിധായകനായ ജോണിനെ അഭിനന്ദിച്ചേ മതിയാകൂ.. താരജാഡകള്‍ക്ക് ഇനി ആയുസില്ല എന്നുറപ്പായിരിക്കുന്നു. ചെറുപ്പക്കാരുടെ ഒരു നിരതന്നെ ധീരതയോടെ മലയാള ചലച്ചിത്ര മേഘലയില്‍ ചുവടുറപ്പിക്കുകയാണ്. പുതിയ കാല ജീവിതത്തിന്റെ ജീര്‍ണതകളെ അനുഭവിച്ചു ജീവിക്കുന്ന അവര്‍ സിനിമയുടെ ഇതുവരെയുള്ള രീതികള്‍ ഉടച്ചുവാര്‍ക്കുകയാണ്. ഈ മാറ്റത്തിന്റെ കാലത്ത്, ഒരു ഹ്രസ്വ ചിത്രം എന്നതിലുപരി വളരെ വൈഡായി നല്ല സിനിമകള്‍ നിര്‍മ്മിച്ചു തിയറ്ററില്‍ എത്തിച്ചു സ്വന്തം പ്രതിഭ തെളിയിക്കുക എന്നതാണ് ജോണിനെ പോലുള്ള സംവിധായകര്‍ ചെയ്യേണ്ടത്. ഇത്തരത്തില്‍ മാറ്റത്തിന്‍റെ സുഗന്ധവുമായി പിറക്കുന്ന സിനിമകള്‍ കണ്ടു കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുക എന്നതാണ് നമ്മള്‍ പ്രേക്ഷകര്‍ക്ക് ചെയ്യാനുള്ള ഏക കാര്യം. നമ്മുടെ കയ്യടികള്‍ നല്‍കുന്ന ഊര്‍ജം സിനിമയെന്ന കലയെ അറിയുകയും ആദരിക്കുകയും ചെയ്യുന്ന പുതിയൊരു പറ്റം പ്രതിഭകളുടെ വളര്‍ച്ചക്ക് വളമാവും. അവരിലാണ് ഇനി മലയാള സിനിമയുടെ ഭാവി. ഈ പുതിയ ചെറുപ്പക്കാര്‍ സൃഷ്ടിക്കുന്ന സിനിമകള്‍ നമ്മുടെ ഇതുവരെയുള്ള സങ്കല്‍പ്പങ്ങളെയൊക്കെ തച്ചുടച്ചേക്കാം. ഗ്ലാമറിന്റേയും താരപ്രഭയുടെയും മേഖലയായ സിനിമയില്‍ ഇനി വേണ്ടത് പുതിയ പ്രമേയങ്ങളുടെയും ആവിഷ്കരണങ്ങളുടെയും ബീജാങ്കുരങ്ങളാണ്. അതിന് പഴകിയ സങ്കല്‍പ്പങ്ങളുടെ ചില കന്യാചര്‍മങ്ങള്‍ മുറിപ്പെട്ടേ മതിയാവൂ. അതു തന്നെയാണ് ഈ “dirty_diana എന്ന ഹ്രസ്വ ചിത്രവും നമുക്ക് മനസിലാക്കി തരുന്നതും.
വാല്‍കഷണം: ഇതില്‍ പ്രതിപാദിക്കുന്നത് പോലെ പെണ്ണൊരുമ്പെട്ടാല്‍ ഭാവിയില്‍ എന്താകുമോ ആവോ, ഞങ്ങള്‍ ചെറുപ്പക്കാരുടെ (?) അവസ്ഥ.