March 21, 2010

ദുബൈ കൊലപാതകം - "ഹമാസ്' എന്ന വിപ്ലവസംഘടന

സംഭവം നടക്കുന്നത് ഒരു ടി.വി സീരിയലിന്റെയത്ര ലാഘവത്തോടെയാണ് എന്ന് തോന്നും. ഈ കഴിഞ്ഞ ജനുവരി 19ന് പ്രത്യേകമായി ആരും ശ്രദ്ധിക്കാതെ ഒരുകൂട്ടം വിദേശികള്‍^വെളുത്ത വര്‍ഗക്കാര്‍^ദുബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുക്കുന്നു. മൊത്തം ഇരുപത്താറുപേര്‍ ഒറ്റക്കും കൂട്ടായുമാണ് മുറികളെടുക്കുന്നത്. അവരില്‍ രണ്ടുമൂന്ന് സ്ത്രീകളുമുണ്ട്. അതേ ഹോട്ടലിലേക്ക് സിറിയയില്‍നിന്ന് വന്ന മഹ്മൂദ് അല്‍മബ്ഹൂഹ് എന്ന ഒരാളും മുറിയെടുക്കുന്നു. ഫലസ്തീന്‍കാരുടെ 'ഹമാസ്' എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളില്‍ ഒരാളാണ് ഈ അമ്പതുകാരന്‍. മഹ്മൂദ് മുറിയിലേക്ക് പോകുന്നതിന്റെ പിറകില്‍തന്നെ ടെന്നിസ് കളിക്കാരന്റെ വേഷത്തില്‍ ഒരാള്‍ അദ്ദേഹത്തെ പിന്തുടരുന്നുണ്ട്.

പിന്നെ സംഭവിക്കുന്നത് സാവധാനത്തിലാണ്. മഹ്മൂദ് പുറത്തുപോയ സമയം ഒരു സ്ത്രീയടക്കം മൂന്നുപേര്‍ അദ്ദേഹത്തിന്റെ മുറിയുടെ ഇലക്ട്രോണിക് പൂട്ട് ഭേദിച്ച് ഉള്ളില്‍ പ്രവേശിക്കുന്നു. മഹ്മൂദ് മുറിയിലേക്കുവരുമ്പോള്‍ കാത്തിരിക്കുന്നവര്‍ അദ്ദേഹത്തെ ഒരു മരുന്ന് മണപ്പിച്ച് ബോധരഹിതനാക്കി ശ്വാസം മുട്ടിച്ച് കൊല്ലുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൊലയാളി സംഘം ചെറിയ ഗ്രൂപ്പുകളായി, ദുബൈ വിട്ട് സൂറിച്ച്, ഫ്രാങ്ക്ഫര്‍ട്ട്, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നു. ഇവരില്‍ മിക്കവരുടെയും തുടര്‍യാത്ര ഇസ്രായേലിലേക്കാണ്. ആയുധങ്ങളില്ല, രക്തപ്പാടുകളില്ല, ശബ്ദമില്ല. ആദ്യനോട്ടത്തില്‍ തോന്നുക ഹമാസ്നേതാവ് മരിച്ചത് ഹൃദ്രോഗംപോലുള്ള സ്വാഭാവിക കാരണങ്ങളാലാണെന്നാണ്.
എന്നാല്‍, ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മഹ്മൂദിന്റെ മരണം ഒരു കൊലപാതകമാണ് എന്ന് വ്യക്തമാകുന്നു. ഇസ്രായേല്‍ ചാരസംഘടനയായ 'മൊസാദ്' ആണ് ഇതിനു പിന്നിലെന്ന് ദുബൈ പൊലീസ് അവകാശപ്പെടുന്നു. മൊസാദ് തലവനായ മെയര്‍ ഡഗാനും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനും എതിരായി അറസ്റ്റ് വാറന്റുകള്‍ ദുബൈ പൊലീസ് ഇറക്കിക്കഴിഞ്ഞു.

ദുബൈയില്‍ വന്ന കൊലയാളി സംഘത്തിലെ ഭൂരിപക്ഷം പേരും കാണിച്ച പാസ്പോര്‍ട്ട് അനുസരിച്ച് അവ ഇസ്രായേലിലും ഇംഗ്ലണ്ടിലുമായി ഇരട്ട പൌരത്വമുള്ള വ്യക്തികളുടേതാണ് എന്നാണ്. ഇവയില്‍നിന്നുതന്നെ കൈവിരല്‍ അടയാളം ഉപയോഗിക്കാത്ത പാസ്പോര്‍ട്ടുകളുടെ കോപ്പി എടുത്ത് അവയില്‍ ഘാതകരുടെ ഫോട്ടോ ഒട്ടിച്ചുകൊണ്ടാണ് കൃത്രിമ പാസ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. ബ്രിട്ടന്റെ മാത്രമല്ല, ആസ്ത്രേലിയ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പാസ്പോര്‍ട്ടുകളും കൊലയാളികള്‍ ഉപയോഗിച്ചിട്ടുണ്ട്.
ഈ രാജ്യങ്ങള്‍ ഇസ്രായേലിനെ 'ഔപചാരികമായി' പ്രതിഷേധം അറിയിച്ചതില്‍ കവിഞ്ഞ് മറ്റ് പ്രതികരണങ്ങള്‍ ഉണ്ടായില്ല. ഇംഗ്ലണ്ടിന്റെ പ്രതികരണം കണ്ടാല്‍ തോന്നുക അവര്‍ക്ക് ഇതൊക്കെ നേരത്തേ അറിയുമായിരുന്നു എന്നാണ്. എന്നാല്‍, ഈ പ്രതിഷേധങ്ങളും പ്രതികരണങ്ങളും കെട്ടടങ്ങുന്നതും പെട്ടെന്നായിരിക്കും. ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഇസ്രായേല്‍ അവകാശപ്പെടുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

രാഷ്ട്രങ്ങള്‍ ചാരസംഘങ്ങളെക്കൊണ്ടും വാടക കൊലയാളികളെക്കൊണ്ടും നടത്തുന്ന കൊലപാതകങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ? സി.ഐ.എ പോലെയുള്ള ചാരസംഘടനകള്‍ക്ക് ആഗോളതലത്തില്‍ അനധികൃതമായി കൊലപാതകങ്ങള്‍ നടത്തുന്നതിന് പ്രത്യേകപദ്ധതികള്‍ തന്നെ ഇല്ലേ? ഈ കൊലക്ക് ഒരു പ്രത്യേകതയുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ചാണ് ഇത് നടക്കുന്നത്. കൊലയാളികള്‍ ലോബികളിലൂടെ നടക്കുന്നത്, ഫ്രണ്ട് ഓഫിസില്‍ കാത്തുനില്‍ക്കുന്നത്, ഇതെല്ലാം ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വികള്‍ റെക്കോഡ് ചെയ്തു കഴിഞ്ഞു. ഇവരില്‍ പലരുടെയും ഡി.എന്‍.എ പ്രിന്റുകളുണ്ട്. അതുകൊണ്ടുതന്നെ ഈ കൊലപാതകത്തില്‍ പങ്കെടുത്ത പലരെയും കുറിച്ച് ധാരാളം സൂചനകളുണ്ട്. അവര്‍ എപ്പോഴെങ്കിലും പിടിക്കപ്പെടാനുള്ള സാധ്യതകളുണ്ട്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ മൊസാദിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും. പല കൊലപാതകങ്ങളും തെളിയിക്കപ്പെട്ടിട്ടില്ല. ചിലതെങ്കിലും നടപ്പാക്കുന്നതില്‍ തെറ്റുപറ്റുകയും മൊസാദ് ഏജന്റുമാര്‍ പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1997ല്‍ നോര്‍വേയിലെ ലിലിഹാംനര്‍ എന്ന പട്ടണത്തില്‍വെച്ച് തെറ്റായ ഐഡന്റിറ്റിയുടെ പേരില്‍ മൊസാദ് ഏജന്റുമാര്‍ ഒരു മൊറോക്കോ എഴുത്തുകാരനെ വെടിവെച്ചുകൊന്നു. അഞ്ച് ഏജന്റുമാരും പിടിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തു. കുറച്ച് കൊല്ലങ്ങള്‍ക്ക് മുമ്പ് ഹമാസ് നേതാവായ ഖാലിദ് മിശ്അലിനെ മരുന്ന് കുത്തിവെച്ചു കൊല്ലാന്‍ മൊസാദ് ഏജന്റുമാര്‍ ശ്രമിച്ചു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലാണ് ഇത് നടന്നത്. മിശ്അലിന്റെ സെക്യൂരിറ്റി ഗാര്‍ഡുമാര്‍ കനേഡിയന്‍ ടൂറിസ്റ്റ്വിസയില്‍ അമ്മാനിലെത്തിയ ഏജന്റുമാരെ പിടിച്ചു. ഇവരെ രക്ഷിക്കാന്‍ ഇസ്രായേല്‍ ചെയ്തത് തടങ്കലില്‍ കഴിയുന്ന ഹമാസ്നേതാവ് ശൈഖ് യാസീനെ മോചിപ്പിക്കുകയായിരുന്നു.
മബ്ഹൂഹിന്റെ കൊലപാതകം എന്തു പ്രതികരണമാണുണ്ടാക്കിയത് എന്ന് ഇനി പരിശോധിക്കാം. ഇസ്രായേലിലെ ചില പ്രധാനപത്രങ്ങള്‍, ഉദാഹരണത്തിന് 'ജറൂസലം ടൈംസ്', 'ഹാരെറ്റ്സ്' തുടങ്ങിയവ ഇതിനെ പ്രകീര്‍ത്തിച്ച് എഴുതി. ശത്രുക്കള്‍ എവിടെ ആയാലും അവരെ നശിപ്പിക്കാന്‍ ഇസ്രായേലിന് കെല്‍പുണ്ടെന്നായിരുന്നു ഈ പത്രങ്ങളുടെ വീമ്പുപറച്ചില്‍.
കൊല്ലപ്പെട്ട മഹ്മൂദ് അല്‍മബ്ഹൂഹ് എന്ന വ്യക്തിക്കെതിരെയുള്ള ആരോപണം അദ്ദേഹം ഹമാസിന്റെ നേതാക്കളില്‍ ഒരാളാണെന്നും രണ്ട് ഇസ്രായേലി പട്ടാളക്കാരെ വധിച്ചതില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നുമാണ്. ഫലസ്തീനിലെ ഗസ്സ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹമാസ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മിതവാദിയായ മഹ്മൂദ് അബ്ബാസിനെ പുറംതള്ളി ഹമാസ് ആണ് അധികാരത്തില്‍ വന്നത്. ഗസ്സ പ്രദേശത്ത് താമസിക്കുന്ന 15 ലക്ഷം ആളുകളില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ ഹമാസിനുണ്ട്. സാമൂഹിക സേവനവും ഭീകരപ്രവര്‍ത്തനവും ഒന്നിച്ച് നടത്തുന്ന ഒരു സംഘടന എന്നാണ് ഹമാസ് വിശേഷിപ്പിക്കപ്പെടുന്നത്.

March 07, 2010

ചൂണ്ടു വിരലിനു കൂട്ടായ്‌ നിന്ന പെരുവിരല്‍



ചൂണ്ടുവിരലിന്റെ അഗ്രത്തിലൊരു ചാട്ടുളിയും
ഉതിര്‍ന്നു വിഴുന്ന വാക്കുകളില്‍ തീപ്പൊരിയും
മുഖത്തൊരു നീതിമാന്റെ ഭാവവുമണിഞ്ഞ്‌
വാക്കുകള്‍ പെയ്തുകൊണ്ടെയിരുന്നു.

സംസ്ക്കാരം പ്രസംഗിക്കുന്നവന്റെ
അസാംസ്ക്കാരികതയെ കുറിച്ച്‌.
അശ്ലീലത്തിനെതിരെ പ്രസംഗിക്കുന്നവന്റെ
നോട്ടത്തിലെ ഒളിപ്പിക്കാന്‍ കഴിയാത്ത അശ്ലിലത്തെ പറ്റി.
ഫെമിനിസം പ്രസംഗിച്ച്‌ വീടണഞ്ഞ്‌
കറിയില്‍ ഉപ്പു കുറഞ്ഞതിന്ന്
വേലക്കാരിയുടെ കരണത്തടിക്കുന്നവളെ കുറിച്ച്‌.
അന്ധവിശ്വാസത്തിനെതിരെ പ്രസംഗിച്ച്‌
വിട്ടിലെത്തി കണ്ണേറിന്ന് മുളകുഴിയുന്നവനെ കുറിച്ച്‌.
മാംസനിബ്ന്ദ്ധമല്ലാത്ത പ്രണയത്തെ കുറിച്ചാണയിട്ട്‌
വേശ്യപുരയിലെ മാംസളതയെ പുല്‍കുന്നവനെ കുറിച്ച്‌.
ദൈവത്തിന്റെ ഔന്ന്യത്യത്തെ വിളംബരം ചെയ്ത്‌
ജനങ്ങള്‍ക്കിടയില്‍ ദൈവത്തെയ്ക്കാള്‍ ഉന്നതി നടിക്കുന്ന
ആത്മീയതയുടെ മൊത്തവ്യാപാരികളെ കുറിച്ച്‌.
ചീഞ്ഞു നാറുന്ന സംസ്കാരീക-രാഷ്ട്രീയ നേത്രത്വത്തെ പറ്റി.
ഇടപെടലിന്റെ ഭൂമികയില്‍ നിന്നൊളിച്ചോടുന്ന
ജനങ്ങളെന്ന കഴുതകളെ കുറിച്ച്‌....
അങ്ങിനെ, അങ്ങിനെ, വര്‍ത്തമാന കാലത്തിന്‍ അഴുക്കുകളെ
വാക്കുകളിലൂടെ തുറന്നു കാട്ടി
ഒരു കോമരം പോലെ...

പെട്ടെന്നെരു നിമിഷാര്‍ധത്തില്‍
സ്വയമറിവിലെയ്ക്‌ ടോര്‍ച്ച്‌ തെളിയിച്ച്‌
ചൂണ്ടുവിരലിനുകൂട്ടായ്‌ നിന്ന
പെരുവിരല്‍ വിളിച്ചു പറഞ്ഞു.
കണ്ടുവോ നിനക്കെതിരെ ചൂണ്ടിയ മൂന്നുവിരലുകളെ
കേട്ടുവോ നിനക്കെതിരെ അവ ഉയര്‍ത്തും ചോദ്യശരങ്ങളെ
പ്രഞ്ജനയുടെ ഉണര്‍വ്വിന്റെ ഞെട്ടലില്‍ മുക്തിനേടും മുന്‍പ്‌
നടുവിരല്‍ ഉറക്കെ ചോദിച്ചു
സ്വയം തിരുത്തലിന്റെ ചിന്തകളെ ചങ്ങലക്കിട്ട്‌
നീ പറയും വൃഥാ വാക്കുകള്‍
പ്രകാശിപ്പിക്കുന്നത്‌ വെട്ടമല്ല
അത്മനിന്ദയുടെ കൂരിരുട്ടല്ലെ ?
മനസ്സിന്റെ കീ ബോര്‍ഡില്‍
ഉത്തരം ടൈപ്പ്‌ ചെയ്യും മുന്‍പ്‌
മുന്നറിയിപ്പിന്റെ പ്രവാചക ശബ്ദത്തില്‍
മോതിരവിരല്‍ അടക്കം പറഞ്ഞു
മനനത്തിന്റെ ചങ്ങലകള്‍ പൊട്ടി
ചിതറി തെറിക്കുന്ന ചോദ്യങ്ങള്‍
ഇനി നിന്നെ ഉറക്കില്ല
ശബ്ദത്തെ ഉയര്‍ത്തില്ല
വെറുമൊരു കരിന്തിരിയാകും നീ
അല്ലെങ്കില്‍ ഒരു മുഷിഞ്ഞ ഭാണ്ഡം

അതിജീവനത്തിന്റെ കരുത്തു സംഭരിച്ച്‌
കാണ്ടാമ്രഗത്തിന്റെ ചര്‍മ്മധാര്‍ഡ്യമണിഞ്ഞ്‌
ഞാനാക്രോശിച്ചു.
ഞാനിനിയും പുതിയ വലിയ ചങ്ങലകള്‍ മെനയും
സ്വയം വിമര്‍ശനത്തിന്റെ ചിന്തകളെ
കരിങ്കലിന്റെ ഭിത്തികളുള്ള കാരഗൃഹങ്ങളില്‍ ബന്ദിക്കും
ഞാന്‍ സുഖമായുറങ്ങും
ക്യൂബയുടെ ചെറുത്തു നില്‍പ്പിന്റെ രാഷ്ടീയത്തെ പറ്റി
തകരുന്ന ഡോളറിന്റെ മൂല്യത്തെ പറ്റി
പടരുന്ന പട്ടിണിയെ കുറിച്ച്‌
തുടരുന്ന അത്മാഹത്യകളെ കുറിച്ച്‌
അധിനിവേശകന്റെ അഭിനിവേശങ്ങളെ കുറിച്ച്‌
മതവല്‍ക്കരണത്തിന്റെ ഫാസിസത്തെ കുറിച്ച്‌
ഫെമിനിസത്തിന്റെ കെട്ടു കാഴ്ചയെ കുറിച്ച്‌
വേട്ടക്കരുടെ രാഷ്ട്രീയത്തെ കുറിച്ച്‌
ഇരകളുടെ അരാഷ്ട്രീയത്തെ കുറിച്ച്‌
അങ്ങനെ അങ്ങനെ
ബുഷും, , എണ്ണയും, ലാദനും, ഭീകരതയും
ചാവേറും
നിറയുന്ന കവിതകളെഴുതി
പ്രഭാഷണ പരംബരകള്‍ നടത്തി
ഞാന്‍ സുഖമായുറങ്ങും

ഒറ്റ ചാട്ടുളിയില്‍ ഇരയെ വീഴ്ത്തുന്ന വീര്യത്തില്‍
ചെറുവിരല്‍ മുരണ്ടു
ഒരിക്കല്‍ നീ സത്യത്തെ മുഖാമുഖം കാണും
അന്നു നീ ചര്‍ദിച്ചത്‌ നീ തിന്നേണ്ടിവരും
തീര്‍ച്ചയുടെ തീര്‍പ്പിന്റെ നാളില്‍
സാക്ഷികൂട്ടില്‍ ഞാനുമുണ്ടാവും മനസാക്ഷിയും.

ചില ചോദ്യങ്ങള്‍ അല്ലെങ്കില്‍
ചില ഉത്തരങ്ങള്‍
നമ്മെ വീഴ്ത്തുംബോള്‍
ജീവിതത്തില്‍ നാം പുതുവഴി വെട്ടെണ്ടിവരും.