March 07, 2010

ചൂണ്ടു വിരലിനു കൂട്ടായ്‌ നിന്ന പെരുവിരല്‍



ചൂണ്ടുവിരലിന്റെ അഗ്രത്തിലൊരു ചാട്ടുളിയും
ഉതിര്‍ന്നു വിഴുന്ന വാക്കുകളില്‍ തീപ്പൊരിയും
മുഖത്തൊരു നീതിമാന്റെ ഭാവവുമണിഞ്ഞ്‌
വാക്കുകള്‍ പെയ്തുകൊണ്ടെയിരുന്നു.

സംസ്ക്കാരം പ്രസംഗിക്കുന്നവന്റെ
അസാംസ്ക്കാരികതയെ കുറിച്ച്‌.
അശ്ലീലത്തിനെതിരെ പ്രസംഗിക്കുന്നവന്റെ
നോട്ടത്തിലെ ഒളിപ്പിക്കാന്‍ കഴിയാത്ത അശ്ലിലത്തെ പറ്റി.
ഫെമിനിസം പ്രസംഗിച്ച്‌ വീടണഞ്ഞ്‌
കറിയില്‍ ഉപ്പു കുറഞ്ഞതിന്ന്
വേലക്കാരിയുടെ കരണത്തടിക്കുന്നവളെ കുറിച്ച്‌.
അന്ധവിശ്വാസത്തിനെതിരെ പ്രസംഗിച്ച്‌
വിട്ടിലെത്തി കണ്ണേറിന്ന് മുളകുഴിയുന്നവനെ കുറിച്ച്‌.
മാംസനിബ്ന്ദ്ധമല്ലാത്ത പ്രണയത്തെ കുറിച്ചാണയിട്ട്‌
വേശ്യപുരയിലെ മാംസളതയെ പുല്‍കുന്നവനെ കുറിച്ച്‌.
ദൈവത്തിന്റെ ഔന്ന്യത്യത്തെ വിളംബരം ചെയ്ത്‌
ജനങ്ങള്‍ക്കിടയില്‍ ദൈവത്തെയ്ക്കാള്‍ ഉന്നതി നടിക്കുന്ന
ആത്മീയതയുടെ മൊത്തവ്യാപാരികളെ കുറിച്ച്‌.
ചീഞ്ഞു നാറുന്ന സംസ്കാരീക-രാഷ്ട്രീയ നേത്രത്വത്തെ പറ്റി.
ഇടപെടലിന്റെ ഭൂമികയില്‍ നിന്നൊളിച്ചോടുന്ന
ജനങ്ങളെന്ന കഴുതകളെ കുറിച്ച്‌....
അങ്ങിനെ, അങ്ങിനെ, വര്‍ത്തമാന കാലത്തിന്‍ അഴുക്കുകളെ
വാക്കുകളിലൂടെ തുറന്നു കാട്ടി
ഒരു കോമരം പോലെ...

പെട്ടെന്നെരു നിമിഷാര്‍ധത്തില്‍
സ്വയമറിവിലെയ്ക്‌ ടോര്‍ച്ച്‌ തെളിയിച്ച്‌
ചൂണ്ടുവിരലിനുകൂട്ടായ്‌ നിന്ന
പെരുവിരല്‍ വിളിച്ചു പറഞ്ഞു.
കണ്ടുവോ നിനക്കെതിരെ ചൂണ്ടിയ മൂന്നുവിരലുകളെ
കേട്ടുവോ നിനക്കെതിരെ അവ ഉയര്‍ത്തും ചോദ്യശരങ്ങളെ
പ്രഞ്ജനയുടെ ഉണര്‍വ്വിന്റെ ഞെട്ടലില്‍ മുക്തിനേടും മുന്‍പ്‌
നടുവിരല്‍ ഉറക്കെ ചോദിച്ചു
സ്വയം തിരുത്തലിന്റെ ചിന്തകളെ ചങ്ങലക്കിട്ട്‌
നീ പറയും വൃഥാ വാക്കുകള്‍
പ്രകാശിപ്പിക്കുന്നത്‌ വെട്ടമല്ല
അത്മനിന്ദയുടെ കൂരിരുട്ടല്ലെ ?
മനസ്സിന്റെ കീ ബോര്‍ഡില്‍
ഉത്തരം ടൈപ്പ്‌ ചെയ്യും മുന്‍പ്‌
മുന്നറിയിപ്പിന്റെ പ്രവാചക ശബ്ദത്തില്‍
മോതിരവിരല്‍ അടക്കം പറഞ്ഞു
മനനത്തിന്റെ ചങ്ങലകള്‍ പൊട്ടി
ചിതറി തെറിക്കുന്ന ചോദ്യങ്ങള്‍
ഇനി നിന്നെ ഉറക്കില്ല
ശബ്ദത്തെ ഉയര്‍ത്തില്ല
വെറുമൊരു കരിന്തിരിയാകും നീ
അല്ലെങ്കില്‍ ഒരു മുഷിഞ്ഞ ഭാണ്ഡം

അതിജീവനത്തിന്റെ കരുത്തു സംഭരിച്ച്‌
കാണ്ടാമ്രഗത്തിന്റെ ചര്‍മ്മധാര്‍ഡ്യമണിഞ്ഞ്‌
ഞാനാക്രോശിച്ചു.
ഞാനിനിയും പുതിയ വലിയ ചങ്ങലകള്‍ മെനയും
സ്വയം വിമര്‍ശനത്തിന്റെ ചിന്തകളെ
കരിങ്കലിന്റെ ഭിത്തികളുള്ള കാരഗൃഹങ്ങളില്‍ ബന്ദിക്കും
ഞാന്‍ സുഖമായുറങ്ങും
ക്യൂബയുടെ ചെറുത്തു നില്‍പ്പിന്റെ രാഷ്ടീയത്തെ പറ്റി
തകരുന്ന ഡോളറിന്റെ മൂല്യത്തെ പറ്റി
പടരുന്ന പട്ടിണിയെ കുറിച്ച്‌
തുടരുന്ന അത്മാഹത്യകളെ കുറിച്ച്‌
അധിനിവേശകന്റെ അഭിനിവേശങ്ങളെ കുറിച്ച്‌
മതവല്‍ക്കരണത്തിന്റെ ഫാസിസത്തെ കുറിച്ച്‌
ഫെമിനിസത്തിന്റെ കെട്ടു കാഴ്ചയെ കുറിച്ച്‌
വേട്ടക്കരുടെ രാഷ്ട്രീയത്തെ കുറിച്ച്‌
ഇരകളുടെ അരാഷ്ട്രീയത്തെ കുറിച്ച്‌
അങ്ങനെ അങ്ങനെ
ബുഷും, , എണ്ണയും, ലാദനും, ഭീകരതയും
ചാവേറും
നിറയുന്ന കവിതകളെഴുതി
പ്രഭാഷണ പരംബരകള്‍ നടത്തി
ഞാന്‍ സുഖമായുറങ്ങും

ഒറ്റ ചാട്ടുളിയില്‍ ഇരയെ വീഴ്ത്തുന്ന വീര്യത്തില്‍
ചെറുവിരല്‍ മുരണ്ടു
ഒരിക്കല്‍ നീ സത്യത്തെ മുഖാമുഖം കാണും
അന്നു നീ ചര്‍ദിച്ചത്‌ നീ തിന്നേണ്ടിവരും
തീര്‍ച്ചയുടെ തീര്‍പ്പിന്റെ നാളില്‍
സാക്ഷികൂട്ടില്‍ ഞാനുമുണ്ടാവും മനസാക്ഷിയും.

ചില ചോദ്യങ്ങള്‍ അല്ലെങ്കില്‍
ചില ഉത്തരങ്ങള്‍
നമ്മെ വീഴ്ത്തുംബോള്‍
ജീവിതത്തില്‍ നാം പുതുവഴി വെട്ടെണ്ടിവരും.

1 comment: