March 28, 2015

ഋതുഭേതങ്ങളിലെ മനുഷ്യ ജീവിതം - സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിങ്

ജ്മാൻ മൂവി ക്ലബ് സജീവമായിരുന്ന സമയത്താണ് സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിങ് എന്ന കിം കി ടുക്ക് സിനിമ കണ്ടത്. ചുരുക്കിപറഞ്ഞാൽ 3-അയണ്‍ എന്ന കിം കി ഡുക് ചിത്രം കണ്ട ശേഷമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തേടിപ്പിടിച്ച് കാണാന്‍ തുടങ്ങിയത്. കിമ്മിന്റെ മറ്റെല്ലാ ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിങ്


ധ്യാനാത്മകമായ ഒരാത്മീയതലത്തിലൂടെയാണ് അതിന്റെ സഞ്ചാരം. ഒരു നിരീശ്വരവാദിയും കമ്മ്യുണിസ്റ്റുകാരനുമായ ഞാൻ കൂടുതലൊന്നും പറയാൻ ആഗ്രഹിക്കാത്ത സബ്ജക്റ്റ് ആണ് ഈ സിനിമ എന്നിരുന്നാലും അലസമായ മനസ്സോടെ തീര്ച്ചടയായും ഈ ചിത്രം കണ്ടു മുഴുമിപ്പിക്കാനാവില്ല. നിങ്ങളുടെ ഹൃദയത്തെ പിടിച്ചെടുത്ത്  അതിൻറെ ഫ്രെയ്മുകളിലേക്ക് ഏകാഗ്രമാക്കി നിർത്തും. അതിമനോഹരങ്ങളായ പ്രകൃതിദൃശ്യങ്ങളുടെ മികച്ച ഫ്രെയ്മുകള്‍, കഥ പറയുന്ന രീതി, സംഗീതം (ഭിക്ഷു ബുദ്ധവിഗ്രഹവുമായി മലകയറുന്ന രംഗത്തെ ധ്യാനാത്മകമായ പശ്ചാത്തല സംഗീതം പ്രത്യേകം പരാമര്ശിമക്കണം) ബിംബങ്ങളുടെ സമർഥമായ വിന്യാസത്തിലൂടെ ഗുപ്തഭാഷയിലൂടെമാത്രം പ്രകാശിതമാകുന്ന അർത്ഥതലങ്ങൾ എല്ലാം ചേർന്ന നല്ല ഒരു അനുഭവമാണ് സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിങ്.ഭൂമുഖത്തെ അനേകായിരം ജന്തുജാലങ്ങളില്‍ ഒന്നു മാത്രമായ മനുഷ്യന്‍, ഇന്നീ കാണുന്ന സാംസ്‌കാരിക പുരോഗതി(?) കൈവരിക്കുവാനും, യജമാനഭാവത്തോടെത്തന്നെ ഭൂമി ഭരിക്കുവാനും തുടങ്ങിയതിൻറെ എല്ലാം ആരംഭം കുടുംബമായും സമൂഹമായും ജീവിച്ചു തുടങ്ങിയതുമുതലാണെന്ന് സംസ്‌കാരങ്ങളുടെ ചരിത്രം പറയുന്നു.മണ്ണില്‍ അവനെ ഉറപ്പിച്ചു നിർത്തിയത്  കാർഷികവൃത്തിയിലായിരുന്നു. ഋതുചക്രത്തിനനുസരിച്ച് മാറുന്ന പ്രകൃതിയുടെ ഭാവങ്ങളെ പഠിച്ചെടുത്തത് കൊണ്ട്  മാത്രമാണവന് മുന്നേറാനായത്. ഏതു ഗുരുതര സമസ്യകളുടെയും നിർദ്ധാരണം  പ്രകൃതിയിൽ തന്നെയുണ്ട്‌..

ചുറ്റുപാടുമുള്ള ഏതു കുഴഞ്ഞ പ്രശ്‌നത്തേക്കാളും കടുത്ത വെല്ലുവിളികള്‍ ഏതൊരാൾക്കും  നേരിടേണ്ടി വരിക സ്വന്തം ഉള്ളിൽ നിന്നു തന്നെയാകണം.  ആത്മാന്വേഷണവുമായലഞ്ഞ മനുഷ്യൻറെ ചിന്താധാരകള്‍ സമൂഹത്തിൻറെ സാംസ്‌കാരികമായ സന്തുലനത്തിന് വളരെ വലിയ സംഭാവനകളായിട്ടുണ്ട്. ശാന്തിയില്ലാതെ അലയുന്നവരോടും പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാൻ വഴികളന്വേഷിക്കുന്നവരോടും ഗുരു പറയുന്നു: പരിഹാരം പുറത്തെവിടെയുമല്ല; സ്വന്തം ഉള്ളില്ത്തവന്നെയാണെന്ന്. ബുദ്ധനും, മഹാവീരനും, ലാവോസിയും എണ്ണമറ്റ പ്രവാചകന്മാരും തുടങ്ങി ഏതൊരു ഗുരുവും അതാവർത്തിക്കുന്നു.

കൊറിയന്‍ സംവിധായകനായ കിം കി ഡുകിന്റെ സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്റ് സ്പ്രിങ് എന്ന സിനിമയുടെ വഴിയും ആത്മാന്വേഷണമാണ്. ഒരു ഭിക്ഷുവും ഗുരുവുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഭിക്ഷുവിന്റെ ബാല്യം, കൊമാരം, യൗവനം, മധ്യവയസ്സ്  എന്നീ ജീവിത ഘട്ടങ്ങളെ നാലു ഋതുക്കളുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ജീവിതപരീക്ഷണങ്ങളില്‍ പതറിപ്പോകുന്നവനു മുന്നില്‍ ഗുരു സ്വയം വെളിച്ചമാകുന്നു.

ഏതൊരാളുടേയും ജീവിതത്തിലെ വസന്തകാലം ബാല്യം തന്നെയാകണം. അതുകൊണ്ടാകാം ബാല്യം അവതരിപ്പിക്കാന്‍ സംവിധായകന്‍ വസന്തം പശ്ചാത്തലമാക്കിയത്. ഹരിതഭംഗിയാർന്ന മരങ്ങള്‍ ഇടതിങ്ങിയ കാടുകളുള്ള മലകൾക്കിടയിലെ, ജലസമൃദ്ധമായ വിശാലമായ തടാകത്തിനു നടുവിലെ, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മരം കൊണ്ടു പണിത ആശ്രമത്തില്‍ ഗുരുവും ബാലനായ ശിഷ്യനും. അക്കരെയുള്ള മലകളില്‍ ഔഷധച്ചെടികള്‍ ശേഖരിക്കാന്‍ പോകാനവർക്കു  ഒരു വഞ്ചിയുണ്ട്. ശിഷ്യന്‍ ഒരിക്കല്‍, ഒരു മത്സ്യത്തിന്റെ ഉടലില്‍ നൂലുപയോഗിച്ച് ഒരു കല്ലുകെട്ടി വെള്ളത്തില്‍ വിട്ടു. ഒരു തവളയെയും പാമ്പിനെയും അപ്രകാരം തന്നെ ചെയ്യുന്നതും അവനതാസ്വദിച്ചു ചിരിക്കുന്നതും കണ്ട ഗുരു, അന്നു രാത്രി അവനുറങ്ങിക്കിടക്കുമ്പോള്‍, ഒരു കല്ല് കയറുകൊണ്ട് അവന്റെ പുറത്ത് ബന്ധിക്കുന്നു. രാവിലെ ഉറക്കമുണർന്ന അവന് ശരിയാംവണ്ണം നടക്കാന്പോൊലുമാകുന്നില്ല. ഗുരുവിനോട് പരാതി പറയുമ്പോള്‍, ഇന്നലെ അവന്‍ ദ്രോഹിച്ച ജീവികളെ മോചിപ്പിച്ചതിനു ശേഷം മാത്രം അവനെ മോചിപ്പിക്കാമെന്നു പറയുന്നു. അതിലൊന്നിനെങ്കിലും അപായം സംഭവിച്ചാല്‍ എന്നെന്നേയ്ക്കും ഹൃദയത്തിലൊരു കല്ലും ചുമന്നു നടക്കേണ്ടി വരുമെന്നും. അവന്‍ വഞ്ചി തുഴഞ്ഞ് കാട്ടിലെത്തി ജീവികളെ തിരയുന്നു. തവളയൊഴികെ മത്സ്യവും പാമ്പും ചത്തുപോയിരുന്നു. ഹൃദയവേദനയോടെ അവന്‍ വാവിട്ടു കരയുന്നു. കുട്ടിക്കാലത്തെ വളരെ ചെറിയ വിനോദവും വളരെ ക്രൂരമാണ് എന്ന് നമുക്ക് മനസ്സിലാക്കി തരുന്ന ഒരു സീനാണ് ഇത്.

കൗമാരത്തിൻറെ ഗ്രീഷ്മകാലത്ത് അവന്‍ ഒരു പെണ്‍കുട്ടിയുമായി അടുക്കുന്നു. രോഗിണിയായ അവളെ ചികിത്സിച്ചു ഭേദപ്പെടുത്താനായി അവളുടെ അമ്മ അവിടെ ഏല്പിച്ചു പോയതായിരുന്നു. ഉടലിനു ചൂടുപിടിക്കുന്ന കാലത്ത് പ്രകൃതിയില്‍ നിന്നുതന്നെ അവന് പാഠങ്ങള്‍ കിട്ടുന്നുണ്ട്. പ്രായത്തിന്റെ കൗതുകം കടന്ന് രതിയിലേക്ക് അവരുടെ ബന്ധം നീങ്ങുകയും അത് ആവർത്തിക്കപ്പെടുകയും ചെയ്യുന്നു. ക്രമേണ അവള്‍ പൂർണ്ണ ആരോഗ്യവതിയാകുന്നു. ആ ബന്ധം കൈയോടെ പിടിക്കപ്പെടുകയും ഗുരു അവളെ പറഞ്ഞയയ്ക്കുകയും ചെയ്ത രാത്രി, ആശ്രമത്തില്‍ അവര്‍ ആരാധിച്ചിരുന്ന ബുദ്ധവിഗ്രഹവുമായി ശിഷ്യന്‍ കടന്നു കളയുന്നു.

പിന്നെ ഇലപൊഴിയും കാലമാണ്. അസ്വസ്ഥനും കോപാകുലനുമായ യുവാവായ അവന്‍ ഗുരുവിൻറെ അടുക്കലേക്കു മടങ്ങിയെത്തുന്നു. തന്നെ വഞ്ചിച്ച ഭാര്യയെ കൊന്ന കൊലക്കത്തിയുമായി സ്വസ്ഥത ആഗ്രഹിച്ചാണ് വരവെങ്കിലും പാപബോധം അവനെ വേട്ടയായിക്കൊണ്ടേയിരുന്നു. ആത്മഹത്യാശ്രമവും പരാജയമടയുന്നു. കൊലക്കത്തികൊണ്ട് തല മുണ്ഡനം ചെയ്ത് എത്തിയ അവനോട് ഗുരു, മറ്റൊരാളെ കൊല്ലുന്നത്ര എളുപ്പത്തില്‍ നിനക്കത് സ്വയം ചെയ്യാനാവില്ലെന്ന് പറയുന്നു. താഴെ പാകിയ നിരപ്പലകയില്‍ തന്റെ പൂച്ചയുടെ വാലില്‍ ചായം മുക്കി പ്രജ്ഞാപാരമിത സൂത്രം എഴുതുകയാണ് ഗുരു. അവനോട് ഓരോ അക്ഷരവും കത്തികൊണ്ട് ചുരണ്ടിക്കളയാന്‍ പറയുന്നു; അതോടൊപ്പം ഹൃദയത്തില്‍ നിന്നും ക്രോധവും. അവനപ്രകാരം ചെയ്തുകൊണ്ടിരിക്കെ അവനെ അറസ്റ്റ് ചെയ്യാന്‍ രണ്ട് ഡിറ്റക്ടീവുകള്‍ എത്തുന്നു. രക്ഷപ്പെടാന്‍ അവരെ ആക്രമിക്കാന്‍ തുനിയുന്ന ശിഷ്യനോട് ചെയ്യുന്ന ജോലി മുഴുമിപ്പിക്കാനും ഡിറ്റക്ടീവുകളോട്, അവനെ അതിനനുവദിക്കാന്‍ അഭ്യര്ത്ഥി്ക്കുകയും ചെയ്യുന്നു. പുലരുവോളം അക്ഷരങ്ങള്‍ ചെത്തിയെടുത്ത് പൂര്ത്തിിയായതും അവന്‍ തളര്ന്നു  വീണുറങ്ങുന്നു. അക്ഷരങ്ങള്‍ വെട്ടിയെടുത്തയിടത്ത് നിറങ്ങള്‍ പൂശാന്‍ ഗുരുവിനെ ഡിറ്റക്ടീവുകളും സഹായിക്കുന്നു. അറസ്റ്റു ചെയ്യപ്പെട്ടു പോകുന്ന ശിഷ്യന്‍ തികച്ചും പുതിയൊരാളായി മാറിയിരുന്നു. ഉള്ളിലെ കന്മഷങ്ങളെല്ലാം നീങ്ങി പുതിയൊരുള്ക്കാഴ്ചയോടെ... തൻറെ  നിയോഗം പൂർത്തിയായെന്നു മനസ്സിലാക്കുന്ന ഗുരു സമാധി തിരഞ്ഞെടുക്കുന്നു.

സർവ്വവും തണുത്തുറഞ്ഞു കിടക്കുന്ന ശിശിരം... ശിക്ഷാകാലാവധി കഴിഞ്ഞ് ശിഷ്യന്‍ മടങ്ങിവരുന്നു. പഴയ ഭിക്ഷു ഇന്ന് മധ്യവയസ്സിലെത്തിയിരിക്കുന്നു. അയാൾക്ക്‌  ഗുരുവിൻറെ പഴയ ഗ്രന്ഥം ലഭിക്കുകയും അതുപ്രകാരം അഭ്യാസമുറകളും ധ്യാനരീതികളും ശീലിക്കുകയും ചെയ്യുന്നു. ഒരു ദിവസം മുഖം മറച്ച ഒരു സ്ത്രീ കൈക്കുഞ്ഞുമായെത്തി അവനെ ആശ്രമത്തില്‍ ഏല്പിക്കുന്നു. രാത്രി, തിരികെ മടങ്ങുമ്പോള്‍, ആശ്രമത്തിന്റെ മുന്നിലായി മഞ്ഞു വെട്ടിയുണ്ടാക്കിയ കുഴിയില്‍ വീണ് അവള്‍ മരിക്കുന്നു. പിറ്റേ ദിവസം വൃത്താകൃതിയിലുള്ള ഒരു വലിയ കല്ല് അരയില്‍ കെട്ടി ഒരു ബുദ്ധപ്രതിമയുമായി ഉയരമേറിയ കൊടുമുടിയിലേക്കയാള്‍ കയറിപ്പോകുന്നു. കഠിനമായ ക്ലേശങ്ങള്ക്കൊളടുവില്‍ ഏറ്റവും ഉയരെ അയാള്‍ പ്രതിമ സ്ഥാപിച്ച് ധ്യാനനിരതനാകുന്നു.

വീണ്ടും വസന്തം... കൈക്കുഞ്ഞ് മിടുക്കനായ ഒരു ബാലനായിരിക്കുന്നു. അവന്‍ തൻറെ ഗുരുവിൻറെ ബാല്യകാലം ഓർമ്മിപ്പിക്കുന്ന  പ്രവൃത്തികളില്‍ മുഴുകുന്നതായി നമ്മള്‍ കാണുന്നു. കാലം നിശ്ചലമല്ല; ആവർത്തിക്കപ്പെടുന്ന ശരിതെറ്റുകളുടെ ചാക്രികത... ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ശരി തെറ്റുകളുടെ സമ്മിശ്രണം, അത് തുടർന്ന് കൊണ്ടേയിരിക്കും.