November 06, 2011

കലികാലത്തില്‍ അവതരിച്ച കൃഷ്ണന്‍, കൂടെ രാധയും.........


വരുംകാലങ്ങളില്‍ ചിലപ്പോള്‍ മലയാള സിനിമയെ രണ്ടു കാലഘട്ടങ്ങളായി വിശേഷിപ്പിക്കപെടാം. ഒന്ന് BSP (Before Santhosh Pandit) എന്നും,  രണ്ടു ASP (After Santhosh Pandit) എന്നും ആയിരിക്കും. കാരണം നമ്മുടെ മോളിവൂഡ് കൈപ്പിടിയിലോതുക്കിയിരിക്കുന്ന അമ്മയും ഫെഫ്കയും പോലുള്ള സംഘടനകളിലോന്നും അംഗമാവാതെ തന്നെ സ്വന്തം പ്രയത്നം ഒന്നുകൊണ്ടു മാത്രം ഒരു സിനിമ എടുക്കാമെന്നും അത് സ്വന്തമായി മാര്‍ക്കറ്റ്‌ ചെയ്തു റിലീസ് ചെയ്യാം എന്നും ഈ “കൂതറ” എന്ന് വിശേഷിപ്പിക്കപെടുന്ന സന്തോഷ്‌ പണ്ഡിറ്റ്‌  എന്ന യുവാവ് നമുക്ക്  തെളിയിച്ചു തന്നിരിക്കുന്നു.

സിനിമയുടെ നിലവാരത്തെ കുറിച്ചു മാത്രമാണ് ഇപ്പോള്‍ വലിയ വലിയ  ചാനല്‍  ചര്‍ച്ചകള്‍  നടക്കുന്നത്. നിലവാരത്തിന്റെ കാര്യത്തില്‍ “കൃഷ്ണനും രാധയും” എന്ന ചിത്രം വളരെ പരാജയം തന്നെയാണ് എന്ന് പറയുന്നതിന് ഒരു സിനിമാ നിരൂപകന്റെ സാങ്കേതിക വ്യാക്യാനങ്ങളൊന്നും ആവശ്യമില്ല. സിനിമ കാണുന്ന ഇതൊരു കുട്ടിയും ചോതിക്കും ഇതു എന്ത് കൊപ്രായമാണ് ഇയാള്‍ കാണിക്കുന്നതെന്ന്. സൂഷ്മനിരീക്ഷണങ്ങള്‍  ആവശ്യമായ അഭിനയം, സാങ്കേതികത, സംവിധാനം, തുടങ്ങി ചിത്രത്തിന്‍റെ നിലവാരവും മാറ്റി നിറുത്തി നാം മലയാളികള്‍ ചിന്തിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ ഈ ചിത്രം നല്‍കുന്നുണ്ട്.   

സോഷ്യല്‍ നെറ്റ്­വര്‍ക്കുകളിലൂടെ നിരന്തരം കമന്റുകള്‍  ഇട്ടും തെറിയഭിഷേകം നടത്തിയും സന്തോഷിനെ Degrade ചെയ്യാന്‍ ശ്രമിക്കുന്ന സമൂഹം തന്നെയാണ് അദ്ദേഹത്തിന്റെ കൃഷ്ണനും രാധയും എന്ന ഈ ചിത്രത്തെയും വിജയിപ്പിച്ചത്. ഒരുതരത്തില്‍ പറഞ്ഞാല്‍ സോഷ്യല്‍നെറ്റ്വര്‍ക്കുകളിലൂടെ ഇത്തരം കമന്റുകള്‍ തന്നെയാണ് ഒരു Hidden Strategy പോലെ നടന്‍ പ്രിത്വിരാജിനെതിരെയും ഇത്തരക്കാര്‍ നടത്തിവരുന്നത്.

ഒറ്റയ്ക്ക് ചെറിയ ബഡ്ജറ്റിൽ സിനിമയെടുത്ത് പ്രേക്ഷകനു മുന്നിലെത്തിക്കാമെന്ന് സന്തോഷ് പണ്ടിറ്റ് തെളിയിച്ചു. എന്തായാലും ഈ ചുവടുപിടിച്ച് ഇനിയും സിനിമകൾ ഇറങ്ങാനുള്ള സാധ്യത കാണുന്നു. അതിന്റെ ഉള്ളടക്കവും നിലവാരവും അനുസരിച്ച്  ജനം സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്യും. സന്തോഷ് പണ്ടിറ്റിനെ വട്ടനും കോമാളിയുമായി ചിത്രീകരിക്കുന്നവർ തന്നെ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലെത്തി ടിക്കറ്റെടുത്ത് തെറിവിളിക്കുന്നു എന്ന് കേൾക്കുമ്പോൾ അവരെ എന്തു വിളിക്കണം എന്നൊരു സംശയം.

അതെ മലയാളത്തിലെ സൂപ്പർ താര ജാഡക്കുള്ള ഒറ്റയാൾ വിപ്ലവമാണു ക്രുഷ്ണനും രാധയും , എന്തായാലും സന്തോഷിന്റെ ധൈര്യം, ആത്മവിശ്വാസം, ശുഭാപ്തിവിശ്വാസം ഇവയൊക്കെ സമ്മതിച്ചേ പറ്റൂ. തെറി ആർക്കും പറയാം, എന്നാൽ ഒരു പുഞ്ചിരിയോടെ അതിനെയെല്ലാം തന്റെ വരുതിക്കു വരുത്തി ആരോടും പരിഭവമില്ലാതെ, തുടരൂ ഇനിയും എന്നു പറയുന്നാ ആ ആർജവം , നമ്മുക്കതിനെ എങ്ങിനെ വേണമെങ്കിലും വിശേഷിപ്പിക്കാം. എന്നാലും സന്തോഷ് തുടങ്ങിവച്ച ഈ വിപ്ലവം അതിന്റെ എല്ലാ പരിമിതികളും ഒഴിവാക്കി ഒരു നല്ല ആശയമായി ഉൾക്കോണ്ട് മലയാള സിനിമക്ക് നല്ല നല്ല സിനിമകൾ ഉണ്ടാകാൻ ഇടയാകട്ടെ, കാരണം നമ്മുടെ ഇടയിൽ ധാരാളം നല്ലകലാകാരന്മാർക്കു ഇതൊരു മാത്രുകയാവും, സിനിമയെന്നത് ആർക്കും ചെയ്യവുന്നതാണു എന്നു അസന്നിഗ്ധമായി സന്തോഷ് തെളിയിച്ചു. വേണ്ടത് പതറാത്ത വിശ്വാസവും ധൈര്യവും.

സന്തോഷ് പണ്ഡിറ്റ്, നാളേറെയായി മൂല്യരഹിതമായി, ഇടിഞ്ഞു താഴ്ന്നു തകര്‍ന്നു കിടക്കുന്ന മലയാളസിനിമയെ അതേ തലത്തില്‍ നിന്നുകൊണ്ട് കൊണ്ട് അക്രമിക്കുകയാണു്. യഥാര്‍ത്ഥത്തില്‍ കേമന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ജയറാമും സുരേഷ് ഗോപിയും കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത് ഇതിനേക്കാള്‍ നെറികെട്ട ലജ്ജാവഹങ്ങളായ അശ്ലീലങ്ങളല്ലേ ! മറ്റൊരു ഗതിയുമില്ലാതെ ഇവന്മാരുടെ അമേധ്യം നുകര്‍ന്നുകൊണ്ടിരുന്ന നമ്മുടെ യുവാക്കള്‍, സന്തോഷ് പണ്ഡിറ്റ് അറിഞ്ഞോ അറിയാതെയോ ഇവരുടെ മുഖം മൂടി പിച്ചി ചീന്തുമ്പോള്‍, പിന്തുണ പ്രഖ്യാപിച്ച് തങ്ങളുടെ പ്രതിഷേധം അബോധമായി രേഖപ്പെടുത്തുകയാണു്. സാങ്കേതികത്തികവോടെ സവര്‍ണനായകത്വവും ഫ്യൂഡല്‍ ഉച്ചിഷ്ടങ്ങളും മാംസധാരാളിതയോടെ എഴുന്നള്ളുന്ന കൂത്തിച്ചിയാട്ടവും അരോചകമായ കാഴ്ചകളായി നിറയുന്ന വര്‍ത്തമാനകാല മലയാളസിനിമയുടെയും നായക ജംബൂകന്മാരുടെയും കരണത്തടിക്കുന്നതില്‍ സന്തോഷ് വിജയിച്ചിരിക്കുന്നു. ഇതിനേക്കാള്‍ മികച്ചതായി എന്താണു് മലയാള സിനിമ നമുക്ക് നല്‍കിക്കൊണ്ടിരുന്നത്

സിനിമയുടെ സമസ്ത മേഘലകളിലും പ്രവര്‍ത്തിച്ച സന്തോഷ്‌, ഇത്രയും കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യുക എന്നത് തന്നെ പ്രശംസ അര്‍ഹിക്കുന്നതാണ്, അതും ഒരാളുടെ അസിസ്റ്റന്റ് പോലുമാകാതെ. കുറഞ്ഞ ബഡ്ജറ്റില്‍ കൂടുതല്‍ പണം ഉണ്ടാക്കുക എന്ന സിനിമ അതികായകന്മാരുടെ നടക്കാത്ത മോഹം സന്തോഷ് നടത്തി കാട്ടി തന്നു. പടം ഇറങ്ങും മുന്‍പേ തന്നെ യൂ ട്യൂബ് വഴിയും പണം കൊയ്യാമെന്നും ട്രെന്റ് അനുസരിച്ച് ഓരോന്ന് ഇട്ട് കൊടുത്തിരുന്ന വിദ്യയില്‍ നിന്ന് തന്നെ പുള്ളിയുടെ ബുദ്ധി മനസ്സിലാക്കാവുന്നതല്ലേ!

നമ്മള്‍ തമ്മിലില്‍ ആയിരുന്നു എന്ന് തോന്നുന്നു സിത്സില ആല്‍ബം ഇടയ്ക്ക് ഡിലീറ്റിയില്ലായിരുന്നുവെങ്കില്‍ കാശ് എത്ര വാരാമായിരുന്നു എന്ന് ഒരു കക്ഷി ചോദിച്ചത്. സന്തോഷ് ആ ബുദ്ധിയാണ് ചെയ്തത്. കൂടെ ഓരോ പാട്ടും ഒന്നിന് പുറകേ ഇട്ട് ഹിറ്റ് നേടി! സന്തോഷ് പണ്ഡിറ്റിനെ വിഡ്ഢിയായി കാണുന്നവരാണു വാസ്തവത്തില്‍ വിഡ്ഢികളെന്നു തോന്നുന്നു. അദ്ദേഹം തികച്ചും ഒരുതരം നെഗറ്റീവ് മാര്‍ക്കറ്റിങ് ആണു നടത്തുന്നതെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതു വിജയിക്കുകയും ചെയ്തു.

സ്വന്തം ജീവിതം ആഡംബരപൂര്‍ണ്ണമാക്കാന്‍ മറ്റുള്ളവരെ കൊല്ലുകയും അവരുടെ സമ്പത്ത് കവരുകയും ചെയ്യുന്നത് ഒരു വാര്‍ത്തയല്ലാതായി മാറിയ ഇന്നത്തെ സാഹചര്യത്തില്‍ സന്തോഷ് പണ്ഡിറ്റിനെ നമ്മള്‍ ബഹുമാനിക്കണം. സ്വന്തമായി സിനിമ എങ്ങിനെ എടുത്ത് രിലീസ് ചെയ്യാം എന്ന് അയാള്‍ ലോകത്തെ കാണിക്കുന്നു. ഒന്നുമല്ലെങ്കിലും അയാള്‍ മാന്യമായ ഒരു തൊഴിലല്ലേ ചെയ്യുന്നത്. കല്ലെറിയുന്നവര്‍ ആദ്യം അതാലോചിക്കുക.സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാന്‍ അയാള്‍ മറ്റൊരു മാര്‍ഗ്ഗവും തെരഞ്ഞെടുത്തില്ലല്ലോ...

July 05, 2011

അഴിമതി കഥകളാല്‍ നാറുന്ന (നീറുന്ന) ഇന്ത്യ ...


എന്റെയൊക്കെ ചെറുപ്പകാലത്ത്  ഈ അഴിമതി എന്ന് പറയുന്ന സാധനത്തിനു വലിയ ഡിമാണ്ട് ഉണ്ടായിരുന്നെങ്കിലും സാധാരണക്കാരന്‍റെ ഇടയില്‍ എപ്പോഴും അഴിമതിക്കാര്‍ ഒരു നാണക്കേട് തന്നെയായിരുന്നു. ഞങ്ങളുടെയൊക്കെ കേട്ടറിവില്‍ ഇത്തരം അഴിമതി നടത്തിയിരുന്നവര്‍ വളരെ വിരലില്‍ എണ്ണവുന്നവര്‍ മാത്രമായിരുന്നു. അതും നക്കാപിച്ച കൈക്കൂലി വാങ്ങിയ ഗുമാസ്തന്മാര്‍, റോഡ്‌ കരാറില്‍ തിരിമറി നടത്തിയ കോണ്ട്രാക്ടന്മാര്‍ പദ്ധതികളില്‍ പതിനായിരങ്ങള്‍ വെട്ടിച്ച പഞ്ചായത്ത് പ്രസിടന്റുമാര്‍ അങ്ങനെ നീളുന്നു ആ പട്ടിക.

എന്നാല്‍ അസാധാരണമായ കുറേ വാര്‍ത്തകളാണ് ഈയിടെയായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒരു മുന്‍മന്ത്രി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടു. അതിലേറെ വലിയ വാര്‍ത്ത ഒരു കേന്ദ്രമന്ത്രി അഴിമതിക്കേസില്‍ അകപ്പെട്ട് മന്ത്രിപ്പണി നഷ്ടപ്പെട്ട് ജയിലിലായി എന്നതാണ്. തൊട്ടു പിന്നാലെ വരുന്ന വാര്‍ത്ത, പുതുച്ചേരിയിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് കൈപ്പറ്റി ചോദ്യം ചെയ്യലിന് വിധേയനായി എന്നതാണ്. ഒടുവില്‍ ഏഷ്യന്‍ ഗെയിംസ് നടത്തിയ ഒളിംപിക് കമ്മിറ്റി ചെയര്‍മാന്‍ കേസില്‍ കുടുങ്ങി എന്ന വാര്‍ത്തയും വന്നെത്തി. ഇതിനിടയിലാണ്, ദില്ലിയിലെ ജന്തര്‍മനന്ദറില്‍ അണ്ണാ ഹസാരെ എന്ന എന്ന ഗാന്ധിയന്‍ നിരാഹാരസമരം ആരംഭിച്ചതും രാജ്യം അദ്ദേഹത്തെ പിന്തുണച്ചതും. പൊതുജീവിതത്തിലെ അഴിമതി തടയുവാനുള്ള ജന്‍ ലോപാല്‍ ബില്‍ ലോക് സഭയില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അണ്ണാ ഹസാരെയുടെ സമരം. തലസ്ഥാനനഗരം വേനല്‍ച്ചൂടിലേക്ക് കടക്കുമ്പോള്‍ അതിലേറെ ചൂടും പുകയുമുയര്‍ത്തി അണ്ണാ ഹസാരെയുടെ സമരം. സര്‍ക്കാര്‍ ഓഫീസിലെ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ പിടികൂടാന്‍ പൊടിയിട്ട നോട്ട് നല്കി കാത്തിരിക്കുന്ന അഴിമതിവിരുദ്ധ ഉദ്യോഗസ്ഥന്മാര്‍ക്ക് കടന്നുനോക്കുവാന്‍ പോലും സാദ്ധ്യമാവാത്ത ഉയരത്തില്‍ അധികാരികള്‍ നടത്തുന്ന വമ്പിച്ച അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തുവന്നുകൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് അണ്ണാ ഹസാരെയുടെ നിരാഹാരസമരം. സ്വാഭാവികമായും അഴിമതിക്കാരും അതിന്റെ ഗുണഭോക്താക്കളുമല്ലാത്ത എല്ലാവരും മനസ്സുകൊണ്ടെങ്കിലും അണ്ണാ ഹസാരെയെ പിന്തുണച്ചു. രാജ്യവ്യാപകമായി യുവാക്കളുടെ പിന്തുണയാര്‍ജ്ജിച്ച അണ്ണാ ഹസാരെയുടെ പോരാട്ടം നമ്മുടെ രാജ്യത്തിന്റെ വര്‍ത്തമാനകാലത്തെക്കുറിച്ച് പ്രത്യാശനല്കുന്നതാണ്.

ഇടമലയാര്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ആര്‍. ബാലകൃഷ്ണപിള്ള എന്ന മുന്‍ കേരളമന്ത്രി തടവിലായത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ച ആദ്യത്തെ കേരളമന്ത്രി എന്ന വിശേഷണത്തിന് അതോടെ അദ്ദേഹം അര്‍ഹനായി. കേരളത്തിലെ നിരവധി മന്ത്രിമാരുടെ പേരില്‍ അഴിമതി ആരോപണം ഉണ്ടായിട്ടുണ്ട്. അഴിമതി ആരോപണം കേള്‍ക്കേണ്ടിവന്നിട്ടില്ലാത്ത മന്ത്രിമാരില്ല എന്നുവേണം പറയാന്‍. പല അഴിമതി ആരോപണങ്ങളും വായുവില്‍ പറന്നുകളിക്കുകയും മാദ്ധ്യമങ്ങളില്‍ കുറച്ചുനാള്‍ നിറഞ്ഞുനില്ക്കുകയും ചെയ്ത് മാഞ്ഞുപോകും. ചിലത് നിയമസഭയില്‍ ഉന്നയിക്കുകയും തര്‍ക്കിക്കുകയും ചെയ്ത് അവസാനിപ്പിക്കും. വേറെ ചിലത് കേസായി കോടതി കയറും. വളരെ അപൂര്‍വ്വമായേ അങ്ങനെ സംഭവിക്കാറുള്ളൂ. അഴിമതി ആരോപണങ്ങളുടെ എണ്ണംവെച്ച് നോക്കിയാല്‍ പ്രായോഗികകാരണങ്ങളാല്‍ എല്ലാ അഴിമതി ആരോപണവും നിയമത്തിനുമുന്നില്‍ കൊണ്ടുപോകാനാവില്ല. രാഷ്ട്രീയക്കാര്‍ തങ്ങളുടെ എതിരാളികള്‍ക്കെതിരെയാണ് അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ്. ഇതെല്ലാം കോടതിയിലെത്തിച്ച് തെളിയിക്കാന്‍ പുറപ്പെട്ടാല്‍ വേറെയൊന്നിനും സാധിക്കാത്തവിധം പണിത്തിരക്കിലായിപ്പോകും നമ്മുടെ രാഷ്ട്രീയനേതാക്കള്‍. എന്നുമാത്രമല്ല, വേദിയില്‍ കയറി പ്രസംഗിക്കുന്നതിനപ്പുറം വല്ല പണിയും നേരെ ചെയ്ത് പൂര്‍ത്തീകരിക്കാനുള്ള വൈഭവമുള്ളവരും രാഷ്ട്രീയനേതാക്കളില്‍ കുറവാണു്. പ്രസംഗിക്കുന്നതുപോലെ എളുപ്പമല്ലല്ലോ പ്രവര്‍ത്തനം. ആരോപണം ഉന്നയിക്കുക എളുപ്പമാണ്, പക്ഷെ അത് തെളിയിക്കുക എന്നത് പ്രയാസകരമാണ്. ആരോപണം തെളിയിച്ചില്ലെങ്കിലും, ആരും ദിവ്യന്മാരല്ല എന്ന് തോന്നിപ്പിക്കുവാന്‍ സാധിക്കും എന്ന ഗുണം അതിനുണ്ട്. പലപ്പോഴും ആരോപണങ്ങളുടെ ഉദ്ദേശ്യം അതുതന്നെയാണ് എന്നുവേണം മനസ്സിലാക്കാന്‍. അങ്ങനെയല്ലാതെ വന്ന ചില അഴിമതി ആരോപണങ്ങളില്‍ ഒന്നാണ് ഇടമലയാര്‍ കേസ്.

1980 മുതല്‍ 1987 വരെ വൈദ്യുതിവകുപ്പ് മന്ത്രിയായിരുന്ന ആര്‍ ബാലകൃഷ്ണപിള്ള പൊതുഖജനാവിന് രണ്ടുകോടിരൂപ നഷ്ടമുണ്ടാകത്തക്കവിധം ഇടമലയാര്‍ ജലവൈദ്യുതപദ്ധതിയുടെ പവര്‍ ടണലും സര്‍ജ് ഷാഫ്റ്റും പണിയുവാനായി യാതൊരു നീതീകരണലുമില്ലാത്തവിധം പെരുപ്പിച്ച തുകയ്ക്ക് കെ. പി. പൗലോസിന് കരാര്‍ നല്കിയെന്നായിരുന്നു ആരോപണം. ജസ്റ്റീസ് സുകുമാരന്‍ കമ്മീഷന്‍ ഈ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ നിയുക്തമായി. കമ്മീഷന്റെ തീരുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് നിയമനടപടികള്‍ ആരംഭിക്കുന്നത്. പതിനൊന്ന് പ്രതികളില്‍ എട്ടുപേരെ കോടതി വെറുതെ വിട്ടു. ബാലകൃഷ്ണപിള്ളയെയും രണ്ട് സഹപ്രതികളെയും അഞ്ച്‌വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ഇതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കിയെങ്കിലും ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനായില്ല.

കോടതിയില്‍ തീര്‍പ്പാവാതെ കിടക്കുന്ന കേസുകള്‍ വേറെയുമുണ്ട്. പാമോലിന്‍ കേസ് അതിലൊരെണ്ണമാണ്. അതില്‍ പ്രതിയായ വ്യക്തിയെ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി നിയമിക്കപ്പെടുകയും വിവാദമാവുകയും ഒടുവില്‍ ഗത്യന്തരമില്ലാതെ അദ്ദേഹത്തെ ആ പദവിയില്‍ നിന്നും ഇറക്കിവടേണ്ടിവന്നു കേന്ദ്രസര്‍ക്കാരിന്. സ്ഥാനം ഉപേക്ഷിക്കില്ലെന്ന് വാശിപിടിച്ച കമ്മീഷണര്‍ക്ക് വാശി ഉപേക്ഷിച്ച് പിന്‍വാങ്ങേണ്ടി വന്നത് തുടക്കത്തില്‍ പറഞ്ഞ അസാധാരണവാര്‍ത്തകള്‍ പുറത്തുവരുന്ന സമയത്താണ്. പൊതുഖജനാവിന് നഷ്ടമുണ്ടാക്കുന്ന കരാര്‍ തന്നെയാണ് പാമോലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉണ്ടായത്. എന്നാല്‍ പുതുതായി പുറത്തുവരുന്ന വാര്‍ത്ത പ്രകാരം ഈ കേസില്‍ കാര്യമായ നടപടിയൊന്നും ഉണ്ടായതായി കാണുന്നില്ല. നോട്ടില്‍ പൊടിയിട്ട് കാത്തിരുന്ന് പിടികൂടി പത്രവാര്‍ത്തയാക്കാവുന്ന വിധത്തിലുള്ള നക്കാപ്പിച്ച ആഴിമതിയല്ല ഇവയൊന്നും എന്നതാണ് മറ്റൊരു സവിശേഷത. കോടികളാണ് ഒരോ ഇടപാടിനു പിന്നിലുമുള്ളത്. ജനങ്ങളള്‍ടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുകയും വലിയ സിദ്ധാന്തവും വിപ്ലവവും പറയുന്ന രാഷ്ട്രീയദിവ്യന്മാരാണ് ഇവയിലെ നായകന്മാരെന്നതാണ് വേറൊരു കാര്യം. അതോടൊപ്പം കുറ്റവാളികളെ ന്യായീകരിച്ചും അവരുടെ പക്ഷംപിടിച്ച് വാദിക്കാന്‍ സഹപ്രവര്‍ത്തകരും ഒത്തുചേരും. അഴിമതി രാഷ്ട്രീയത്തിന്റെ അവശ്യഭാഗമാണെന്ന തോന്നലുണ്ടാക്കാനല്ലാതെ ജനമനസ്സില്‍ കുറ്റാരോപിതരെ കുറ്റവിമുക്തരാക്കിക്കാണിക്കാന്‍ സഹപ്രവര്‍ത്തകരുടെ വാക്കുകളും പ്രവര്‍ത്തികളും സഹായിക്കുകയില്ല. കൂട്ടത്തില്‍ സമര്‍ത്ഥരായവര്‍ മൗനംകൊണ്ട് ഇതിനെല്ലാം സമ്മതം നല്കി ഇരിക്കുന്നുമുണ്ടാവും. അഴിമതിയെ എതിര്‍ക്കുന്നുവെന്ന് പറയുകയും സ്വന്തം പ്രവര്‍ത്തനംകൊണ്ട് അത് സമര്‍ത്ഥിക്കുകയും ചെയ്യുന്ന എത്രപേരെ നമ്മുക്ക് രാഷ്ട്രീയക്കാരില്‍നിന്നും കണ്ടെത്താനാകും?

ഓഫീസ് ഗുമസ്തന്മാരുടെ പൊടിയിട്ടുപിടിക്കാവുന്ന അഴിമതിയില്‍ നിന്നും വന്‍ അഴിമതിയുടെ കഥകളിലേക്ക് നാം ഉണരുന്നത് കോടികളെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയതോടെയാണ്. കോടികള്‍ സംഭാവന നല്കുന്ന വ്യവസായി, കോടികള്‍ കടം നല്കുന്ന വ്യവസായി എന്നിങ്ങനെ സാധാരണക്കാര്‍ക്ക് കാണാനും കേള്‍ക്കാനും സാധിക്കാത്ത ജനുസ്സില്‍പ്പെട്ട സമ്പന്നരെക്കുറിച്ച് പത്രമാദ്ധ്യമങ്ങളില്‍ വായിച്ചും കേട്ടും അന്ധാളിച്ചിരുന്നു നാട്ടുകാര്‍. എന്ത് കച്ചവടം, എങ്ങനെ ചെയ്താണ് ഇങ്ങനെ കോടികള്‍ സംഭാവന നല്കാവുന്നവിധത്തിലുള്ള സമ്പത്ത് നേടുന്നത് എന്ന് വിസ്മയിക്കാന്‍പോലും സാദ്ധ്യമാവാത്തവിധത്തില്‍ മരവിച്ചുപോയിരിക്കുന്ന ജനമനസ്സിനു മുന്നിലാണ് തെരഞ്ഞടുപ്പുകാലത്ത് രണ്ടു രൂപയ്ക്കും ഒരു രൂപയ്ക്കും അരി നല്കാമെന്ന് പറഞ്ഞ് ഈ രാഷ്ട്രീയദിവ്യന്മാര്‍ ചമഞ്ഞിറങ്ങുന്നത്. ഇലട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ഈ സ്ഥാനാര്‍ത്ഥികളിലാരും എനിക്ക് സ്വീകാര്യരല്ല എന്ന് അടയാളപ്പെടുത്താന്‍ സംവിധാനമില്ല എന്നതിനാല്‍ ഏതെങ്കിലും ചിഹ്നത്തില്‍ വോട്ടുകുത്തിപ്പോരുന്ന ജനമാണ് അണ്ണാ ഹസാരെ സമരം ചെയ്തപ്പോള്‍, ഈ സമരം നമ്മുടെ സമരമാണ് എന്ന് തിരിച്ചറിഞ്ഞ് മനസ്സുകൊണ്ട് ഐക്യപ്പെട്ടത്. ഹര്‍ത്താല്‍ ആഹ്വാനത്തിലൂടെ ജനജീവിതം സ്തംഭിപ്പിക്കുന്ന നൂറാംകിട സമരത്തിലൂടെ സ്വന്തം ശക്തി തെളിയിക്കുന്ന മൗഢ്യത്തിനു പകരം തങ്ങള്‍ക്കെത്ര ജനപിന്തുണയുണ്ടെന്ന് പരിശോധിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിച്ചുനോക്കേണ്ടതാണ്. അണ്ണാ ഹസാരെയോട് ഐക്യപ്പെടുന്നതുപോലെ എത്രപേര്‍ തങ്ങളോടൊപ്പമുണ്ടാവും എന്നുവേണം പരിശോധിക്കാന്‍. ഒരു പറ്റം അഴിമതിക്കാരും അതിന്റെ ഗുണഭോക്താക്കളും, ഭാവിയില്‍ ഈ അഴിമതിക്കാരന്റെ കാരുണ്യംകൊണ്ട് വേണം കാര്യം സാധിക്കാന്‍ എന്ന് കരുതുന്ന മൂഢാത്മാക്കളുമല്ലാതെ വേറെയാരും കാണാനിടയില്ല. അഭ്യസ്തവിദ്യരും തൊഴില്‍ചെയ്ത് ജീവിക്കുന്നവരും പലേ കാര്യങ്ങള്‍ക്കും അഴിമതിക്ക് ഇരയായവരുമായ പരകോടി ഭാരതീയരുടെ ഇച്ഛാശക്തിയാണ് അണ്ണാ ഹസാരെയെ വിജയിപ്പിച്ചത്. അണ്ണാ ഹസാരെയുടെ വിജയത്തിനുമുന്നില്‍ പരാജയമടഞ്ഞത് നമ്മുടെ നാട്ടിലെ സമസ്തരാഷ്ട്രീയക്കാരുമാണ്.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടനത്തില്‍ കോടിക്കണക്കിന് രൂപയുടെ പകല്‍ക്കൊള്ള കണ്ട് സഹിക്കാനാകാതെ മണിശങ്കര്‍ അയ്യര്‍ തന്റെ പാര്‍ട്ടിക്കാരനായ സുരേഷ് കല്‍മാഡിക്കെതിരെ സംസാരിക്കാന്‍ തയ്യാറായി. സഹപ്രവര്‍ത്തകരുടെ അഴിമതി തടയാനോ, അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനോ സാധാരണനിലയില്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കാറില്ല. കിട്ടുന്നതിലൊരു പങ്ക് എനിക്കും എന്ന് വിലപേശുന്ന രാഷ്ട്രീയസംസ്കാരമാണ് ഇന്ന് നിലനില്ക്കുന്നത്. 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ പൊതുഖജനാവിന് നഷ്ടമായ തുകയുടെ വലുപ്പം കേട്ട് അതെത്രയെന്ന് ആലോചിച്ചുനോക്കുവാന്‍ പോലും സാദ്ധ്യമാവാതെ മരവിച്ചുപോയ ഇന്ത്യന്‍ മനസ്സിന് നീതിബോധത്തിന്റെ പുതുജീവന്‍ നല്കിയ പ്രസ്ഥാനമാണ് അണ്ണാ ഹസാരെയുടേത്. പൊതുജീവിതത്തിലെ ആള്‍ദൈവങ്ങള്‍ തകരുന്ന കാലഘട്ടത്തില്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്നത് ജനതയുടെ ഇച്ഛാശക്തിയാണ്. അതിന്റെ പ്രതീകമാണ് അണ്ണാ ഹസാരെ.

അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന അധികാരിവര്‍ഗ്ഗം മാത്രമാണ് ഇന്ത്യയിലെ ഇന്നത്തെ ദരിദ്രവര്‍ഗ്ഗത്തിന്റെ കാരണക്കാര്‍. കാലാകാലങ്ങളില്‍ അവര്‍ അഴിമതി നടത്തി സമ്പാദിച്ചുകൂട്ടിയ കോടികള്‍ ഇന്ത്യയിലെ അതതുകാലത്തെ ദരിദ്രനാരായണന്മാര്‍ക്കു വീതിച്ചുകൊടുത്താല്‍ ഇന്ത്യയില്‍ ദാരിദ്ര്യം എന്നത് മഷിയിട്ടാല്‍ കാണില്ല. രാജ്യപുരോഗതിയ്ക്കുതകുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇവിടെ നമ്മെ നയിക്കുമെന്ന പ്രത്യാശയ്ക്കുപോലും വകയില്ല. അപൂര്‍വ്വമായി കണ്ടുവരുന്ന ചിലര്‍ ഇതിനൊക്കെ അപവാദമാണെങ്കിലും.

April 27, 2011

മുടിയനായ ദൈവം വടിയായി!!!!!!!


ഹൊ!!! ഈ ദൈവവും എന്നെ തോല്‍പ്പിച്ചു. ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തന ശേഷി നശിച്ചിട്ടും ജീവന്‍ വിട്ടുകളയാതെ ജീവശ്ചവമായി കിടക്കുമ്പോഴും ഈ ഒരു ദൈവമെങ്കിലും ഒന്ന് ജയിച്ചു കാണാന്‍ ഇല്ലാത്ത ദൈവത്തോടു പ്രാര്‍ത്തിച്ചു ഈയുള്ളവന്‍. അതിനും ഭാഗ്യമില്ല എന്നെപ്പോലെയുള്ള ഈ ചെറിയ മനുഷ്യ ജന്മങ്ങള്‍ക്ക്. അങ്ങനെ ഈ ദൈവവും വടിയായി!! അതെ, ഞാന്‍ പറഞ്ഞു വരുന്നത് ഈ ബ്ലോഗായ ബ്ലോഗ്‌ മുഴുവനും  മാത്രമല്ല ലോക്കല്‍ മഞ്ഞ മുതല്‍ അങ്ങ് കേന്ദ്രത്തില്‍ ചുവപ്പും ത്രിവര്‍ണ്ണവും കാവിയും അടങ്ങിയ എല്ലാ പത്ര ചാനലന്മാരും പറഞ്ഞു തേഞ്ഞ ഈ മുടിയന്‍ ദൈവത്തെ കുറിച്ചു തന്നെയാണ്. നമ്മുടെ സ്വന്തം സത്യ സായി ബാവ എന്ന പന്ന പു(പുട്ടപര്‍ത്തി) ദൈവം.

ഈ എണ്‍പത്തി അഞ്ചാം വയസ്സില്‍ കിളവന്‍ വടിയായതിന്‍റെ സന്തോഷത്തില്‍ ഭീകര സായി ഭക്തനായ സുഹൃത്ത്‌ രാജീവന്‍റെ ഫോണില്‍ വിളിച്ചു കൂവി അലമുറയിട്ടു ചിരിച്ചു എന്നിട്ടും മതിയാവാഞ്ഞിട്ടു മനുഷ്യദൈവ വിരോധികളായ മറ്റു സുഹൃത്തുക്കളെ കൊണ്ടും കൂവിപ്പിച്ച്ചു. സഹികെട്ടു രാജീവന്‍ വളരെ ദയനീയമായി ചോദിച്ചു, ഒരാള്‍ മരിച്ചാല്‍ എങ്കിലും ഒന്ന് വെറുതെ വിട്ടുകൂടെ എന്ന്. അതിനുള്ള മറുപടിയാണ് ഈ പോസ്റ്റ്‌.

എന്‍റെ പ്രിയ സുഹൃത്ത്‌ രാജീവേ, താങ്കള്‍ പറയുന്നത് പോലെ ഞങ്ങളും ഈ ദുഖത്തില്‍ പങ്കു ചെര്‍ന്നെനെ, അയാള്‍ ഒരു മനുഷ്യനായിരുന്നെങ്കില്‍!!!! ഇവിടെ അയാള്‍ ദൈവമാണ്..... വെറും ദൈവമല്ല, സ്വന്തം മരണം വരെ മുന്‍കൂട്ടി കണ്ടു പ്രവചിച്ച മഹാ ദിവ്യന്‍..... ശൂന്യതയില്‍ നിന്ന് വിഭൂതിയും.... സ്വന്തം വായില്‍ നിന്നു ശിവലിംഗവും ഉണ്ടാക്കാന്‍ കഴിവുള്ള മഹാ മാന്ത്രികന്‍. താങ്കള്‍ കേട്ടുകാണും, രണ്ടായിരത്തില്‍ പുട്ടപര്‍ത്തിയില്‍ കൂടിയ ആയിരക്കണക്കിനു ഭക്തന്‍മാരെ സാക്ഷി നിര്‍ത്തി ഭഗവാന്‍ തുടര്‍ച്ചയായി പ്രവചിച്ചത് അയാള്‍ തൊണ്ണൂറ്റി നാലാമത്തെ വയസിലേ വടിയാകൂ എന്നാണു. അതാണ് ഞാന്‍ മുകളില്‍ പറഞ്ഞത് ഈ ദൈവവും ഞങ്ങളെ തോല്‍പ്പിച്ചു കളഞ്ഞു എന്ന്....

ഈശ്വര അവതാരമാണെന്ന് സ്വയം അവകാശപ്പെടുകയോ, മറ്റുള്ളവര്‍ ആരാധിക്കുകയോ ചെയ്യുന്ന ജീവിച്ചിരിക്കുന്ന വ്യക്തികളെയാണ് പൊതുവേ ആള്‍ ദൈവങ്ങള്‍ എന്ന് വിളിക്കാറുള്ളത്. മനുഷ്യന്‍റെ കണ്ണില്‍ പൊടിയിട്ട് നടക്കുന്ന കപട സന്യാസികള്‍ എന്ന മുന്‍‌വിധിയോടെയാണ് സമൂഹത്തിലെ നല്ലൊരു ശതമാനം ആള്‍ക്കാരും ഇത്തരം ആത്മീയ വ്യക്തിത്വങ്ങളെ നോക്കിക്കാണാറുള്ളത്. എന്നാല്‍, അറിവും വിദ്യാഭ്യാസവും വിവേകവുമുള്ളവര്‍ പോലും അവരുടെ ഭക്തന്‍‌മാരാകുന്നുവെന്നത് അത്ഭുതാവഹമായ സംഗതി തന്നെ! സങ്കീര്‍ണ്ണമായ ഈ വിഷയത്തില്‍ ലളിതമായ ഉത്തരങ്ങളില്ല. എങ്കിലും ചില യാഥാര്‍ത്ഥ്യങ്ങള്‍ വിശകലനം ചെയ്താല്‍, അനാവശ്യമായ മുന്‍‌വിധികള്‍ ഒഴിവാക്കാനാവും.

മരിച്ചവരെ വെറുതെ വിടണമെന്നും സായിബാബ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രം നോക്കുക എന്നും ഇപ്പോള്‍ കുറേപ്പേര്‍ ബ്ലോഗുകളായും കമന്റുകളായും എഴുതി വിടുന്നുണ്ട്. ഈ പറയുന്ന ആരെങ്കിലും ഒരു സുപ്രഭാതത്തില്‍ കുറേപ്പേരെ സഹായിക്കാന്‍ പോകുകയാണെന്നും പാവങ്ങളെ ചികിത്സിക്കാന്‍ ആശുപത്രി തുടങ്ങാന്‍ പോകുകയാണെന്നും പ്രഖ്യാപിച്ചാല്‍ ആരെങ്കിലും കൊണ്ട് വന്നു തരുമോ ഒറ്റ ചില്ലിക്കാശ് ? കള്ളന്മാരെന്ന് എല്ലാവരും മുദ്ര കുത്തിയിട്ടുള്ള രാഷ്ട്രീയക്കാര്‍ പോലും അങ്ങനെ പറയാറില്ല. കാരണം അവര്‍ക്കറിയാം തങ്ങളുടെ സഹജീവികളെനൂറില്‍ ഒരാള്‍ പോലും ഉണ്ടാകില്ല യാതൊരു സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളും ഇല്ലാതെ, കഷ്ടപ്പെടുന്നവനെ സഹായിക്കാന്‍ നല്ല മനസ്സ് കാണിക്കുന്നവര്‍. അപ്പോള്‍ അതിനൊരു മറ വേണം. ഏറ്റവും നല്ല മറ ഭക്തിയുടേത് തന്നെയാണെന്ന് അറിയാത്തവര്‍ ഇന്ന് ഇന്ത്യയില്‍ ആരും തന്നെ ഉണ്ടാവില്ല. അത് കൊണ്ട് തന്നെ ഇന്ന് ഇന്ത്യയുടെ നമ്പര്‍ 1 വ്യവസായമായി ഭക്തി മാറിയിരിക്കുന്നു

ആള്‍ദൈവങ്ങളുടെ ആശ്രമങ്ങളായാലും ഒറിജിനല്‍ ദൈവങ്ങളുടെ അമ്പലങ്ങളായാലും സ്വര്‍ണക്കുരിശു മുതല്‍ മുടി വരെ സൂക്ഷിച്ച പള്ളികളായാലും.
ആള്‍ദൈവങ്ങള്‍ എവിടെയും ഒരിക്കലും ഉണ്ടാകുന്നതല്ല, ഉണ്ടാക്കപ്പെടുന്നതാണ്. എവിടെ ആള്‍ദൈവങ്ങള്‍ പ്രത്യക്ഷപ്പെട്ടാലും പരികര്‍മ്മികളും സില്ബന്ദികളുമായി കുറേപ്പേര്‍ ഉടന്‍ തന്നെ കൂട്ടിനെത്തും. ദൈവംവേഷം കെട്ടി ഇരുന്നു കൊടുത്താല്‍ മാത്രം മതി, ബാക്കി കാര്യങ്ങളൊക്കെ ഈ അനുചരവൃന്ദം നോക്കിക്കൊള്ളും. പണപ്പിരിവ് മുതല്‍ അത് വേണ്ട മാതിരി നടക്കാഞ്ഞാലും വരുന്ന പണം സൂക്ഷിക്കാന്‍ സ്ഥലമില്ലാഞ്ഞാലും ഒരുപോലെ നടത്താവുന്ന പരിപാടിയായ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളായാലും. പലപ്പോഴും ഇവര്‍ വലിക്കുന്ന ചരടിലെ ചലനങ്ങള്‍ക്കനുസരിച്ച് ആടാന്‍ വിധിക്കപ്പെടുന്ന പാവകള്‍ മാത്രമായി തീരുന്നു പല ആള്‍ ദൈവങ്ങളും. അതിന്റെ ഇരയായി ജീവന്‍ നല്‍കേണ്ടി വന്ന ദിവ്യാജോഷിയെ പോലുള്ളവരും നിരവധി. ഇന്നലെ വരെ തെരുവ് ഗുണ്ട ആയവനും മയക്കുമരുന്നിനടിമയായവനും വഴിയിലൂടെ തെണ്ടി നടന്നവനും ബോധോദയംവന്നാല്‍ അല്ലെങ്കില്‍ വരുത്തിയാല്‍ പിന്നെ ഈ ചരടുവലിക്കാരുടെ കയ്യില്‍ കിടന്നു ദൈവം കളിക്കാംആരും ചോദിക്കില്ല, എന്ത് പെണ്‍വാണിഭം നടത്തിയാലും ബ്ലു ഫിലിം ഉണ്ടാക്കിയാലും ഭക്തനടിമാരുമായി കാമകേളി നടത്തിയാലും തോക്ക് ചൂണ്ടിയാലും കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയാലും ആരും ചോതിക്കില്ല...

ആള്‍ദൈവങ്ങള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സേവനത്തിന്റെയും നിറ-മത-രാഷ്ട്രീയ ഭേദമില്ലായ്മയുടെയും പാരമ്യം കാണുന്നവരോട് ഒരു വാക്ക്. ഭക്തിയുടെയും മന്ത്രത്തിന്റെയും അത്ഭുതങ്ങളുടെയും ചട്ടക്കൂടുകളില്‍ നില്ക്കുന്നതുകൊണ്ട് മാത്രമാണ് അവര്‍ക്ക് സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനും അതുവഴി വന്‍ സാമ്പത്തിക സ്രോതസ്സായി മാറി വളരെയധികം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുന്നത്. വിഭൂതി എടുക്കുന്നതുള്‍പ്പെടെയുള്ള മാജിക്കുകള്‍ കയ്യിലുള്ളത് കൊണ്ടുതന്നെയാണ് സായിബാബക്ക് ഇത്ര വലിയ ആരാധക (ഭക്ത?) സഞ്ചയത്തെ സൃഷ്ടിക്കാനും അവരിലൂടെ കോടികളുടെ ആസ്തി തന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിനു ഉണ്ടാക്കാനും അത് വഴി ആശുപത്രികളും മറ്റും സ്ഥാപിക്കാനും കഴിഞ്ഞത്. കാവിയും മുടിയും വിഭൂതിയും ഇല്ലാത്ത ഒരു സാധാരണക്കാരനായിരുന്നു ബാബ എങ്കില്‍ ഇത് വല്ലതും നടക്കുമായിരുന്നോ? പാവങ്ങളെ സഹായിക്കുന്നത് ആ സഹായത്തിന് ഉതകുന്ന പണം വന്ന വഴികളെ ന്യായീകരിക്കുമെങ്കില്‍ വീരപ്പന്‍ മുതല്‍ മുംബൈയിലെ അധോലോക നായകന്മാര്‍ വരെ ന്യായീകരിക്കപ്പെടേണ്ടവര്‍ തന്നെയല്ലേ?

ചെറിയൊരു തീപ്പൊരി വീണാല്‍ പൊട്ടിത്തെറിക്കുന്ന ഭക്തിഎന്ന വെടിമരുന്നിന്റെ പിന്‍ബലമുള്ളത് കൊണ്ട് തന്നെ അത്യന്തം നിഗൂഡത പുലര്‍ത്തുന്നതായിരിക്കും ഇവരുടെ ആശ്രമങ്ങളെല്ലാം തന്നെ. സമൂഹത്തിലെ ഉന്നതന്മാരെല്ലാം ഭക്തരായി മാറിയാല്‍ മന്ത്രിമാരും പോലീസുകാരും ജഡ്ജിമാരും സിനിമാക്കാരും കളിക്കാരും എല്ലാം കാലില്‍ വീഴുകയും മാറില്‍ കിടക്കുകയും കൂടെ ആടിപ്പാടുകയും ചെയ്യുമ്പോള്‍ ആരെ പേടിക്കാന്‍? യാതൊരു കാര്യങ്ങളിലും സുതാര്യതയുടെ അംശം പിന്നെ പ്രതീക്ഷിക്കാന്‍ വയ്യല്ലോ. ആള്‍ ദൈവങ്ങളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ ഭ്രാന്തന്മാരായി ചിത്രീകരിക്കാനോ കൊന്നുകളയാന്‍ തന്നെയോ പിന്നെ എന്തിനു മടിക്കണം? ആ കൊട്ടാരതുല്യമായ ആശ്രമങ്ങളിലെ അത്യന്തം നിഗൂഡതയുടെ ഇരുട്ട് നിറഞ്ഞ അകത്തളങ്ങളില്‍ അധിവസിക്കുന്ന ആത്മീയതയുടെ ഈ പുത്തന്‍ കാവല്‍ മാലാഖമാര്‍ക്ക് ഭക്തജനങ്ങള്‍ക്ക് എന്ത് ആശ്വാസമാണാവോ നല്‍കാന്‍ കഴിയുകമാജിക്കുകളും സംഗീതത്തിന്റെ അകമ്പടിയോടെയുള്ള മാസ് ഹിപ്നോട്ടിസത്തിനു തുല്യമായ മയക്കലുകളുമല്ലാതെ.

ആള്‍ദൈവങ്ങളുടെ കാലശേഷം എന്ത്?’ എന്നത് നാം ചോദിക്കേണ്ട സാഹചര്യം ഇന്ന് ഉണ്ടായിരിക്കുന്നുഇന്ന് ചാനലുകളില്‍ കണ്ടത് വെച്ച് നോക്കിയാല്‍ നാല്‍പ്പതിനായിരം കോടിയോളം ആസ്തി വരുന്ന ട്രസ്റ്റിന്റെ നായകത്വം ആര് വഹിക്കും എന്നത് തന്നെ തര്‍ക്ക വിഷയമായേക്കാം എന്നാണു മനസ്സിലാവുന്നത്. ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ ബാബ ഭക്തനായാലും നക്കാതെ വിടുമോ? ഇത് തന്നെയാണ് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പല ആള്‍ദൈവങ്ങളുടെയും കാര്യത്തില്‍ നാളെ സംഭവിക്കാന്‍ പോകുന്നത്. അവരുടെ പേരില്‍ ഉണ്ടാക്കപ്പെട്ട അല്ലെങ്കില്‍ അവരെ വെച്ച് ചിലര്‍ ഉണ്ടാക്കിയ കോടികളുടെ ആസ്തികള്‍ക്ക് ആ ചിലരും മറ്റു ചിലരും ചേര്‍ന്ന് കടിപിടി കൂടുന്നത് ഇല്ലാതാക്കാന്‍ ഇപ്പോഴേ ഒരു വില്‍പ്പത്രമോ ട്രസ്റ്റിന്റെ വ്യക്തമായ പിന്തുടര്‍ച്ചാവകാശമോ ഒക്കെ ഉണ്ടാക്കിയാല്‍ നല്ലത്. ആര്‍ക്ക് എന്ന് ചോദിച്ചാല്‍ ആര്‍ക്കൊക്കെയോ എന്നുത്തരം. എന്തായാലും മരണമില്ലാത്തവരല്ല ആള്‍ദൈവങ്ങള്‍ എന്ന് മനസ്സിലാക്കാനെങ്കിലും സായിബാബയുടെ മരണം ജനങ്ങളെ സഹായിച്ചെങ്കില്‍ അതുകൊണ്ട് രണ്ടു സാധ്യതകളുണ്ട്
1.
ഇത്രയൊക്കെയേ ഉള്ളോ ഈ സംഭവം എന്ന് കരുതി കുറേപ്പേരൊക്കെ ഈ തട്ടിപ്പുകാരുടെ കാല്‍ക്കീഴില്‍ വീണ്‌ അലമുറയിടുന്നതും തലകുത്തിമറിയുന്നതും ഒഴിവായിക്കിട്ടിയേക്കാം.
2.
സായിബാബയുടെ പിന്‍ഗാമിയെന്നു പറഞ്ഞു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലതരം മുടിയന്മാരായ മാജിക്കുകാര്‍ മുളച്ചു പൊന്താനും നാല്‍പ്പതിനായിരം കോടിക്ക് വേണ്ടിയുള്ള അടി ക്രമസമാധാന പ്രശ്നവും നിയമപ്രശ്നവുമായി പരിണമിക്കാനും അത് കണ്ട് യുക്തിവാദികളായ ദുഷ്ടമനസ്സുകള്‍ക്കു കൈകൊട്ടി ചിരിക്കാനും വകയുണ്ടായേക്കാം. ബാബ പ്രവചിച്ചത് 2030-ല്‍ പിന്ഗാമി വരുമെന്നാണെങ്കിലും മരണം പ്രവചിച്ചത് തെറ്റിയത് അവര്‍ക്കൊരു പിടിവള്ളി ആകാന്‍ സാധ്യതയുണ്ട്.

March 21, 2011

ഒഴിവു സമയത്തെ ചില സ്വാതന്ത്ര്യ ചിന്തകള്‍....


എന്താണ് സ്വാതന്ത്ര്യം? നമ്മുടെ വിശ്വമാനവികന്‍റെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചിന്തകള്‍ വളരെ വിശാലമാണ്. കുറെയേറെ പണിപ്പെട്ടു എഴുതിയതാണെന്ന് തോന്നുന്നു, വളരെ വിശദമായിത്തന്നെ വച്ച് കാച്ചിയിട്ടുണ്ട്....

ലിബിയയിലെ ബെങ്ങാസിയിലെ തെരുവുകള്‍ മനുഷ്യരക്തം കൊണ്ട് ചുവന്നിരിക്കുന്നു. പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് വളരെ രക്തരൂക്ഷിതമായി കൊണ്ടിരിക്കുന്ന ലിബിയയുടെ വ്യക്തമായ ഒരു ചിത്രം നമുക്ക് കാണാന്‍ കഴിയാത്തത്. വളരെ വൈകിയാണെങ്കിലും മിഡില്‍ ഈസ്റ്റിലും നോര്‍ത്തേന്‍ ആഫ്രിക്കയിലുമുള്ള ജനങ്ങള്‍ക്കിടയില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വികാരം അണപൊട്ടി ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു. മറുവശത്തു അമേരിക്ക അടക്കമുള്ള സഘ്യകക്ഷികള്‍ എണ്ണ ദാഹത്തിന്റെ കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്നു എന്നത് ഒരു നഗ്നമായ സത്യമാണ്.

പ്രപഞ്ചത്തിന്റെ ഉല്പത്തിമുതല്‍ ഉണ്ടായതാണ്‌ സ്വാതന്ത്ര്യ സമരങ്ങള്‍.അടിച്ചമര്‍ത്തിയവനെതിരെ മര്‍ദ്ദിതന്റേയും,പീഡിതന്റേയും രക്തം ചൊരിഞ്ഞുകൊണ്ടുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം.അരാജക ഭരണത്തിനെതിരെയുള്ള സാധാരണക്കാരന്റെ ആയുധം ഇന്നും വാക്കുകള്‍ തന്നെയാണ്.ജനശക്തിക്കെതിരെ പിടിച്ചു നില്‍ക്കാന്‍ ഒരു സ്വേച്ഛധിപതികള്‍ക്കും കഴിയില്ല എന്നതിന്റെ തെളിവാണ്‌ നമ്മള്‍ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ കണ്ടുകൊണ്ടിരിക്കുന്ന ജനരോക്ഷം.അങ്ങ് കിഴക്കന്‍ ഏഷ്യയില്‍ നീറിപ്പുകയുന്ന ജനരോക്ഷത്തിനും മുമ്പേ 64 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്‍ഡ്യ ലോകത്തിനു കാണിച്ചുകൊടുത്തതാണ്.അതുപിന്നെ ആഫ്രിക്കന്‍ വനാന്തരങ്ങളിലൂടെ നെല്‍സണ്‍ മണ്ഡേലയുടേയും,അമേരിക്കന്‍ കാടത്തത്തിനെതിരെ പട നയിച്ചു വിജയിച്ച മാര്‍ട്ടിന്‍ ലൂതര്‍ കിംഗിലൂടേയും പരിചയിച്ചു തലമുറകളിലൂടെ പകര്‍ന്നുകൊടുത്ത വീരോജ്ജ്വലമായ കഥകള്‍ പോലെ കേട്ടു വളര്‍ന്ന തലമുറയാണ്‌ ഇന്ന് അവകാശത്തിനും,മറ്റൊരു നല്ല നാളേക്കും വേണ്ടി ഉയര്‍ത്തെഴുന്നേല്പ് നടത്തിയിരിക്കുന്നത്.


ഗാന്ധിജി ലോകത്തിനുകാണിച്ചുകൊടുത്ത മാതൃക ആയിരുന്നു അഹിംസയിലൂടെ ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ കഴിയുമെന്നത്.എന്നിരുന്നാലും,ഭഗത്സിംഗും,സുഭാഷ്ചന്ദ്രബോസ്സും,പഴശ്ശിരാജയും,വേലുത്തമ്പിദളവയും സ്വന്തം ജീവനെക്കാളും രാജ്യത്തിന്റെ രക്ഷക്ക് വേണ്ടി പൊരുതിയപ്പോള്‍ രക്തം ചിന്തേണ്ടി വന്നിട്ടുണ്ട്.അതുപോലെ ഇടയ്ക്ക് അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അഹിംസയുടെ വിജയം തന്നെയായിരുന്നു ടുണീഷ്യയിലും,ഈജിപ്തിലേയും ജനങ്ങള്‍ നേടിയത്.


ഈ മാറ്റൊലികള്‍ പടര്‍ന്നു പന്തലിക്കുകയാണ്‌.അതിപ്പോള്‍ താഹിര്‍ സ്ക്വയറില്‍ നടന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹൊസ്നിമുബാരക്കിന്റെ 30 വര്‍ഷത്തെ ഭരണം മടുത്ത ഈജിപ്ഷ്യന്‍ ജനവികാരവും മുപ്പതില്‍പ്പരം വര്‍ഷമായി ഭരിക്കുന്ന ലിബിയിലെ ഗദ്ദാഫിക്കെതിരേയും, ബഹറിനിലെ രാജ കുടുംബത്തിനെതിരേയും ആഞ്ഞടിക്കുകയാണ്.ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റാണ്‌ അവരുടെ ആവശ്യം.ഈ വാഗ്ദാനം 2001-ല്‍ ജനങ്ങള്‍ക്ക് നല്‍കിയതാണേന്നാണ്‌ അവരുടെ വാദം.ബഹറിനില്‍ അനുരഞ്ജന നയത്തിലൂടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കില്‍ ലിബിയയില്‍ കാടത്ത പരമായ അടിച്ചമര്‍ത്തല്‍ നടക്കുന്നു.അടിച്ചമര്‍ത്തല്‍ ജനരോക്ഷം ആളിക്കത്തിക്കും.അതു ചിലപ്പോള്‍ ഗദ്ദാഫിയുടെ പുറത്താകലിനു വഴിവെച്ചേക്കും.ഈയിടെ ചൈനയിലും ജനരോക്ഷത്തിന്റെ പൂമ്പൊടികള്‍ കണ്ടിരിന്നു.പക്ഷെ അവര്‍ രഹസ്യമായി അമര്‍ച്ച ചെയ്തു. ഇതേ അവസ്ഥായിരുന്നു മ്യാന്‍മാറിലും.സ്യൂക്കി എന്ന വീരവനിതക്കു മുമ്പില്‍ 25-ല്‍പരം വര്‍ഷങ്ങള്‍ക്കു ശേഷം മുട്ടുമടക്കേണ്ടി വന്നു. ജനങ്ങള്‍ക്കുവേണ്ടി ഭരിക്കാത്ത സര്‍ക്കാരെ ഇല്ലാതാക്കുക തന്നെ വേണം.

ഈ വിപ്ലവത്തിന്റെയെല്ലാം അടിസ്ഥാനപരമായ ഒരു കാരണമുണ്ടായിരുന്നു. ജോലിയില്ലായ്മ, അരാജകത്വം, അഴിമതി പണം ഉള്ളവനും, ഇല്ലാത്തവനും എന്നുള്ള വേര്‍തിരിവ്. ഇത് കണ്ട് സഹികെട്ട സാധാരണജനങ്ങളാണ്‌ തെരുവിലേക്ക് ഇറങ്ങിയത്. ഈജിപ്തിലെ സമരത്തില്‍ ഒരു അമ്മ തന്റെ മകനെ സമരത്തിനുവേണ്ടി പറഞ്ഞയിക്കുന്ന ഒരു ചിത്രം ഞാന്‍ കണ്ടിരുന്നു. അവര്‍ പറഞ്ഞത് "മകനെ നിന്നെ രാജ്യം വിളിക്കുന്നു, ജനത്തിന്റെ നന്മക്കായി പോകുക". പെറ്റമ്മയെപ്പോലെ കരുതണം സ്വന്തം രാജ്യത്തെ എന്നതിന്റെ തീര്‍ത്താല്‍ തീരാത്ത തെളിവാണ്‌ ഈ സംഭവം. അതുപോലെ ഗര്‍ഭാവസ്ഥയിലുള്ള ഒരു ഈജിപ്ഷ്യന്‍ സ്ത്രീ സ്വന്തം രാജ്യത്തിന്റെ മാറ്റത്തിനു വേണ്ടിതന്റെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനേപ്പോലും നഷ്ടപ്പെടുത്താന്‍ തയ്യാറായി തെരുവിലേക്കിറങ്ങുന്ന കാഴ്ച തന്നെ ഈ മാറ്റത്തിനുള്ള ആഴം വെളിപ്പെടുത്തുന്നതാണ്. പക്ഷെ ഇവിടെയെല്ലാം എന്നെ ആശയക്കുഴപ്പത്തിലാക്കുന്നത് വിപ്ലവങ്ങള്‍ക്കു ശേഷമുള്ള ഈ രാജ്യങ്ങളുടെ അവസ്ഥകളാണ്.സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരുടെ കാഴ്ച്ചക്കൊത്ത് വളരുവാന്‍ ഇന്നും കഴിഞ്ഞിട്ടുണ്ടോ എന്നു സംശയം തന്നെയാണ്‌. ഇന്നും അഴിമതിയിലും കയ്യൂക്കിലും, പണം ഉള്ളവനെന്നും ഇല്ലാത്തവനെന്നും ഉള്ള തരം തിരിവിലും രാജ്യം എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.എന്നിരുന്നാലും നമ്മള്‍ക്ക് സുസ്ഥിരമായ ഒരു ഭരണ സംവിധാനമുണ്ട്, പുരോഗതിയിലേക്കു കുതിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയുണ്ട്. പക്ഷെ ഇന്നും 20 രൂപയില്‍ താഴെ വരുമാനമുള്ള ഭൂരിഭാഗവും ഇന്‍ഡ്യയില്‍ ജീവിക്കുന്നു. നിരക്ഷരത പുറം ലോകത്തെക്കുറിച്ചുള്ള അറിവിനെ ഇല്ലാതാക്കുന്നു. ഇന്നും നമ്മുടെ ഭരണസംവിധാനങ്ങള്‍ കടന്നു ചെല്ലാത്ത ഗ്രാമങ്ങള്‍ ഉണ്ട്. സെന്‍സെസില്‍ ഉള്‍പ്പെടാത്ത ആളുകള്‍ ലക്ഷക്കണക്കിനു വസിക്കുന്ന ഗ്രാമങ്ങള്‍, ഇവിടെയാണ്‌ മാറ്റത്തിന്റെ വിപ്ലവങ്ങള്‍ ഉണ്ടാകേണ്ടത്. ഇതിനു ആദ്യം സാക്ഷരത് ഉണ്ടാകണം. യുവ തലമുറ ഇതിനു മുന്നിട്ടിറങ്ങണം.

ഈയിടെ "ദി വീക്ക്" എന്ന വാരികയില്‍ വന്ന ഒരു ലേഖനത്തില്‍ ഇന്‍ഡ്യയിലെ യുവ തലമുറ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനെപ്പറ്റി ഉണ്ടായിരുന്നു. എം.ബി.ഏ ഗ്രാജുവേറ്റ് മുതല്‍ ഗാന്ധിയന്‍ സംസകാരം ഉള്‍കൊണ്ട ഒരു തലമുറ. പാവപ്പെട്ടവന്റെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിച്ചു തുടങ്ങിയിരിക്കുന്നു. ഉണരട്ടെ ഒരു യുവതലമുറയുടെ ആവശ്യം ഇന്‍ഡ്യയില്‍ അനിവാര്യമാണ്.ഇനി ഇന്‍ഡ്യയില്‍ 60% യുവജനങ്ങളായിരിക്കുമെന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഈജിപ്തിന്റേയും,ടുണീഷ്യയിലേയും ഇനിയുള്ള നാള്‍  വഴികളിലേക്കു നോക്കുകയാണെങ്കില്‍ ഒരു സുസ്ഥിരമായ ഭരണ സംവിധാനമാണ്‌ വേണ്ടത്.ജനങ്ങളെ വിശ്വാസ്യതയില്‍ കൊണ്ടു വരാന്‍ അവര്‍ക്ക് കഴിയണം.രാജ്യത്തിന്റെ സമ്പദ് വ്യവസ്തയില്‍ ഊന്നല്‍കൊടുക്കുവാന്‍ കഴിയണം. എന്നിരുന്നാല്‍ മാത്രമേ അടിസ്ഥാനസൌകര്യങ്ങള്‍ വികസിപ്പിക്കുവാന്‍ കഴിയൂ അതുവഴി ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യമാണ്‌ മുന്നില്‍ കാണേണ്ടത്. ഇതിനുവേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന ഒരു ഉദ്യോഗസ്ഥ വൃന്ദം പടുത്തുയര്‍ത്താന്‍ ഗവണ്‍മെന്റിനു കഴിയണം. തെറ്റുചെയ്യുന്നവനെ കഠിനമായി ശിക്ഷിക്കാനുള്ള നിയമ സംവിധാനങ്ങള്‍ നിലവില്‍ വരണം. നിര്‍ബ്ബന്ധിത വിദ്യാഭ്യാസം കൊണ്ടു വരണം. പ്രകൃതിദത്താല്‍ നിര്‍മ്മിതമായ ഉറവിടങ്ങള്‍ കണ്ടെത്തണം. വിവരസാങ്കേതിക വിദ്യകള്‍ ഗവണ്‍മെന്റു തലങ്ങളില്‍ നടപ്പാക്കണം. ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന ഭരണാധിപന്‍മാര്‍ ഉണ്ടാകണം. ഭരണത്തെ ഡീ സെന്‍ട്രലൈസ് ചെയ്യുവാന്‍ കഴിയണം.

ഇതൊന്നും ഇല്ലാത്ത പക്ഷം രാജ്യത്തിന്റെ ഖജനാവ്‌ ഈജിപ്ഷ്യന്‍ പ്രസിഡന്റും, ടുണീഷ്യന്‍ ഭരണാധികാരികളും വാരിക്കൂട്ടിയതു പോലെ ഭരണാധികാരികളില്‍ മാത്രം ഒതുങ്ങിക്കൂടും .ഒരു രാജ്യം തന്നെ നശിക്കും. ഇതിനെയൊക്കെ മുതലെടുക്കുന്ന രാജ്യങ്ങള്‍ പലതുമുണ്ട്. അവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു വേണ്ടി കച്ചവടം നടത്തുന്നവര്‍. ഈ കച്ചവടം മൂലം തകര്‍ന്നടിഞ്ഞ ഒരു രാജ്യമാണ്‌ ഇറാക്ക്. ചരിത്രത്തില്‍പ്പോലും ഒരു ഇരുണ്ട രാജ്യമായിട്ടേ ഇറാക്ക് നിലനില്‍ക്കുകയുള്ളൂ. അവിടെ ച്ഛിന്നിചിതറുന്ന ബോംബുകള്‍ക്കും, കലാനിഷക്കൊവു തോക്കുകളും അവിടെ എങ്ങനെ എത്തി എന്നു ആരും അന്വേഷിക്കാറില്ല. ഇവിടെയാണ്‌ കച്ചവട കണ്ണുകള്‍ തിളങ്ങുന്നത്. ഇതൊക്കെ ഇല്ലാതാകണമെങ്കില്‍ സ്വന്തം രാജ്യത്ത് അരക്ഷിരതാവസ്ഥ പാടില്ല. സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ ജനങ്ങള്‍ക്കു മാത്രമേ കഴിയൂ. ഒരു നല്ല നാളേക്കു വേണ്ടി, സ്വന്തം രാജ്യത്തിന്റെ ഉയര്‍ച്ചക്കുവേണ്ടി നമ്മള്‍ക്കു പ്രയത്‌നിക്കാം.