തലേദിവസം ഏറെ വൈകിയാണ് ഉറങ്ങിയതെങ്കിലും 2020 ഫെബ്രുവരി 26 ബുധനാഴ്ച്ച അതിരാവിലെ സുഹൃത്ത് ഹസ്സന്റെ ഫോൺ വിളി എന്നെ ഉണർത്തിയത് സൗദിയിലുള്ള സുഹൃത്ത് ഷാജിന്റെ മരണവാർത്തയുടെ അറിയിപ്പുമായിട്ടായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയം കേരളത്തിലെ സ്‌കൂളുകളിൽ നിരോധിച്ചിട്ടില്ലാത്ത കാലത്ത് വിദ്യാർത്ഥി സമരത്തിന്റെ ചൂടും ആവേശവും ഒട്ടും കുറയാതെ ഒരുമിച്ച് പ്രവർത്തിച്ച സുഹൃത്തുക്കളായിരുന്നു ഷാജിനും ഞാനും, ഞങ്ങൾക്കിടയിൽ ഏതാണ്ട് 35 വർഷത്തിലേറെയുള്ള സൗഹൃദമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് കുറച്ച് കാലം അജ്മാനിൽ ഉണ്ടായിരുന്ന കാലത്തു സ്ഥിരം കാണുമായിരുന്നു. പിന്നീട് ഷാജിൻ സൗദിയിൽ പോകുന്നതിനു മുൻപ് കുറച്ച് കാലം അവന്റെ വിശേഷങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല എങ്കിലും അതിനുശേഷം ആ ബന്ധം പുനഃസ്ഥാപിച്ചത് തട്ടത്തുമല സ്‌കൂളിന്റെ പൂർവ്വവിദ്ധ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രുപ്പിലൂടെയായിരുന്നു.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ദമാമിൽ നിന്നും ഏതാണ്ട് 180 കിലോമീറ്റർ അകലെയുള്ള അബ്‌ഖൈഖ് എന്ന സ്ഥലത്ത് വെച്ചായിരുന്നു ഷാജിന്റെ മരണം സംഭവിച്ചത്. രാവിലെ കേട്ട സുഹൃത്തിന്റെ മരണവാർത്തയുടെ ഞെട്ടലിൽ നിന്നും മോചിതനായപ്പോൾ അവന്റെ മൃതശരീരം സൗദിയിൽ നിന്നും എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാൻ എനിക്ക് ദുബായിലിരുന്ന് എന്ത് ചെയ്യാൻ കഴിയും എന്നതായിരുന്നു ചിന്ത. അതിനായി ആദ്യം വിളിച്ചത് സൗദിയിൽ നവോദയ എന്ന സംസ്കാരിക സംഘടനയുടെ അമരക്കാരിൽ ഒരളും NORKA പ്രവാസി വെൽഫയർ ബോർഡ് അംഗവുമായ ജോർജ്ജ് വർഗ്ഗീസിനെയായിരുന്നു. ജോർജ്ജ് ഈ വിഷയം നേരത്തേതന്നെ അറിഞ്ഞു എന്നും നവോദയ എന്ന സംഘടന മുഖാന്തരം നാസ് വക്കം ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും എന്ന് അറിയിച്ചു. നാസ് വക്കം ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു എന്നറിഞ്ഞപ്പോൾ തന്നെ ഒരാശ്വാസമായിരുന്നു.
നാസിനെ ഫോൺ വിളിക്കുമ്പോൾ അദ്ദേഹം ദമാമിൽ നിന്നും അബ്ഖൈഖിലേക്കുള്ള യാത്രയിലായിരുന്നു. വിളിച്ചതിന്റെ കാര്യം പറഞ്ഞപ്പോൾ ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഷാജിന്റെ ബോഡി സൂക്ഷിച്ചിരിക്കുന്ന അബ്ഖൈഖ് സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്കാണു പോകുന്നത് എന്ന് പറഞ്ഞു. സൗദിയിലെ സാഹചര്യങ്ങൾ വലിയ വശമില്ലാതിരുന്നതിനാൽ "കഴിയുമെങ്കിൽ ഇന്ന് തന്നെ ബോഡി നാട്ടിലെത്തിക്കാൻ ശ്രമിക്കണം" എന്ന് ഞാൻ നാസ് വക്കത്തിനോട് പറഞ്ഞപ്പോൾ കിട്ടിയ പെട്ടെന്നുള്ള മറുപടി തമാശ നിറഞ്ഞതായിരുന്നു. നടൻ സലീം കുമാർ ഗദ്ദാമ എന്ന സിനിമയിൽ പറഞ്ഞ ഒരു ഡയലോഗായിരുന്നു മറുപടി (അത് ഇവിടെ എഴുതുന്നില്ല).
കഴിഞ്ഞ വർഷം (2019) ദുബായിൽ വെച്ച് കൂടിയ ലോക കേരള സഭയുടെ പശ്ചിമേഷ്യൻ മേഘല സമ്മേളനത്തിലാണു ആദ്യമായി നാസ് വക്കം എന്ന ഈ മനുഷ്യസ്നേഹിയെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് രണ്ടാം ലോക കേരള സഭ ഇക്കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിൽ വെച്ച് നടന്നപ്പോൾ ഞങ്ങൾ വീണ്ടും കണ്ടിരുന്നു.
പരേതർക്ക് വേണ്ടി ഉഴിഞ്ഞു വെച്ചജീവിതം എന്ന് പലരും വിളിക്കുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ, മുഖത്തൊരു ചെറുചിരിയുമായി സൗദിയിൽ തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കർമനിരത്താനാണ് പ്രിയസുഹൃത്ത് നാസ് വക്കം. കഴിഞ്ഞ മുപ്പത്തഞ്ച് വർഷത്തിലേറെയായി സൗദിയിലെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ നവോദയയുടെ പ്രവർത്തകനായ നാസ് വക്കത്തിന്റെ ജീവകാരുണ്യ മേഖല വെറും മൃതശരീരം നാട്ടിലേക്ക് അയക്കാൻ സഹായിക്കുക എന്നതിലുപരി രോഗികളുടെ സഹായത്തിനായുള്ള ആശുപത്രി സന്ദർശ്ശനം,
നിയമക്കുരുക്കിലകപ്പെട്ട പ്രവാസികൾക്ക് നിയമസഹായം നൽകുക, ജയിൽ സന്ദർശ്ശനം,
പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കുക തുടങ്ങി പല മേഘലകളിലായി അതിവിപുലമാണ്.
സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് (ഇന്ത്യക്കാർക്ക് മാത്രമല്ല, ഇതര രാജ്യക്കാർക്കും) ഇദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട കാര്യമില്ല എന്നറിയാം. തന്റെ പതിനേഴാം വയസ്സിൽ തുടങ്ങിയ പ്രവാസജീവിതത്തിൽ ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണു നാസ് വക്കം സൗദിയിലെ അശരണരായ പ്രവാസികൾക്കൊരു കൈതാങ്ങായി ഇപ്പോൾ നിലകൊള്ളുന്നത്.
ആദ്യമായി സംസാരിക്കുന്നവർക്ക് വളരെ ഗൗരവക്കാരനായി തോന്നുമെങ്കിലും തന്റെ ആകർഷകമായ പെരുമാറ്റവും സത്യസന്ധതയും കൊണ്ട് തന്നെയാണു നാസിനെ പോലെയുള്ള ഒരു മലയാളിക്ക് സൗദി അറേബ്യ പോലുള്ള ഒരു രാജ്യത്ത് ഇത്രയും സ്വാധീനവും പല സർക്കാർ ഡിപ്പാർട്ട്മെന്റുകളിലെ അധികൃതരുമായി ഉള്ള വളരെ അടുത്ത ബന്ധവും ഉണ്ടായത് എന്നതിൽ സംശയമില്ല. സമൂഹത്തിൽ ഏറെ വ്യത്യസ്തനായ ഇദ്ദേഹം തന്റെ മുന്നിലെത്തുന്ന ഓരോ വ്യക്തിയുടേയും ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുന്നു, അവിടെ തന്റെ സഹായത്തിനായെത്തുന്ന മതമോ ജാതിയോ ഭാഷയോ ഒന്നും പരിഗണിക്കാതെ സഹായഹസ്തം നീട്ടാൻ സദാ സന്നദ്ധനാണു നാസ് വക്കം.
ഇന്ത്യക്കാർക്ക് മാത്രമല്ല ലോകത്തെ വിവിധ രാജ്യങ്ങളിൽ ഇദ്ദേഹത്തിന്റെ സേവനം ലഭിച്ചിട്ടുണ്ട്. ഈ കാലയളവിനകത്ത് ആയിരക്കണക്കിന് പ്രവാസികളുടെ മൃതദേഹങ്ങളാണ് നാസ് വക്കം എന്ന മനുഷ്യസ്‌നേഹിയുടെ കൈകളിലൂടെ മറവു ചെയ്യപ്പെട്ടിട്ടുള്ളത്. മതിയായ രേഖകളില്ലാത്ത നിരവധി പേർ ഇദ്ദേഹത്തിന്റെ കാരുണ്യത്താൽ എക്‌സിറ്റ് അടിച്ചു നാടണഞ്ഞു. കഴിഞ്ഞ നിതാഖാത്ത് കാലത്ത് പഴയ തർഹീലിൽ ഓരോ സെല്ലിലും നൂറു കണക്കിനാളുകൾ കിടന്നിരുന്നെങ്കിലും കടുത്ത രോഗികളെയും വാർധക്യം പിടികൂടിയവരെയും തന്റെ കൈകൾ കൊണ്ട് വാരിയെടുത്ത് വിദഗ്ധ ചികിത്സകൾക്കായി ആശുപത്രികൾ കേറിയിറങ്ങിയിരുന്നു ഇദ്ദേഹം. ഈ നല്ല പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ ഈ രാജ്യത്തെ അധികാരികൾ പൂർണ പിന്തുണ നൽകി നാസിന്റെ ആവശ്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടേയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് ഒരു വടവൃക്ഷമായി പന്തലിച്ച നാസിന്റെ മുമ്പിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ ഓഫീസുകളുടെ വാതായനങ്ങൾ എല്ലായ്‌പ്പോഴും തുറന്നിട്ടിരിക്കയാണ്. ഒരാളുടെയും ശുപാർശ കൂടാതെ എവിടെയും കേറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം അധികൃതർ തന്നെ നാസിന് നൽകുകയായിരുന്നു.
സമൂഹത്തിലെ പല ഉന്നതരും ഇദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇരയായിട്ടുണ്ട്. വിവിധ ആശുപത്രികളിൽ അവശ നിലയിൽ കിടക്കുന്ന രോഗികളെ നാസ് തന്റെ കൈക്കുള്ളിൽ ഒതുക്കി ശുശ്രൂഷിക്കുന്നത് കണ്ടു നിൽക്കുന്ന ഓരോ മനുഷ്യനും അത്ഭുതാദരങ്ങളോടെ മൂക്കിൽ കൈവെക്കും. ജീവകാരുണ്യ പ്രവർത്തനം എന്നത് ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ വെറുമൊരു പബ്ലിസിറ്റിക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന ഈ കാലഘട്ടത്തിൽ നാസിൻറെ പ്രവർത്തനങ്ങൾ വേറിട്ട് നിൽക്കുന്നതാണ്. ഇനിയും അനേകം പ്രവാസികൾക്ക് ഒരു തണലായി മാറട്ടെ നാസ് വാക്കത്തിൻറെ പ്രവർത്തനങ്ങൾ എന്ന് ആശംസിക്കുന്നു.
No comments:
Post a Comment