July 18, 2015

കാക്കാ മുട്ടയ് എന്ന ഒരു ചെറിയ വലിയ സിനിമ

ചെറുപ്പത്തിലേ തന്നെ എല്ലാതരം സിനിമകളെയും (വളിപ്പ് സിനിമകളടക്കം) വളരെ അത്ഭുതത്തോടെ നോക്കികണ്ടിരുന്ന വ്യക്തിയായിരുന്നു ഞാൻ. പിന്നീട് പലപ്പോഴായി സിനിമകൾ വിലയിരുത്താനും നല്ല നിലവാരമുള്ള സിനിമകൾ അന്വേഷിച്ചു തേടിപ്പിടിച്ചു കാണുവാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിൽ ഭാഷയുടെ അതിർവരമ്പുകൾ തടസമായിരുന്നില്ല. അത്തരത്തിലുള്ള അന്വേഷണമായിരുന്നു ഫിലിം ഫെസ്റ്റിവലുകളിലേക്ക് എന്നെ ആകർഷിച്ചതും. വളരെ ചെറുപ്പത്തിലേ തന്നെ തിരുവനന്തപുരത്ത് IFFK യിൽ പങ്കെടുത്തു ലോകസിനിമകൾ കാണാൻ സാധിച്ചതും അവിടെ നടക്കുന്ന ചർച്ചകളിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതും എന്നിലെ പ്രേക്ഷകനെ വളരെയധികം സ്വാധീനിച്ച ഖടകങ്ങളാണ്.


നാട് വിട്ടു ദുബായിൽ എത്തിയിട്ടും സിനിമയോടുള്ള പ്രേമം കുറഞ്ഞില്ല എന്നു മാത്രമല്ല മുടങ്ങാതെ എല്ലാ സിനിമകളും കാണാനും ശ്രമിക്കാറുണ്ട്. പതിവ് പോലെ ഈ കഴിഞ്ഞ ദുബായ് ഫിലിം ഫെസ്റ്റിവല്ലിലും അനേകം സിനിമകൾ കാണാൻ സാധിച്ചു. അതിൽ എടുത്തു പറയേണ്ട ഒരു സിനിമയായിരുന്നു കഴിഞ്ഞ വർഷം ഡിസംബർ പതിനാലാം തീയതി കണ്ട  “കാക്കാ മുട്ട” എന്ന തമിഴ് സിനിമ. ഈ തീയതി ഓർത്ത്‌ വെക്കുവാൻ കാരണം എൻറെ ജീവിതത്തിലെ വളരെ വ്യത്യസ്തമായ ഒരു സിനിമാനുഭവം ആയതിനാലാണ്.  ദുബായ് മറിന ബീച്ചിൽ ഏതാണ്ട്  80 x 40 ft വലുപ്പത്തിൽ പടുകൂറ്റൻ സ്ക്രീനിൽ ആണ് തികച്ചും സൗജന്യമായി ഈ സിനിമ പ്രദർശിപ്പിച്ചത്. ഏതാണ്ട് അഞ്ഞൂറോളം വരുന്ന പ്രേക്ഷകർക്ക്‌  ഇരിക്കുവാനായി ബീച്ചിലെ മണലിനു മുകളിൽ ബീൻസ് ബാഗുകൾ സ്ജ്ജീകരിച്ചിരുന്നു.

അന്ന് തന്നെ ഈ സിനിമയെ കുറിച്ചു എഴുതണം എന്നുണ്ടായിരുന്നു. പക്ഷെ തിരക്ക് കാരണം അതിനു സാധിച്ചില്ല. ആറു മാസങ്ങൾക്ക് ശേഷം നാട്ടിൽ ഇപ്പോൾ ഈ സിനിമ തീയറ്ററുകളിൽ റിലീസ് ചെയ്തു എന്നറിഞ്ഞു.

ഇനി കാക്കാ മുട്ടയെ കുറിച്ചു പറയാം. വളരെ ലളിതമായ ഒരു പ്രമേയത്തെ അതിന്റെ എല്ലാ സംഘര്‍ഷ സാധ്യതകളോടും കൂടി അവതരിപ്പിച്ചിരിക്കുകയാണ് പുതുമുഖ സംവിധായകനായ മണികണ്ഠന്‍. മുഖ്യപ്രമേയത്തില്‍ നിന്നും കടുകിട വ്യതിചലിക്കുന്നില്ല അദ്ദേഹം. വെറും ഒരു “പിസ്സ” എന്ന ഭക്ഷണത്തെ മുൻനിർത്തി ഇന്ന് സമൂഹത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന ഉപഭോഗ സംസ്കാരത്തെയും മുതലാളിത്വ വ്യവസ്ഥയെയും നർമത്തിൻറെ മേമ്പൊടി ചേർത്തു പച്ചയായിപ്രേക്ഷകനു മുന്നിലെത്തിക്കാൻ കാക്കാ മുട്ടയ്ക്ക് സാധിച്ചു.


അതി ഭീമമായി വളരുന്ന ഒരു നഗരത്തിനുള്ളിൽ അവശേഷിച്ച ഒരു ചേരി പ്രദേശം. ഈ ചേരി നമ്മള്‍ സാധാരണ കാണുന്ന ഹോളിവുഡ്/ബോളിവുഡ്/മോളിവുഡ് സിനിമകളിൽ കാണുന്ന വെറും ക്ലീഷേ ചേരി പോലയല്ല. മാലിന്യങ്ങള്‍ നിറഞ്ഞതാണെങ്കിലും ഈ ചേരിക്ക് അതിൻറെതായ ഒരു അന്തസ്സുണ്ട് എന്ന് കഥാസന്ദർഭങ്ങളിലൂടെ നമുക്ക് കാട്ടിത്തരുന്നു. ക്ലീഷേ ചേരികളിൽ കാണിക്കുന്ന തരത്തിലുള്ള  സദാ വഴക്കിടുന്ന പെണ്ണുങ്ങള്‍, ഗുണ്ടകള്‍, ചാരായം, വേശ്യകള്‍ എന്നിവയൊന്നും തന്നെ ഈ ചിത്രത്തിൽ കുത്തിനിറച്ചിട്ടില്ല.. അല്‍പ്പസ്വല്‍പ്പം മോഷണവും ചീട്ടുകളിയും മറ്റു തരികിടകളും ഉള്ള മാന്യന്മാര്‍ മാത്രം. 

തമിഴ് രാഷ്ട്രീയത്തിൽ സ്ഥിരം കണ്ടുവരുന്ന ഒരിടപാടായ സൗജന്യമായി പാവപ്പെട്ടവർക്ക് കൊടുക്കുന്ന ടെലിവിഷൻ സെറ്റുകൾ നമുക്ക് കാണാം. സാമൂഹിക സാമ്പത്തിക അസമത്വം ഇല്ലായ്മ ചെയ്തുകൊണ്ട് ജനങ്ങൾക്ക് അടിസ്ഥാന സൌകര്യങ്ങൾ നല്കാതെ ജനപ്രതിനിധികൾ നടത്തുന്ന ഇത്തരം കോപ്രായങ്ങൾ ഈ സിനിമയിൽ നിഴലിച്ചു നില്ക്കുന്നു. ഈ ചേരിനിവാസികളെ സംബന്ധിച്ചു ഒരു ആയിരം രൂപ തന്നെ വലിയ തുകയാണ് അവര്‍ക്ക്. അതിന്റെ മുകളില്‍ കൂടി പായുന്ന ഫ്ലൈ ഓവറില്‍ മാത്രം രാഷ്ട്രീയക്കാർ  നൂറു കോടിയുടെ അഴിമതി നടത്തിയുണ്ടാവാം. അവര്‍ക്ക് ഫ്രീ ആയി കൊടുക്കുന്ന ടെലിവിഷന്‍ സെറ്റുകളില്‍ മാത്രം കോടിക്കണക്കിനു രൂപ കൈമറിഞ്ഞിട്ടുണ്ടാവാം. അങ്ങനെയുള്ള പെരുങ്കള്ളന്മാരുടെ നഗരത്തില്‍ ഓരോ ദിവസവും കിട്ടുന്ന തുട്ടുകള്‍ ചേരിനിവാസികൾ  ശേഖരിച്ചു വെക്കുന്നു. അതിലൊരു തുട്ട് അവര്‍ മരിക്കുമ്പോള്‍ നെറ്റിയില്‍ ഒട്ടിക്കാനുള്ളതാണ്.


തമിഴ് നാട്ടിലെ ഒരു ചേരിയിൽ വളരുന്ന രണ്ടു കുട്ടികൾ. പഠിക്കാൻ കാശില്ലാത്തത്‌ കൊണ്ട് സ്വയം ഉപജീവനത്തിന് കാശ് സമ്പാദിക്കാൻ വഴി തേടുന്ന കുരുന്നുകൾ. കോഴി മുട്ട കഴിക്കാൻ കാശ് തികയാത്തത് കൊണ്ട് അമ്മൂമ്മ അവരോടു ഉപദേശിച്ചു കാക്കാ മുട്ട കഴിക്കാൻ... അങ്ങനെ അവർ അവരുടെ കൂട്ടുകാർക്കിടയിൽ കാക്കാ മുട്ട എന്ന ഇരട്ടപ്പേരിൽ അറിറിയപ്പെട്ടു. മൂത്തവൻ പെരിയ കാക്കാ മുട്ടയും ഇളയവൻ ചിന്ന കാക്കാ മുട്ടയും. ഈ ചേരിയിലെ കുട്ടികൾ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ഗ്രൗണ്ടില്‍ ഒരു പിസ്സക്കട വരുന്നതാണ് കഥ. അവിടെയുള്ള മരങ്ങള്‍ വെട്ടിവീഴ്ത്തുന്നു. അതിലൊരു മരത്തിലാണ് കാക്കക്കൂട് ഉണ്ടായിരുന്നത്. കൂട്ടില്‍ മൂന്നു മുട്ടകളും. അണ്ണനും തമ്പിയും അവ മോഷ്ടിക്കുന്നു. തങ്ങള്‍ക്കു ഓരോന്ന്, കാക്കയ്ക്ക് ഒന്ന് എന്നാണ് പ്രമാണം. അതോടെ അവര്‍ക്ക് പേര് വീഴുന്നു – പെരിയ കാക്കമുട്ടയും ചിന്ന കാക്കമുട്ടയും.

ദിവസ കൂലി ആയ 15 രൂപ ചേർത്ത് വച്ച് ജയിലിൽ കിടക്കുന്ന അച്ഛനെ പുറത്തിറക്കാൻ കഷ്ടപ്പെടുന്ന അവരുടെ സ്വപ്നങ്ങളിലേക്ക് ആ ചേരിയുടെ മുന്നില് ഒരു പിസ്സ കട തുറന്നു. പുതുതായി തുറന്ന കട കണ്ടിട്ടാണ് പിസ്സ എന്ന അതിവിശിഷ്ട ഭോജ്യവസ്തുവിനെ പറ്റി അവര്‍ അറിയുന്നത്. പിന്നീട്, സൌജന്യ ടീവി സെറ്റുകള്‍ കിട്ടുന്നതോടെ പരസ്യങ്ങളില്‍ പിസ്സ കണ്ട് അവര്‍ കൊതിക്കുന്നു. മാത്രമല്ല, പിസ്സക്കട ഉല്‍ഘാടനം ചെയ്യാന്‍ വന്നത് തമിഴ് സൂപ്പര്‍ നടന്‍ ചിമ്പു എന്ന ചിലംബരശന്‍ ആണ്. ചിമ്പുവിനെ കണ്ടതോടെ പിസ്സയോട് അവര്‍ക്ക് കൂടുതല്‍ അഭിനിവേശം തോന്നുന്നു.

പിസ്സയ്ക്ക് 299 രൂപയാണ് വില എന്നറിയുന്നതോടെ സമ്പാദിക്കാനുള്ള നെട്ടോട്ടമായി. കല്‍ക്കരി പെറുക്കി വിറ്റ് തുട്ടു സമ്പാദിക്കുന്ന ആ കാക്കമുട്ടകള്‍ക്ക് ഒരു മാസത്തെ അധ്വാനമാണ് അത്രയും പണം.
അവര്‍ 300 രൂപയുമായി കടയില്‍ ചെല്ലുന്നതും, ഇറക്കിവിടുന്നതും, നല്ല ഉടുപ്പ് വാങ്ങാനായി വീണ്ടും അധ്വാനിക്കുന്നതും, സ്റ്റൈലന്‍ ഉടുപ്പുമായി ചെല്ലുമ്പോള്‍ ചെകിട്ടത്തു തല്ലി പുറത്താക്കുന്നതും, അത് ഒരു ക്യാമറയില്‍ പതിയുന്നതും, ഒരു വന്‍ നഗര-കുപ്പം പ്രശ്നമായി പടരുന്നതും, അച്ചടിമാധ്യമങ്ങളും ചാനലുകളും നവമാധ്യമങ്ങളും രാഷ്ട്രീയക്കാരും പ്രശ്നം ഏറ്റെടുക്കുന്നതും, ഒടുവില്‍ കാക്കമുട്ടകളെ ചിമ്പുവിനെ ആദരിച്ചത് പോലെ കടയിലേക്ക് ആനയിച്ചു അവര്‍ക്ക് പിസ്സ വിളമ്പുന്നതും ഒക്കെയാണ് പിന്നീടു വരുന്നത്. അവര്‍ക്ക് ജീവിതകാലം മുഴുവന്‍ പിസ്സ ഫ്രീ ആയി നല്‍കാമെന്ന വാഗ്ദാനവും കടയുടമ നല്‍കുന്നു. അതിനിടയില്‍, കാക്കമുട്ടകള്‍ ഒരു സത്യം കണ്ടുപിടിച്ചിരുന്നു – പിസ്സയെക്കാള്‍ ഭേദം ദോശയാണെന്ന്.

നഗരത്തിലെ അഴുക്കുകൾ അടിഞ്ഞു കൂടിയ ചേരിയിലെ കഥ പറയുമ്പോൾ ബുദ്ധിജീവി ജാടകൾ ഒന്നും തന്നെയില്ലാതെ വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. സാധാരണ പാണ്ടി പടങ്ങളിൽ കാണുന്ന പാട്ടും ടപ്പാങ്കൂത്തും വളിച്ച പ്രേമവും ഒന്നും ഇല്ലാതെതന്നെ പറയാൻ ഉദ്ദേശിച്ച വിഷയത്തിൽ നിന്നുകൊണ്ടുള്ള അതിഗംഭീര ഫ്രൈം വർക്ക് ആണ് “കാക്കാ മുട്ട”. സമൂഹത്തിൽ ഒരു വിപ്ലവം സൃഷ്ടിക്കുവാൻ ഈ ചിത്രത്തിന് കഴിയില്ല. പക്ഷേ ഒന്ന് നിരീക്ഷിച്ചാൽ കാണാൻ കഴിയുന്നത്‌ ഏതൊരു വിപ്ലവത്തിനും മൂലകാരണം ആയി തീർന്ന സാമ്പത്തിക അസമത്വം എന്ന തിരി കത്തിക്കാനുള്ള ഒരു തീപ്പൊരി ഈ ചിത്രത്തിലുണ്ട്.   

2014 ലെ ഏറ്റവും മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഈ സിനിമയ്ക്ക് ആയിരുന്നു. ഏറ്റവും നല്ല ബാലതാരങ്ങള്‍ക്കുള്ള അവാര്‍ഡും ഇതിലെ കാക്കമുട്ടകളായ രമേഷും വിഗ്നേഷും നേടി. ടൊറാണ്ടോ ഫിലിം ഫെസ്റിവലില്‍ നിറഞ്ഞ കൈയ്യടികളോടെയാണ് ചിത്രം സ്വീകരിക്കപ്പെട്ടത്‌. ഈ മുട്ടകള്‍ മാത്രമല്ല, ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും വളരെ മിഴിവോടെയാണ് മെനഞ്ഞെടുത്തിരിക്കുന്നത്.

പുട്ടിനു തെങ്ങയിടുന്ന പോലെ സിനിമയിൽ സിദ്ധാന്തം തിരുകുന്ന നമ്മുടെ യുവബുജി സംവിധായകർക്ക് മലയാളത്തിൽ ഇത്തരം ഒരു സിനിമ പിടിക്കാൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഏറെക്കുറേ മുതലാളിത്തപക്ഷക്കാരാണ് ഒരു ജനതയെന്ന നിലയില്‍ നമ്മള്‍. അതുകൊണ്ട് വേറെ സൈദ്ധാന്തിക പ്രശ്നങ്ങളൊന്നും ഇല്ലാതെ പിസ്സ എന്ന ഒറ്റ പ്രതീകത്തില്‍ ഊന്നി ഒരു പടം പിടിക്കുക എന്നത് നമുക്ക് പുച്ഛം ഉണ്ടാക്കുന്ന കാര്യമായിരിക്കാം. പക്ഷെ, ഇവിടെ ഒരാള്‍ അത് ചെയ്തിരിക്കുന്നു. സിനിമയുടെ കലാസൌന്ദര്യവശങ്ങള്‍ എല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്തുകൊണ്ടുതന്നെ. അപ്രകാരമുള്ള വേര്‍തിരിവുകള്‍ ഇല്ലാതെ തന്നെ. തമിഴിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയ ധനുഷും ആടുകളത്തിന്റെ സംവിധായകന്‍ വെട്ട്രിമാരനുമാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍ എന്ന് കൂടി അറിയുക

No comments:

Post a Comment