February 27, 2010

Pranav Mistry: The thrilling potential of SixthSense technology

SixthSense Technology, I thought that this idea was only Harry Potter and 3D in the movie. However, I think that it is phenomenal success if there is really such a thing. Because the world of the movie becomes the reality. This idea may attract attention than it now while iPhone and ipad attract attention. I pay attention to this idea very much. And I want to use it.

Pranav Mistry shows us the power of what a fully Internet enabled, wireless, computing rich world can do. His talk at TED India is just a glimpse of the future. Some say it might be a gimmick. Some might doubt the potential. However, I am encouraged that researchers like him are focusing on how to making technology accessible to the masses, simpler, easier, and more natural to use, anywhere and anytime. Keep up the good work Pranav!




Pranav Mistry is a PhD student in the Fluid Interfaces Group at MIT's Media Lab. Pranav is passionate about integrating the digital informational experience with our real world interactions. He holds a Master in Media Arts and Sciences from MIT and Master of Design from IIT Bombay. Pranav received his Bachelor degree in Computer Engineering. Before joining MIT, He also worked with Microsoft as a UX researcher. Designer, Engineer and Inventor, Pranav Mistry has done many interesting projects. SixthSense is Pranav’s latest invention. In some of his previous work, Pranav has attempted to make intelligent sticky notes, Quickies, that can be searched, located and can send reminders and messages; removed a pen’s tie with paper by giving it an ability to draw in 3D and implemented TaPuMa, a tangible public map that can act as Google of physical world. Pranav’s research interests also include Gestural and Tangible Interaction, Ubiquitous Computing, AI, Machine Vision, Collective Intelligence and Robotics

February 22, 2010

മതതീവ്രവാദികള്‍ക്ക് ദൈവം നല്‍കുന്നത് സ്വര്‍ഗമോ അതോ നരകമോ?

രണ്ടാം ലോകമഹാ യുദ്ധത്തില്‍ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ ബോംബുകള്‍ സെപ്റ്റംബര്‍ 11നിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ലോകത്തു ഉപയോഗിച്ചിട്ടുണ്ടന്നാ‍ണ് കണക്കുകള്‍ പറയുന്നത്.നമ്മുടെ രാജ്യത്ത് അവസാനം ബോംബാക്രമണം നടന്ന ബാഗ്ളൂരും അഹമദാബാദും ആ ഞെട്ടലില്‍ നിന്നും മോചിതമായി വീണ്ടും പഴയ സ്ഥിതിയിലേക്കു വന്നിരിക്കുന്നു.എന്നിരുന്നാലും അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലേയും ജനങ്ങള്‍ ഭയപ്പെട്ടിരുന്ന പോലെ രാവിലെ പുറത്തു പോവുമ്പോള്‍ വൈകീട്ടു തിരിച്ചു വരാന്‍ പറ്റുമോ എന്നു നാമും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു


മതത്തിന്റെ പേരിലാ‍യാലും മറ്റെന്തിന്റെ പേരിലായാലും തീവ്രവാദിയാക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല.അക്രമണത്തെ ഒരു മതവും അംഗീകരിക്കുന്നില്ല.ഇസ്ലാമിന്റെ കാഴ്ച്ചപാടില്‍ ഒരു നിരപരാധിയെ കൊല്ലുന്നത് ഒരു സമൂഹത്തെ തന്നെ ഹനിക്കുന്നതിനു തുല്യമാണത്രെ..എന്നിട്ടും ഏറ്റവും കൂടുതല്‍ ഭീകരാക്രമണം നടക്കുന്നതും ആരോപിക്കപ്പെടുന്നതും ഇസ്ലാമിന്റെ പേരില്‍ തന്നെ.

ഒരു തീവ്രവാദി ആക്രമണമുണ്ടായാല്‍ ഉടനെ ഒരിസ്ലാമിക നാമം മാത്രമുള്ള ഏതെങ്കിലും സംഘടന അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും അല്ലെങ്കില്‍ പോലീസിനു തോന്നുന്ന സംഘടനയാണു ഇതിനു പിന്നിലെന്ന് അവര്‍ ആരോപിക്കും.ചിലപ്പോള്‍ ആ ആരോപണങ്ങള്‍ ശരിയായിരിക്കാം ചിലപ്പോള്‍ തെറ്റായിരിക്കാം.ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായി മണിക്കുറിനുള്ളില്‍ ആയിരിക്കും അത്തരം ആരോപണങ്ങള്‍ ഒരു തെളിവുമിലാതെ വെളിപ്പെടുത്തുന്നത്...അതു വാര്‍ത്താ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു.പിന്നെ ആ ആക്രമണത്തിനു പിന്നില്‍ ഇസ്ലാം ഭീകരര്‍ ആണെന്നു ചാനലുകള്‍ പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നു...

ഒരു ഭീകരാക്രമണം ഉണ്ടായാല്‍ ഏറ്റവും എളുപ്പം ചെയ്യാന്‍ പറ്റുന്ന പണി അതു ഇസ്ലാമിന്റെ പേരില്‍ ആരോപിക്കുക എന്നതാ‍ണ്. മാധ്യമങ്ങള്‍ ആ ആരോപണങ്ങള്‍ ഏറ്റെടുക്കുന്നു .അവര്‍ അത് ഫ്ലാഷ് ന്യൂസ്സ് ആയി കാണിക്കും.പിന്നെയാവും താടിയും തൊപ്പിയും ഉള്ള ചിലരെ പോലീസ്സ് പിടിച്ചു പീഡിപ്പിക്കുക.അവരുടെ കൈയില്‍ ഇന്‍ഡ്യയുടെ മാപ്പോ മറ്റോ ഉണ്ടെങ്കില്‍ അവരെ രാജ്യ ദ്രോഹികളായി മുദ്ര കുത്തി അപ്പോള്‍ തന്നെ വെടി വച്ചു കൊല്ലും അല്ലെങ്കില്‍ വര്‍ഷങ്ങളോളം ജയിലില്‍ .ചിലപ്പോള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും അവര്‍ കുറ്റക്കാരല്ല എന്നു കോടതിക്കു ബോധ്യപ്പെടുന്നത്.അപ്പോഴേക്കും അവരുടെ ജീവിതത്തിന്റെ നല്ല കാലം അവസാനിച്ചിരിക്കും.ജയില്‍ മോചിതനാവുന്ന ആരോപണവിദേയനായ വ്യക്തി അപ്പോഴേക്കും സമൂഹത്തിന്റെ മുന്നില്‍ രാജ്യ ദ്രോഹിയായി മാറിയിരിക്കും.


ഇന്നത്തെ കാ‍ലത്ത് ഒരു മതത്തിനു വേണ്ടി മാത്രം ഒരാള്‍ തീവ്രവാദിയാകും എന്നു കരുതാന്‍ വയ്യ.മതത്തിലുപരി ഏതൊരു തീവ്രവാദി സംഘടയ്ക്കും രാഷ്ട്രീയം ഉണ്ട്.മതത്തിന്റെ ആശയങ്ങള്‍ക്കുപരി ആ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കാണ് അവര്‍ വിലകല്‍പ്പിക്കുന്നത്.അത്തരം ലക്ഷ്യങ്ങള്‍ നേടാന്‍ മതത്തിന്റെ പഴുതുകളെ അവര്‍ ഉപയോഗിക്കുന്നു.മതവും രാഷ്ട്രീയവും കൂട്ടികുഴക്കുന്നത് വെടി മരുന്നു ശാലയ്ക്കടുത്ത് തീ കൊണ്ട് പോകുന്നതിനു തുല്യമാണ്.

ഒരു വിശ്വാസിയുടെ കാഴ്ച്ചപാടില്‍ നന്മ ചെയുന്നവന്‍ സ്വര്‍ഗ്ഗത്തിലും തിന്മ ചെയുന്നവന്‍ നരഗത്തിലും ആയിരിക്കും.നരഗത്തിലെ കഠിന ശിക്ഷകളെ പേടിച്ചാണ് വിശ്വാസികള്‍ തെറ്റു കുറ്റങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നത്.ചുരുക്കി പറഞ്ഞാല്‍ ഈ ഭൂമിയില്‍ കുറച്ചു കഷ്ടപ്പെട്ടു ജീവിച്ചാലും പരലോകത്തു അവര്‍ക്കു സ്വര്‍ഗ്ഗം കിട്ടിമെന്നു അവര്‍ സ്വപ്നം കാണുന്നു.ഇന്നു മതത്തിന്റെ പേരില്‍ പൊട്ടി തെറിക്കുന്ന ചാവേറുകള്‍ സ്വപ്നം കാണുന്നതും ഇതേ സ്വര്‍ഗ്ഗമാണ്.ഭൌതികമോ രാഷ്ട്രീയമോ ആയ വേറെയും കാരണങ്ങള്‍ ഉണ്ടാകാം പക്ഷെ തന്റെ ക്യത്യം നിര്‍വഹിക്കുന്നതിലൂടെ പൊട്ടി തെറിക്കുന്ന ചാവേറുകള്‍ക്ക് എന്തായാലും ഭൌതികമോ രാഷ്ട്രീയമോ ആയ കാരണങ്ങള്‍ ഉണ്ടാവും എന്നു തോന്നുന്നില്ല.അപ്പോള്‍ അത്തരം നേട്ടങ്ങള്‍ ഉണ്ടാവുന്നത് ചാവേറുകള്‍/തീവ്രവാദിക ള്‍ ‍ക്കല്ല മറിച്ചു അവരെ ഉപയോഗിക്കുന്ന സംഘടനകള്‍ക്കോ സംഘടന നേതാക്കള്‍ക്കോ ആണ്.മതത്തിനു വേണ്ടി ജീവന്‍ ബലി കഴിപ്പിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കുമെന്നു അവര്‍ ചാവേറുകളെ വിശ്വസ്സിപ്പിക്കുന്നു.

സ്വയം പൊട്ടിത്തെറിക്കുന്ന ചാവേറുകളും അവരുടെ ലക്ഷ്യം നിറവേറുമ്പോള്‍ ഒന്നുമറിയാതെ പിടഞ്ഞു മറിക്കുന്ന ആയിരങ്ങളും സ്വര്‍ഗ്ഗത്തില്‍ പോയാല്‍ വിശ്വാസിക്കള്‍ക്കു എങ്ങനെ സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉണ്ടാകും?ഇരു കൂട്ടരും സ്വര്‍ഗ്ഗത്തില്‍ പോയാല്‍ പിന്നെ നരഗത്തിന്റെ കാര്യം ഉണ്ടോ?ലക്ഷ്യം എന്തുമായികൊള്ളട്ടെ, അതിന്റെ പൂര്‍ത്തീകരണത്തിനു വേണ്ടി ഒന്നുമറിയാ‍ത്ത പാവം ജനങ്ങളെ കൊല്ലുന്നവര്‍ ജിഹാദികള്‍ അല്ല-വെറും കൊലയാളികള്‍ മാത്രം.

ബുഷിനോടുള്ള പക തീര്‍ക്കുന്നത് പാവം അമേരിക്കക്കാരന്റെ കഴുത്തറത്തല്ല,അതു പോലെ തന്നെ അധിനിവേശത്തിനോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാന്‍ സ്വന്തം രാജ്യത്തെ തിരക്കേറിയ വീഥികളിലും വ്യാപാര കേന്ദ്രങ്ങളിലും ബോംബു സ്ഫോടനങ്ങള്‍ നടത്തുന്നവര്‍ കൊല്ലുന്നത് സ്വന്തം സഹോദരങ്ങളെ തന്നെയാണെന്നു മനസില്ലാക്കാനുള്ള വിവേകം പോലും ചാവേറുകള്‍ക്കില്ലാതെ പോവുന്നു.


ഗുജറാത്തില്‍ കൊല്ലപ്പെട്ട മുസ്ലീം സഹോദരങ്ങള്‍ക്കുള്ള പിന്തുണയുമായി ഇന്ത്യ മുഴുവന്‍ ഓടി നടന്നു ബോംബു വയ്ക്കുന്ന “ സഹോദര സ്നേഹികള്‍“ കൊല്ലുന്നത് മോഡിയെയോ അന്നു ജനങ്ങളെ കൊന്നു തള്ളിയ വര്‍ഗീയ വാദികളെയോ അല്ല,മറിച്ചു ഒന്നുമറിയാത്ത പാവം ഇന്‍ഡ്യക്കാരനെയാണ്.


അധിനിവേശത്തിന്റെ രാജാവായ ബുഷ് ഭീകരാക്രമണത്തിന്റെ പേരും പറഞ്ഞ് കൊന്നു തള്ളുന്നത് പാവം നിരപരാധികളെയാ‍ണ് .ഹിറ്റ്ലറും സ്റ്റാലിനും കൊന്നു തള്ളിയതും നിരപരാധികളെ തന്നെ.ബാഗ്ലൂരും അഹമദാബാദിലും കൊല്ലപ്പെട്ടവര്‍ നിരപരാധികള്‍.ഇന്‍ഡ്യന്‍ മുജാഹീനും ലക്ഷ്വറൈ ത്വയ്ബയും VHP ബജ്റംള്‍ പ്രവര്‍ത്തകരും കൊല്ലുന്നതും നിരപരാധികളെ തന്നെ.അങ്ങനെ നോക്കുമ്പോള്‍ ബുഷിനെയും ഹിറ്റ്ലറേയും സ്റ്റാലിനെയും നരഗത്തില്‍ ഇടുന്ന അല്ലാഹു സിമി പ്രവര്‍ത്തകരെയും ഇന്‍ഡ്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെയും ലക്ഷ്വറൈ ത്വയ്ബ പ്രവര്‍ത്തകരെയും സ്വര്‍ഗ്ഗത്തിലിടുമോ?

February 18, 2010

മതത്തെ കച്ചവടത്തിന് ഉപയോഗിക്കുമ്പോള്‍...

വളരെ അധികം പാരമ്പര്യമുള്ള, നിരവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ളവര്‍ ആണ് കേരളത്തിലെ കത്തോലിക്കാ സഭകള്‍. ഇപ്പോഴും സമൂഹ നന്മക്കുതകുന്ന നിരവധി കാര്യങ്ങള്‍ അവര്‍ ചെയ്യുന്നുമുണ്ട്. പക്ഷേ ഇങ്ങനെ ചെയ്യുന്ന നല്ല കാര്യങ്ങളുടെ മറവില്‍ ചെയ്യുന്ന മറ്റു പല കാര്യങ്ങളെ പറ്റിയും ഒരു പരിശോദന നടത്തുകയാണ്‌ ഇവിടെ.

ബൈബിളില്‍ വിവരിക്കുന്ന ഒരു സംഭവം ഉണ്ട്, അതിങ്ങനെയാണ് - യേശു ക്രിസ്തു പ്രാര്‍ത്ഥിക്കാനായി ആരാധനാലയത്തില്‍ ചെന്നപ്പോള്‍ അവിടെ കണ്ടത് നിരവധി കച്ചവടങ്ങള്‍ നടത്താന്‍ വേണ്ടി ദേവാലയം ഉപയോഗിക്കുന്നതാണ്. അതൊരു കച്ചവട ശാല പോലെ ആക്കി മാറ്റിയിരുന്നു. പ്രാര്‍ത്ഥിക്കാന്‍ വരുന്നവരെ ഉപയോഗിച്ച് സ്വന്തം കച്ചവടം കൊഴുപ്പിക്കാന്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു, അവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാന്‍ തയ്യാറായി ദേവാലയ അധികാരികളും. അതിനു പകരമായി ദേവാലയ അധികാരികള്‍ അവരില്‍ നിന്ന് പണം പിരിച്ചിരുന്നു. ഈ അവസ്ഥ കണ്ടു ഹൃദയം വേദനിച്ച യേശു ക്രിസ്തു പ്രതികരിച്ചത് ചാട്ടവാര്‍ കൊണ്ടായിരുന്നു. ദേവാലയത്തെ കച്ചവടത്തിന് ഉപയോഗിച്ചവരെ അദ്ദേഹം ചാട്ടവാര്‍ ഉപയോഗിച്ച് പുറത്താക്കി.

ഇന്നത്തെ കേരളത്തിലെ സാഹചര്യത്തില്‍ മുകളില്‍ വിവരിച്ച കാര്യങ്ങള്‍ക്കു വലിയ പ്രസക്തി ഉണ്ട്. കേരളത്തില്‍ ഏറ്റവും ലാഭം ഉണ്ടാക്കുന്ന ബിസിനസ്‌ ഏതാണെന്ന് ചോദിച്ചാല്‍ നിരവധി ഉത്തരങ്ങള്‍ ഉണ്ടാകും. സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ്‌, അങ്ങനെ നിരവധി... എന്നാല്‍ അതിനോടോപ്പമോ അതിനെക്കളുമോ ലാഭം ഉണ്ടാക്കുന്ന രണ്ടു ബിസിനസ്‌ മേഖലകള്‍ ആണ് വിദ്യാഭ്യാസ - ആതുര സേവന മേഖലകള്‍.

ഈ മേഖലകളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ഉള്ള വിഭാഗം ആണ് കേരളത്തിലെ കത്തോലിക്കാ സഭ. ഇനി അതിന്റെ ധാര്‍മികത ഒന്ന് പരിശോദിക്കാം. ഒരു യഥാര്‍ത്ഥ ബിസിനസ്‌ സ്ഥാപനം സമീപിക്കുന്ന രീതിയില്‍ ആണ് അവര്‍ ജനങ്ങളെ സമീപിക്കുനത്. കച്ചവടത്തിന്റെ വിജയത്തിന് വേണ്ട എല്ലാ കാര്യങ്ങളും വളരെ കൃത്യമായി കൈകൊള്ളാനും അതിനു പ്രതിബന്ധമാകുന്നതിനു എതിരെ നീങ്ങാനും അവര്‍ക്ക് ഒരു മടിയും ഇല്ല. ആത്മീയതയില്‍ അധിഷ്ടിധമായി സമൂഹ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ പറ്റാത്ത നടപടികള്‍ ആണ് ഇപ്പോഴത്തെ കത്തോലിക്കാ സഭാ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നത്‌

ഇതാണോ യേശു ക്രിസ്തു പറഞ്ഞ, ഉദ്ബോധനം ചെയ്ത ക്രൈസ്തവ ജീവിതം? മുകളില്‍ വിവരിച്ച ഉദാഹരണവുമായി ഇപ്പോഴത്തെ കത്തോലിക്കാ സഭയെ ഒന്ന് താരതമ്യം ചെയ്തു നോക്കൂ. അന്ന് യേശു ക്രിസ്തു മതത്തിനെ ഉപയോഗിച്ച് കച്ചവടം ചെയ്യുന്നതിനെതിരെ ചാട്ടവാര്‍ എടുത്തു. ഇന്ന് ആ യേശു ക്രിസ്തുവിന്റെ പേരിലുള്ള മതം കച്ചവടം ചെയ്യാന്‍ വേണ്ടി അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കുന്നു!

അതും ഇന്ന് നിലവില്‍ ഏറ്റവും കൂടുതല്‍ ഫീസ്‌ വാങ്ങുന്ന കോളേജുകളുടെ ഗണത്തില്‍ ആണ് കത്തോലിക്കാ സഭയുടെ കീഴില്‍ ഉള്ള കോളേജുകള്‍ വരുന്നത്. ആശുപത്രികളുടെ കാര്യവും വിഭിന്നമല്ല. ഇങ്ങനെ ജനങ്ങളുടെ പണം കൊള്ള അടിക്കുന്നതിനു എതിരായി ആരെങ്കിലും എന്തെങ്കിലും നടപടി എടുത്താല്‍ അവര്‍ക്കെതിരെ സമുദായത്തെ മുഴുവന്‍ അണിനിരത്താനും ഇവര്‍ക്ക് യാതൊരു ഉളുപ്പുമില്ല. ചുരുക്കം പറഞ്ഞാല്‍ യേശുക്രിസ്തുവിന്റെ വിശ്വാസ സംഹിത ഉയര്‍ത്തി പിടിക്കേണ്ടവര്‍ അദ്ദേഹത്തെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആക്കി അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നതാണ് ഇപ്പോള്‍ കണ്ടു കൊണ്ടിര്‍ക്കുന്നത്.

ഈ കൊള്ളക്കെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ വിഷം തുപ്പിക്കൊണ്ട് പുരോഹിതന്മാര്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ഒരു രസാവഹമായ കാഴ്ച ആണ്. ശത്രുവിനെ സ്നേഹിക്കാന്‍ പഠിപ്പിച്ചവന്റെ അനുയായികളുടെ ഒരു തമാശ മാത്രമല്ലെ ഇത്! കൂടാതെ രാഷ്ട്രീയക്കാരെ പോലെ കവല പ്രസംഗങ്ങളും ജാഥകളും എല്ലാം നടത്താനും തയ്യാറാകുന്നു, ഈ കൊള്ളയുടെ സംരക്ഷണത്തിന് വേണ്ടി.

യേശു ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ എല്ലാവരും സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ളവരായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍തലമുറ എന്നവകാശപെടുന്ന ഈ കള്ളകൂട്ടങ്ങള്‍ ആരെയാണ് ഇപ്പോള്‍ കൂടെ കൂട്ടുന്നത്‌? സമൂഹത്തിലെ താഴെകിടയിലുള്ളവരെ ആണോ? ഏറ്റവും ഉയര്‍ന്ന വിഭാഗത്തിന് വേണ്ട സൌകര്യങ്ങള്‍ ഉണ്ടാക്കി കൊടുക്കാന്‍ വേണ്ടി അല്ലെ ഇവര്‍ നിലകൊള്ളുന്നത്? യഥാര്‍ത്ഥ വിശ്വാസി ഇതിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വാല്‍ക്കഷണം - വിദ്യാഭ്യാസ കച്ചവടം തടയാന്‍ ഉള്ള നിയമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിന്റെ ഒരു പകുതി ആത്മാര്‍ഥത സ്വന്തം സമുദായത്തില്‍ പെട്ട ഒരു പാവം സന്യാസിനി അഭയയുടെ കൊലപാതകത്തില്‍ കാണിച്ചിരുന്നെങ്കില്‍ എപ്പോഴേ കുറ്റവാളികള്‍ ശിക്ഷിക്കപെട്ടേനെ....

തീവ്രവാദം: കോണ്ഗ്രസ് പേടിക്കുന്നത് ആരെ?

അടുത്ത കാലത്തുണ്ടായ ചില സംഭവ വികാസങ്ങളാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്. വാര്‍ത്ത‍ ചാനലുകളും പത്രങ്ങളും മെഗാ സീരിയല്‍ ആയി കൊണ്ടാടുന്ന തീവ്രവാദ കേസുകളുടെ ആരും അത്ര ശ്രദ്ധിക്കാത്ത ചില വശങ്ങള്‍ കുറച്ചു പേരുടെ എങ്കിലും ശ്രദ്ധയില്‍ കൊണ്ടുവരണം എന്ന് തോന്നി.

ഇന്ത്യയിലെ ഏറ്റവും കുറവ് തീവ്രവാദ പ്രവര്‍ത്തനം നടന്ന സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളം എന്ന കാര്യത്തില്‍ ആര്‍ക്കും വലിയ തര്‍ക്കം ഒന്നും കാണില്ല. കര്‍ണാടക, ഗുജറാത്ത്‌, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്നതിന്റെ അടുത്തെങ്ങും വരില്ല കേരളത്തില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍. പ്രത്യേകിച്ചും ഈ അടുത്ത കാലഘട്ടത്തില്‍. (ഇപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ പുറത്തു വന്ന കാര്യങ്ങള്‍ എല്ലാം നടന്നത് കഴിഞ്ഞ യു ഡി എഫ് ഗവണ്മെന്റ് ഭരിക്കുമ്പോള്‍ ആയിരുന്നു. ഉദാ: കളമശ്ശേരി ബസ് കത്തിക്കല്‍, കോഴിക്കോട് സ്ഫോടനം തുടങ്ങിയവ.) എന്നാല്‍ മാധ്യമങ്ങള്‍ ഇവ അവതരിപ്പിക്കുന്നത്‌ ഇപ്പോഴത്തെ ഗവണ്മെന്റിന്റെ പിടിപ്പു കേടായാണ്!

പക്ഷെ ദേശീയ അന്വേഷണ ഏജെന്‍സിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ തോന്നുക, കേരളത്തില്‍ മാത്രമേ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളൂ എന്നാണ്. കാരണം കേരളത്തിലെ തീവ്രവാദ കേസുകള്‍ ഒന്നൊന്നായി അവര്‍ ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. അതില്‍ കേരള പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയതും അവസാന ഘട്ടത്തില്‍ എത്തിയതും ഉള്‍പ്പെടെ ഉള്ള കേസുകളും പെടും. ഇത്രയും കാലം തോന്നാത്ത ഈ കാര്യം ഇവര്‍ക്ക് ഇപ്പോള്‍ തോന്നാന്‍ കാരണം എന്താണ്? അവിടെ ആണ് കേന്ദ്ര ഗവണ്മെന്റില്‍ സ്വാധീനം ഉള്ള ചിലരുടെ ചില 'കളികള്‍' ഇതിന്‍റെ പുറകില്‍ ഇല്ലേ എന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നത്. കാരണം നിരവധി ആളുകള്‍ കൊല്ലപ്പെട്ട അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉള്ള മുംബൈ, ബംഗളൂരു, സൂററ്റ്, അഹമ്മദാബാദ് സ്ഫോടന ‍കേസുകള്‍ ഒന്നും അവര്‍ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ കേരളത്തില്‍ അവര്‍ ഏറ്റെടുത്ത ഒരു കേസിലും ഒരു ആളും കൊല്ലപ്പെടുകയോ അപായപ്പെടുകയോ ചെയ്തിട്ടില്ല.

എന്നിട്ടും എന്താണ് ദേശീയ അന്വേഷണ ഏജെന്‍സിക്ക് കേരളത്തിലെ കേസുകളില്‍ മാത്രം ഇത്ര താത്പര്യം? അതിനുള്ള ഉത്തരം തേടുമ്പോള്‍ ആണ് നമ്മുടെ രാജ്യരക്ഷക്കു തന്നെ ഭീഷണി ആയേക്കാവുന്ന ചില വസ്തുതകള്‍ നമ്മള്‍ പരിശോധിക്കേണ്ടത്. എന്താണ് ഇത്ര ധിറുതി പിടിച്ച് അവര്‍ ഇപ്പോള്‍ ഈ കേസുകള്‍ ഏറ്റെടുത്തത്? ഇതിനു പുറകിലെ ഉദ്ദേശങ്ങള്‍ മൂന്നാണ്.
ഒന്ന് - കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്‍റ് ഈ കേസുകള്‍ ശരിയായ രീതിയില്‍ അല്ല അന്വേഷിച്ചത് എന്നു വരുത്തി തീര്‍ക്കുകയും വരുന്ന തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനു രാഷ്ട്രീയ ലാഭം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുക.
രണ്ട് - ഇടതു പക്ഷത്തോട് അനുഭാവം പുലര്‍ത്തുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെ തീവ്രവാദികള്‍ എന്ന ഇരുട്ടിന്‍റെ മറയില്‍ നിര്‍ത്തുക.
മൂന്ന് - അവസാനത്തേതും പ്രധാനവും ആയ ലക്ഷ്യം; ഈ കേസുകള്‍ കേരളാ പോലീസ് അന്വേഷിച്ചാല്‍ തടിയന്‍റവിട നസീറിനെയും സംഘത്തെയും വിശദമായ ചോദ്യം ചെയ്യലിനായി കേരളത്തിലേക്കു വിട്ടു കിട്ടും. അപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഒരിക്കലും യു ഡി എഫിനെ സഹായിക്കുന്നതായിരിക്കില്ല. യു ഡി എഫ് നേതാക്കള്‍ക്ക് (പ്രധാനമായും കോണ്ഗ്രസ്സ് - ലീഗ് നേതാക്കള്‍ക്ക്) തീവ്രവാദികളുമായുള്ള ബ്ന്ധം പുറത്തു വരുന്നതിനും ഇത് ഇടയാക്കും. അത് ഒഴിവാക്കുക.

തടിയന്‍റവിട നസീറിനെ ആദ്യം ചോദ്യം ചെയ്തപ്പോള്‍ തന്നെ യു ഡി എഫ് നേതാക്കള്‍ക്ക് തീവ്രവാദികളുമായുള്ള ബന്ധം അറിഞ്ഞ ദേശീയ അന്വേഷണ ഏജെന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ അത് കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്ര മന്ത്രിയെ അറിയിക്കുകയും പിന്നീട് അദ്ദേഹത്തിന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഈ കേസുകള്‍ ദേശീയ അന്വേഷണ ഏജെന്‍സി ഏറ്റെടുക്കുകയും ആണ് ചെയ്തത്.

ഈ കാര്യത്തില്‍ എല്ലാം യു ഡി എഫിനെ നിര്‍ലോഭമായി സഹായിക്കുക എന്നതായിരുന്നു കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്തത്. എന്തുകൊണ്ടാണ് ദേശീയ അന്വേഷണ ഏജെന്‍സി ഈ കേസുകളെല്ലാം ഏറ്റെടുത്തത് എന്ന് അന്വേഷിക്കാന്‍ ഒരു 'ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും' തയ്യറായിട്ടില്ല. മുറുക്കാന്‍ കടയില്‍ പാന്‍ പരാഗ് വില്‍ക്കുന്നത് ഒളി ക്യാമറ വെച്ചു പകര്‍ത്തി ടെലികാസ്റ്റു ചെയ്ത് ആളാകുന്നത് മാത്രമല്ലാ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം എന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടാകേണ്ടതായിരുന്നു.

മഅദനി യു. ഡി. എഫിനെ ആയിരുന്നു സപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍, ഇപ്പോള്‍ മഅദനിയെയും സൂഫിയയെയും തീവ്രവാദികള്‍ എന്നു പറഞ്ഞുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തവര്‍ ഒരു പാവം മുസ്ലിം സ്ത്രീയെ പീഡിപ്പിക്കുന്നതിനെതിരെ അരയും തലയും മുറുക്കി രംഗത്തു വന്നേനെ. ഇപ്പോള്‍ ഉണ്ടായ സംഭവ വികാസങ്ങളിലെ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്. ആര് അന്വേഷിച്ചാലും യതാര്‍ഥ കുറ്റവാളികള്‍ രക്ഷപെടാന്‍ അനുവദിച്ചുകൂടാ എന്നുള്ളതാണ് ജനങ്ങളുടെ ആവശ്യം. പക്ഷേ അതിനെ അട്ടിമറിക്കുന്നതിനാണ് ഇപ്പോള്‍ കോണ്ഗ്രസ്സ് ശ്രമിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.