May 11, 2014

"ചായില്യം" (ചുവപ്പിൻറെ നാനാർത്ഥം) - ഒരു പെണ്‍പക്ഷ സിനിമ


ചുവപ്പിൻറെ നാനാർത്ഥങ്ങളുമായി ഒരു ചിത്രം ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുന്നു. "ചായില്യം", പേര് സൂചിപ്പിക്കുന്നത് പോലെതന്നെ തെയ്യത്തിൻറെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, പക്ഷേ ഇതിലെ കഥയും കഥാപാത്രങ്ങളും ഞങ്ങൾ മലയാളികളുടെ സാമൂഹിക ജീവിതത്തിനു നേരേ പിടിച്ച കണ്ണാടിയാണ്. ആള്‍ദൈവസംസ്കാരം അര്‍ബുദം പോലെ പടരുന്ന വര്‍ത്തമാനകാലത്ത് അതിനെ സ്തുതിക്കാനല്ലാതെ വിമര്‍ശിക്കാന്‍ കലാകാരന്മാര്‍ അധികമൊന്നും ധൈര്യം കാട്ടുന്നില്ല എന്നത് വസ്തുതയാണ്. സത്യജിത് റെയും (ദേവി) പ്രിയനന്ദനനെയും പോലുള്ള ചില സംവിധായകർ (ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്) ആള്‍ ദൈവങ്ങള്‍ക്കു പിന്നിലുള്ള ക്രിമിനല്‍ മൂലധനത്തിന്റെ മുഖംമൂടി പിച്ചിച്ചീന്തിയിട്ടുണ്ട്. ഇതിനു തുടര്‍ച്ച തീര്‍ക്കുകയാണ് മനോജ്കാന എന്ന സംവിധായകന്‍ 'ചായില്യം' എന്ന ചിത്രത്തിലൂടെ. അനേകം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദര്ശിപ്പിച്ച ഈ ചിത്രം നവാഗതർക്കുള്ള  ഹസ്സന്‍കുട്ടി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചായില്യം ഒന്നാന്തരം സ്ത്രീപക്ഷ ചിത്രം കൂടിയാണ്.

നായികാ കഥാപാത്രം ലീഡ് ചെയ്യുന്ന അധികം സിനിമകൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ പോലും ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.1960 ലാണ് സത്യജിത്റേയുടെ 'ദേവി' എന്ന ചിത്രം പുറത്തിറങ്ങുന്നത്. സ്നേഹവും പരിഗണനയും കാംക്ഷിക്കുന്ന സ്ത്രീയെ ആള്‍ദൈവമാക്കി മാറ്റുന്നതിന് എതിരായ ശക്തമായ പ്രതികരണമായിരുന്നു അത്. അതിലെ ദയാമയി എന്ന യുവതിയെ ദുര്‍ഗയുടെ അവതാരമെന്നു പറഞ്ഞ് ആരാധിക്കുന്നതിന് തുടക്കമിട്ടത് വൃദ്ധനും രോഗിയുമായ ഭര്‍തൃപിതാവാണ്. അയാളുടെ ചിത്തഭ്രമത്തിന് എതിരുപറയാന്‍ മരുമകള്‍ക്കായില്ല. ഒടുവില്‍ നാടാകെ അന്ധവിശ്വാസത്തിലേക്ക് വഴുതിവീഴുകയും കാര്യങ്ങള്‍ കൈവിട്ടുപോകുകയും ചെയ്തപ്പോള്‍ രക്ഷപ്പെടാന്‍ വീടുവിട്ടോടുകയാണ് ദയാമയി. ദൈവത്തിനുപകരം മനുഷ്യനും ദൈവികതയ്ക്കു പകരം മാനവികതയ്ക്കും പ്രാധാന്യം നല്‍കുന്ന നവോത്ഥാനത്തിന്റെ ലോകവീക്ഷണവും ഊര്‍ജവുമാണ് റേയെ കൊണ്ട് ഇങ്ങനെയൊരു കഥ പറയിച്ചത്.

ദേവിയിൽ സത്യജിത് റെ പറയുന്നതിൽ  നിന്ന് വിഭിന്നമായി മലയാളിയുടെ സാമൂഹികാന്തരീക്ഷം ഒട്ടും മടിപ്പുളവാക്കാതെ കൃത്രിമ നിറക്കൂട്ടിൻറെയോ പൊള്ളയായ ജീവിതസാഹചര്യമോ പ്രൊജക്റ്റ് ചെയ്യാതെ തികച്ചും പച്ചയായ ഒരു പെണ്‍പക്ഷ സിനിമ ഒരുക്കുവാൻ മനോജിനു ചായില്യത്തിലൂടെ കഴിഞ്ഞു.
ചായില്യത്തെ വ്യത്യസ്തമാക്കുന്ന മറ്റു രണ്ടു ഘടകം അതിലെ രാഷ്ട്രീയവും പ്രാദേശികത്തനിമയുമാണ്. ചുവപ്പിൻറെ നാനാർത്ഥങ്ങൾ പലപ്പോഴും, തെയ്യം മുഖത്ത് തേക്കുന്ന ചായില്യത്തിന്റെ ചുവപ്പ്. ആര്‍ത്തവരക്തം, തെയ്യക്കോലങ്ങളുടെ ചുവപ്പ്, ഗൌരിയുടെ ചുവന്ന ബ്ളൌസ്, ചുവന്ന പെയിന്റടിച്ച വെയ്റ്റിങ് ഷെഡ് എന്നിങ്ങനെ പലമട്ടില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്. അവിടെയെല്ലാം സംവിധായകൻറെ ഭാവന വളരെ സിംപോളിക്കായിട്ടു പ്രേക്ഷകനിലേക്ക് എത്തിക്കുവാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലെ സ്ഥിരം ഫോർമുലകളിലും ക്ളീഷേയിലും അകപ്പെടുത്താതെ ഗൌരിയെ പ്രേക്ഷകന് സമ്മാനിച്ചതിനു ഒരു സംവിധായകൻ എന്ന നിലയിൽ മനോജ്‌  മറ്റുള്ളവരിൽ നിന്ന് വേറിട്ട്‌ നില്ക്കുന്നു.

സമൂഹത്തിൻറെ രാഷ്ട്രീയം വളരെ വ്യക്തമായിത്തന്നെ സംവിധായകൻ നമുക്ക് കാട്ടിത്തരുന്നു. അതിനു ഉദാഹരണമാണ് ഗൌരിയും കണ്ണനും കുടില്‍കെട്ടി താമസിക്കുന്ന പറമ്പിന്റെ പേര് 'പാര്‍ടി വളപ്പ്'. തെയ്യം കെട്ടുന്ന അധഃസ്ഥിതരും ഒരുകാലത്ത് ജന്മിത്വത്തിനെതിരെ പോരാടിയതെന്ന ചരിത്രസത്യം ചിത്രം വിളിച്ചുപറയുന്നു.

ദൈവമാക്കി മാറ്റപ്പെടുന്ന ഓരോ സ്ത്രീയും സത്യജിത് റേയുടെ നായിക അനുഭവിച്ച അതേ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്നുണ്ട്. മലയ സമുദായക്കാരിയായ ഗൌരി ഏറെ പ്രതീക്ഷയോടെയാണ് വണ്ണാന്‍ സമുദായക്കാരനായ കാമുകന്‍ കണ്ണനോടൊപ്പം ഒളിച്ചോടുന്നത്. എന്നാല്‍, കണ്ണന്റെ മദ്യപാനം അവളുടെയും എട്ടുവയസ്സുള്ള മകന്റെയും ജീവിതം നരകമാക്കുന്നു. ഭര്‍ത്താവിന്റെ ദുരന്തപൂര്‍ണമായ അന്ത്യത്തോടെ ആത്മസംഘര്‍ഷം സഹിക്കാനാകാതെ അവള്‍ക്ക് മനോനില തെറ്റുന്നു. ആര്‍ത്തവ വിരാമമായി അത് അവളുടെ ശരീരത്തെയും ബാധിക്കുന്നു. സ്ത്രീകള്‍ മാത്രം കെട്ടുന്ന ഏക തെയ്യമായ ദേവക്കൂത്തുമായി കഥയെ കണ്ണി ചേര്‍ക്കുക വഴി ഗംഭീരമായ ഒരാഴം ചായില്യത്തിന് ലഭിച്ചിരിക്കുന്നു. തികഞ്ഞ സ്വാഭാവികതയോടെയാണ് പുരാവൃത്തം ധ്വനിപാഠമായി കടന്നുവരുന്നത്.

കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നിനടുത്ത തെക്കുമ്പാട് എന്ന തുരുത്തിലാണ് ദേവക്കൂത്ത് നടക്കാറ്. കൂട്ടുകാരികളില്‍ നിന്നകന്ന് ഒറ്റപ്പെട്ട ദേവകന്യകയെ നാരദന്‍ രക്ഷിച്ചെന്ന് പുരാവൃത്തം. ഇത്തരം ഗഹനമായ അറിവുകളൊന്നും ഇല്ലാത്ത സാദാ പ്രേക്ഷകർക്കും പുരാണത്തിലെ ഇത്തരം കഥകൾ ആദ്യമേതന്നെ സിനിമ മനസിലാക്കി കൊടുക്കുന്നുണ്ട്.

പ്രണയദാമ്പത്യങ്ങളില്‍ നിന്നൊറ്റപ്പെടുന്ന ഗൌരിയെ രക്ഷിക്കാനെത്തുന്നത് ഭര്‍തൃപിതാവായ അംബുപ്പെരുവണ്ണാന്‍. നായിക ഗൌരിക്ക് ഉണ്ടാകുന്ന Mental Delusion ശരീരത്തിൽ ദേവി കൂടിയതായി സമൂഹം വിശ്വസിക്കുന്നു. ഉന്മാദലക്ഷണം കാണിക്കുന്ന ഗൌരി രണ്ടുതവണ അതുവഴി സമൂഹത്തിന്റെ ക്രൂരതകളെ ഞെട്ടിക്കുന്നുണ്ട്. സമുദായഭ്രാന്തന്മാര്‍ അവളുടെ പേരില്‍ പെരുവണ്ണാനു നേരെ ഉറഞ്ഞുതുള്ളുമ്പോഴും. മിച്ചഭൂമിയിലെ തന്റെ കുടില്‍ പൊളിക്കാന്‍ ജെസിബി എത്തുമ്പോഴും വാക്കത്തി ഏന്തി തെയ്യത്തെപ്പോലെ ഉറഞ്ഞാടുന്ന ഗൌരിക്കു മുന്നില്‍ ജെസിബിയുടെ യന്ത്രക്കൈ നിശ്ചലമാകുന്ന ദൃശ്യം ഗംഭീരമാണ്. ജാതിക്കോമരങ്ങളും അന്ധവിശ്വാസികളുമായ പുതിയ തലമുറയ്ക്കു മുന്നില്‍ മനുഷ്യത്വത്തിന്റെ നട്ടെല്ലുമായി നിവര്‍ന്നുനില്‍ക്കുന്ന അംബുപ്പെരുവണ്ണാന്‍ നവോത്ഥാന പാരമ്പര്യത്തിന്റെ ആള്‍രൂപമാണ്. കോലംകെട്ടി സ്വയം ദൈവമായി മാറാറുള്ള അദ്ദേഹം ആള്‍ദൈവ സംസ്കാരത്തെയും അന്ധവിശ്വാസങ്ങളെയും ചോദ്യംചെയ്യുന്നു. വിശ്വാസത്തേക്കാള്‍ യുക്തിക്ക് പരിഗണന നല്‍കുന്നു. അമാനുഷികമായി തെയ്യത്തെ അവതരിപ്പിക്കുകയാണ് പൊതുവെ തെയ്യം ചലച്ചിത്രങ്ങള്‍ ചെയ്യാറ്. ഇവിടെ തെയ്യക്കോലത്തിനുള്ളിലെ പച്ചമനുഷ്യനിലാണ് ഊന്നല്‍. വല്യച്ഛന്‍ മരിച്ചുകിടക്കുന്നതുകണ്ട് കതിവന്നൂര്‍ വീരന്‍വേഷത്തില്‍ പൊട്ടിക്കരയുന്ന കണ്ണന്റെ ദൃശ്യം ഇതിന്റെ മികച്ച തെളിവാണ്.

.
കണ്ണൂര്‍ ജില്ലയുടെ വടക്കന്‍ ഭാഗത്തെ പ്രാദേശികഭാഷയും സംസ്കാരവും അതിന്റെ തനിമയില്‍ ചായില്യത്തിലുണ്ട്. മ്ണ്ടറ് (മിണ്ടരുത്), മട്ടുനക്കുക (മദ്യപിക്കുക) തുടങ്ങിയ വാക്കുകള്‍ ആദ്യമായാകാം അതേമട്ടില്‍ ഒരു സിനിമയില്‍ വരുന്നത്. ഈ അകൃത്രിമത്വമാണ് ചിത്രത്തെ ആദ്യന്തം ജൈവമാക്കുന്നത്. അംബുപ്പെരുവണ്ണാനായി നിറഞ്ഞുനില്‍ക്കുന്ന എം ആര്‍ ഗോപകുമാറിനോട് മത്സരിച്ച് അഭിനയിച്ച് ഗൌരിയെ അനശ്വരയാക്കുന്ന അനുമോളിന്റെ പ്രകടനം അതിഗംഭീരം. കെ ജി ജയന്റെ ഛായാഗ്രഹണവും മനോജ് കണ്ണോത്തിന്റെ എഡിറ്റിങ്ങുമൊക്കെ ചേര്‍ന്ന സമഗ്രതയാണ് ചായില്യത്തിന്റെ ശില്‍പ്പമികവായിത്തീരുന്നത്.

ഒരു പൂര്‍ണമായ കല എന്ന നിലക്ക് സിനിമകള്‍ ഉണ്ടാവുമ്പോള്‍ ആണ്, അത് നിറവു തരുന്ന ആസ്വാദനം തരുന്നത്. വളരെ മോശം കോപ്രായങ്ങളും, അശ്ലീല ചുവകലര്‍ന്ന സംഭാഷണങ്ങളും നിറഞ്ഞ ചിത്രങ്ങള്‍ വീണ്ടും വീണ്ടും നിര്‍മിക്കാന്‍ ആളുകള്‍ മുന്നോട്ടു വരുന്നത് ഒരു തകര്‍ച്ചയുടെ അടയാളമാണ്. 

സ്ഥിരം ഫോര്‍മുലകളും ക്ലീഷേകളും അരങ്ങു വാഴുമ്പോള്‍ മൂല്യം നിറഞ്ഞ സിനിമകള്‍ നിര്‍മിക്കാനോ വിതരണം ചെയ്യാനോ ആളില്ല. നമ്മുടെ നിലവാരം മോശമാണ്/ മോശം ആക്കി നിലനിര്‍ത്താം എന്ന സങ്കല്‍പമാണ് ഈ വ്യവസായത്തില്‍ കുറെ പേര്‍ക്ക്. അതിനു ഉദാഹരണമാണ് ഈ നല്ല സിനിമക്ക് നേരിടേണ്ടി വന്ന വെല്ലുവിളികൾ. മനോജ് കാണ എന്ന സംവിധായകന്‍ 5 വര്‍ഷം വിയര്‍പ്പൊഴുക്കി, 2000 പേര്‍ ചേര്‍ന്ന് നിര്‍മിച്ച ഒരു മികച്ച ചിത്രമാണ് ഇന്ന് ഈ അവസ്ഥയെ നേരിടുന്നത്. നല്ല സിനിമകള്‍ / സ്വതന്ത്ര സിനിമകള്‍ ഉണ്ടാകണം എന്നാഗ്രഹിക്കുന്നവര്‍ ദു:ഖിച്ചു തല കുനിച്ചുപോകും. ഇനിയും ഇത്തരത്തിലുള്ള സൃഷ്ടികൾ മനോജിൽ നിന്നും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.