December 13, 2008

അഭയ കേസ് നമ്മെ പഠിപ്പിക്കുന്നത്‌ എന്താണ്?.

അഭയ കേസ് അതിന്റെ പരിസമാപ്തിയിലേക്ക് നീങ്ങുകയാണെന്ന് തോന്നുന്നു. സംഗതികള്‍ ഇപ്പോള്‍ എല്ലാവര്‍ക്കും പകല്‍ പോലെ വ്യക്തമായിട്ടുണ്ട് . എന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയൊന്നും കാണാനില്ല. തെളിയിക്കപ്പെടാന്‍ കഴിഞ്ഞില്ല എന്ന ആനുകൂല്യത്തില്‍ അവര്‍ വിട്ടയക്കപ്പെടാനുള്ള സാധ്യതയും ശിക്ഷിക്കപ്പെടാനുള്ള സാധ്യതയും ഇപ്പോഴും ഫിഫ്റ്റി ഫിഫ്റ്റി ആണ്.

മനുഷ്യര്‍ ചില ദുര്‍ബ്ബലനിമിഷങ്ങളില്‍ എന്തെന്ത് കാര്യങ്ങളാണ് ചെയ്ത് പോകുന്നത് ! പത്ത് പതിനാറ് വര്‍ഷങ്ങളായി അനുഭവിക്കുന്ന മാനസികപ്രയാസങ്ങള്‍ തന്നെ പ്രതികള്‍ ഇതിനകം ശിക്ഷയായി അനുഭവിച്ചുവോ എന്തോ. ഒരു കൊലപാതകം നടക്കുമ്പോള്‍ കൊല്ലപ്പെട്ട ആള്‍ ജീവിതത്തിന്റെ വിഷമതകള്‍ ഒന്നും പിന്നെ അനുഭവിക്കേണ്ടി വരുന്നില്ല. എന്നാല്‍ കൊലപാതകിയുടെ കാര്യം അതല്ല. ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടാലും ജീവിതത്തിന്റെ ദുരിതങ്ങള്‍ ആ പ്രതിയെ വേട്ടയാടുന്നു.
ഈ കേസില്‍ നിന്ന് പഠിക്കേണ്ട ഒരു പാഠമുണ്ട്. ഈ കേസില്‍ നിന്ന് മാത്രമല്ല. പഠിക്കുന്നെങ്കില്‍ മുന്‍പേ പഠിക്കേണ്ടതാണ്. വൈവാഹികജീവിതം ഒരു പുരുഷനോ സ്ത്രീക്കോ എക്കാരണം കൊണ്ടും നിഷേധിക്കാന്‍ പാടില്ല എന്നതാണത്. ഒരു വ്യക്തി ആണായാലും പെണ്ണായാലും സ്വമേധയാ കല്യാണം വേണ്ട എന്ന് തീരുമാനിക്കുകയാണെങ്കില്‍ അത് വേറെ കാര്യം. എന്നാല്‍ ബ്രഹ്മചര്യം എന്നത് മനുഷ്യനായി ജനിക്കുന്ന ആരിലും ബാഹ്യമായി ആരും അടിച്ചേല്‍പ്പിക്കരുത്. അത് പ്രകൃതിവിരുദ്ധമാണ്, മതങ്ങളുടെ പേരിലായാലും ദൈവങ്ങളുടെ പേരിലായാലും. ജന്മസഹജമായ വാസനകളാലാണ് ഓരോ ജീവനും പിറന്ന് വീഴുന്നത് . മതങ്ങളും അനുബന്ധകാര്യങ്ങളും ഒക്കെ വരുന്നത് പിന്നീടാണ്. മതങ്ങളുടെ ആചാരാനുഷ്ടാനങ്ങള്‍ നിറവേറ്റപ്പെടാന്‍ വേണ്ടി ആരും ജനിക്കുന്നില്ല. ജനിച്ചു കഴിഞ്ഞാല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ് ബാക്കിയെല്ലാം. മനുഷ്യന്റെ ജന്മസിദ്ധമായ തൃഷ്ണകള്‍ അവഗണിക്കുന്നതോ നിഷേധിക്കുന്നതോ ഒരു കാരണവശാലും ന്യായമല്ല.

ചില സത്യങ്ങള്‍ ആരും തുറന്ന് പറയില്ല. എന്തിന് അപ്രിയസത്യങ്ങള്‍ വിളിച്ച് പറഞ്ഞ് മറ്റുള്ളവരുടെ അപ്രീതിയ്ക്ക് പാത്രമാവണം എന്നതാണ് ചിന്താഗതി. അഭയസംഭവം പോലൊന്ന് ആവര്‍ത്തിക്കുന്നത് അപൂര്‍വ്വമാണെങ്കിലും, കൊലചെയ്യല്‍ അഥവാ ആത്മഹത്യ എന്ന ഒന്ന് അത്തരം സംഭവങ്ങളില്‍ നിന്ന് മൈനസ് ചെയ്താല്‍ ബാക്കികാര്യങ്ങള്‍ എല്ലാം അന്നും ഇന്നും മുറപോലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ ആരും നെറ്റി ചുളിച്ചിട്ട് കാര്യമില്ല. സ്വകാര്യ സംഭാഷണങ്ങളിലും പലരും പങ്ക് വയ്ക്കുന്നതാണ്. ഇത് പോലെ പല കാപട്യങ്ങളും നമ്മുടെയിടയില്‍ സദാ നടന്നുകൊണ്ടിരിക്കുന്നു. അവനവന്റെ ആന്തരാത്മാവില്‍ ഇറങ്ങി ഇതൊക്കെ ഒന്ന് പരിശോധിച്ചാല്‍ ആര്‍ക്കും ഇതൊക്കെ മനസ്സിലാവും. പക്ഷെ ഒരു സിസ്റ്റത്തിന് കീഴടങ്ങി എല്ലാം സഹിക്കാനാണ് ആളുകള്‍ തയ്യാറാവുന്നത് . അതാണ് വ്യവസ്ഥാപിതങ്ങളാവുന്ന സിസ്റ്റങ്ങളുടെ അപ്രതിരോധ്യമായ ബലം. പൊതുവെ മനസ്സില്‍ അടിച്ചമര്‍ത്തുന്ന വികാരങ്ങള്‍ വേഷപ്രച്ഛന്നമായി മനുഷ്യരെ ചെകുത്താന്മാരാക്കുന്ന പ്രവണത കണ്ടു വരാറുണ്ട്.
ഇപ്പോള്‍ കസ്റ്റഡിയിലിരിക്കുന്ന പ്രതികള്‍ക്ക് ആരും മാപ്പ് കൊടുക്കുകയില്ല. എന്നാലും അവര്‍ വിട്ടയക്കെപ്പെടണേ എന്ന് ഞാന്‍ ചിന്തിച്ചു പോകുന്നു. അത് അഭയയുടെ മാതാപിതാക്കളുടെ ദു:ഖവും അമര്‍ഷവും കണക്കിലെടുക്കാതെയല്ല. ജീവിതം എത്ര നശ്വരമാണ് എന്ന ദാര്‍ശനിക വ്യഥയില്‍ നിന്നാണ് ആ ചിന്ത എനിക്ക് ഉണ്ടാവുന്നത്. ഇങ്ങനെ പറയുന്നതിന് അഭയയുടെ മാതാപിതാക്കള്‍ എന്നോട് പൊറുക്കട്ടെ. മരണാനന്തരം ഒരു ആത്മാവ് ശേഷിക്കും എന്ന വിശ്വാസമില്ലാത്തതിനാല്‍ വായനക്കാരും എന്നോട് പൊറുക്കുമെന്ന് കരുതുന്നു.

" വൈവാഹികജീവിതം ഒരു പുരുഷനോ സ്ത്രീക്കോ എക്കാരണം കൊണ്ടും നിഷേധിക്കാന്‍ പാടില്ല എന്നതാണത്."
ഞാനും യോജിക്കുന്നു. ആരും അനുസരിപ്പിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. സ്വയം തോന്നി ചെയ്യുന്നതാണ് നല്ലത്. എന്റെയൊരു സുഹ്രുത്ത് ഇതു പോലെ അച്ഛനാകാന്‍ പോയി. പത്താം ക്ലാസ്സില്‍ ആ‍ായിരിക്കുമ്പോളായിരുന്നു. അതു വരെ ഞാനും അവനും ഒരുമിച്ചായിരുന്നു വായ് നോക്കാന്‍ നടന്നിരുന്നത്. എനിക്കത്ഭുതമായിരുന്നു ഇവനിനി പെണ്ണുങ്ങളുടെ മുഖത്തു നോക്കില്ലേ? എങ്ങനെയാ ഇത്ര പെട്ടെന്നു മാറുവാന്‍ സാധിക്കുന്നേ എന്നൊക്കെ.പിന്നെ എന്റെ അനിയന്‍ ഇന്നലെ പറഞ്ഞു പ്രണയനൈരാശ്യം ഉള്ള സ്ത്രീകളും, സൌന്ദര്യത്തെ കുറിച്ച് അപകര്‍ഷത ബോധമുള്ള സ്ത്രീകളും പിന്നെ സ്വയംവര്‍ഗ്ഗപ്രേമികളായ സ്ത്രീകളുമാണ് ഇപ്പോള്‍ കന്യാസ്ത്രീകളാകാന്‍ പോകുന്നതെന്ന്. യൂറോപ്പിലെല്ലാം ഇപ്പോള്‍ പുരോഹിതരാകാന്‍ ആരും വരുന്നില്ല. അവന്റെ അഭിപ്രായങ്ങള്‍ ശരിയാണെന്നു തോന്നി. ഈ കേസിലെ പ്രതികള്‍ രക്ഷപ്പെടണമെന്ന ആഗ്രഹം എനിക്കില്ല. ഇത് മറ്റുള്ളവര്‍ക്കൊരു പാഠമാകണം. മതവും പണവും ഉണ്ടേല്‍ എന്തും ചെയ്യാമെന്നുള്ള ധാര്‍ഷ്ട്യം അവസാനിക്കണം. എനിക്കു മനസ്സിലാകാത്തത് പ്രതികള്‍ക്കു വേണ്ടി കൂട്ടമായിപ്രാര്‍ത്ഥിച്ച വിശ്വാസികളുടെ മനസ്സില്‍ എന്തായിരുന്നു എന്നാണു? അച്ഛന്മാര്‍ എന്തു പറഞ്ഞാലും ചെയ്യുന്ന കുഞ്ഞാടുകള്‍ മാത്രമാണോ അവര്‍? പ്രതികളെ പീഡിപ്പിച്ചു എന്നും പറഞ്ഞ് പരാതി. മാന്യമായി ചെയ്തത് സമ്മതിക്കുന്ന അളുകളായിരുന്നു ഇവരെങ്കില്‍ ഈ കേസ് ഇത്ര നീണ്ടു പോകുമായിരുന്നോ? മാന്യന്മാരായിരുന്നേല്‍ കേസ് ഉണ്ടാകുമായിരുന്നോ? എന്തായാലും അഭയപീഡിപ്പിക്കപെട്ടയത്രയും ഇവര്‍ പീഡിപ്പിക്കപെട്ടിട്ടില്ല. ഞാന്‍ മാഷിന്റെ ആ അഭിപ്രായത്തോട് വിയോജിക്കുകയാണ്. ഇത്ര ചെറുപ്പത്തിലേ മരിക്കേണ്ടി വന്ന ഹതഭാഗ്യയല്ലേ സിസ്റ്റര്‍. അവരുടെ മാതാപിതാക്കള്‍ അനുഭവിച്ച ദു:ഖം പ്രതികളേക്കാള്‍ കൂടുതലാണ്. പ്രതികള്‍ കുറ്റം ചെയ്തിട്ടാണ് മാനസിക വേദന അനുഭവിക്കുന്നത്. എന്നാല്‍ മകളെ സ്നേഹിച്ച കുറ്റമാണോ അഭയയൂടെ മാതാപിതാക്കള്‍ക്കു ദു:ഖം സമ്മനിച്ചത്? തന്റെ കന്യകത്വത്തില്‍ തനിക്കു വിശ്വാസമുണ്ടേല്‍ എന്തിനാണ് സിസ്റ്റര്‍ സോഫി കന്യകത്വ പരിശൊധനയെ ഭയപ്പെടുന്നത്? സമ്മതത്തോടെ ആണേലും അല്ലേലും,ഈ കേസിലെ പ്രതികള്‍ക്കു ശിക്ഷ കിട്ടണം എന്നു തന്നെയാണു എന്റെ അഭിപ്രായം. അവര്‍ക്കു മാനസാന്തരം ഉണ്ടാകില്ല മാഷേ. ഉണ്ടാകുമായിരുന്നേല്‍ ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാകേണ്ടതായിരുന്നു.

കത്തോലിക്കാ സഭ പുരോഹിതന്മാര്‍ക്കും കന്യസ്ത്രികള്‍ക്കും എത്രയും പെട്ടന്ന് വിവാഹ ജീവിതം അനുവദിക്കേണ്ടതാണ് എന്ന അഭിപ്രായത്തോട് യോജിക്കുന്നു. ഇതു അനുവദിച്ചിട്ടുള്ള മറ്റു സഭകള്‍ ഉണ്ടല്ലോ. മണല്‍തരികളെ പോലെ പെറ്റു പെരുകാന്‍ കുഞ്ഞാടുകളെ ഉപദേശിക്കുന്ന സഭ പുരോഹിതിരോട് ചെയ്യുന്ന മനുഷ്യാവകാശ ലങ്ഘനം പ്രതിഷേധാര്‍ഹമാണ്.
വികസിത രാജ്യങ്ങളില്‍ സെമിനരികള്‍ ശുന്യമാകാന്‍ തുടങ്ങി. പള്ളിയില്‍ പോകുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇടവകകള്‍ പലതും നിര്‍ത്തലാക്കി. കൂടാതെ പുരോഹിതരുടെ കേസുകള്‍ പണം കൊടുത്തു ഒതുക്കി തീര്ത്തു സഭ കുത്തുപാള എടുക്കേണ്ട അവസ്ഥയില്‍ എത്തിയിരിക്കുന്നു. മാപ്പ് ചോദിക്കുകയാണ് പോപ്പിന്റെ പ്രധാന ജോലി. കാലഹരണപ്പെട്ട ഈ സ്ഥാപനം എത്രയും പെട്ടന്ന് അടച്ചു പൂട്ടുന്നതാണ് സാമൂഹ്യ പുരോഗതിക്ക് നല്ലത്. എന്തായാലും ബുദ്ധിമാന്മാരായ കേരളത്തിലെ പുരോഹിതര്‍ ഇപ്പോള്‍ ദൈവ സേവനം കുറച്ചിട്ട് സ്വാശ്രയസ്ഥാപനങ്ങള്‍ നടത്തുകയാണല്ലോ. ഒരു കച്ചവടം നഷ്ടത്തിലകുമ്പോള്‍ വേറൊന്നില്‍ പിടിച്ചു നില്‍ക്കാനുള്ള വ്യാപാര തന്ത്രം കൊള്ളാം.

പൌരോഹത്യവും പോപ്പ് മുതല്‍ക്കിങ്ങോട്ടുള്ള സംവിധാനവുമൊന്നും ബൈബിളില്‍ പറഞ്ഞ കാര്യമല്ല. അല്ലെങ്കില്‍ ദൈവത്തിനും നമുക്കും ഇടയില്‍ ഒരു മദ്ധ്യസ്ഥന്റെ റോള്‍ എന്താണ്? ആദ്യം ആണിനെ സൃഷ്ടിക്കുകയും അവനു കൂട്ടായിരിക്കാന്‍ അവന്റെ വാരിയെല്ലില്‍ നിന്നും തന്നെ ഇണയെ സൃഷ്ടിക്കുകയും ചെയ്തു എന്ന വിശ്വാസമാണല്ലോ ബൈബിളിന്റെ അടിസ്ഥാനം. എന്നാല്‍ തികച്ചും പ്രകൃതി വിരുദ്ധമായ വുക്തിജീവിത നിഷേധമാണ് ദൌര്‍ഭാഗ്യവശാല്‍ ചില സഭകള്‍ പിന്തുടര്‍ന്നു പോന്നത്. അഭയ കേസ്സ് പ്രസക്തമാവുന്നത് ഇവിടെയാണ്.

December 05, 2008

അഭയം


പുത്തന്‍ യുഗത്തിൽ ചെന്നായകൾക്കും ളോഹയോ
മറഞ്ഞിരിക്കുന്നു അവരീ വെളുത്ത ളോഹക്കുള്ളിൽ


കൊന്തയും, കുരുശും, ബൈബിളും 
അഭയമെന്നു കരുതിയോരഭയയെ, 
കാത്തിരുന്നൂ, ളോഹക്കുള്ളിലെയാ 
രക്തദാഹിയാം വിശുദ്ധ ചെന്നായിക്കള്‍

കൂട്ടുനിന്നതോ  ദൈവത്തിൻറെ  
സ്വന്തം പാപിയാം മാലാഖയും
പാപത്തിന്‍ കറ കഴുകാന്‍ വന്നതോ
അപ്പോസ്തലരുടെ കുന്തമാം തിരുസഭ
ആ നീതി പിറന്നൊരു നാളിലും 
വന്നൂ നാശത്തിന്‍ ഇടയലേഖനം

അഭയേ, നിനക്കിലാത്തൊരഭയം നമുക്കുമിലീഭൂമിയില്‍
അറിയുന്നു ഞാന്‍ നിന്‍റെ നിശബ്ദമാം തേങ്ങലുകള്‍.
അറിയട്ടെ ഇനിയുമീ ലോകം, അറിയാത്ത സത്യത്തിന്‍ പേമാരി.