March 21, 2011

ഒഴിവു സമയത്തെ ചില സ്വാതന്ത്ര്യ ചിന്തകള്‍....


എന്താണ് സ്വാതന്ത്ര്യം? നമ്മുടെ വിശ്വമാനവികന്‍റെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചിന്തകള്‍ വളരെ വിശാലമാണ്. കുറെയേറെ പണിപ്പെട്ടു എഴുതിയതാണെന്ന് തോന്നുന്നു, വളരെ വിശദമായിത്തന്നെ വച്ച് കാച്ചിയിട്ടുണ്ട്....

ലിബിയയിലെ ബെങ്ങാസിയിലെ തെരുവുകള്‍ മനുഷ്യരക്തം കൊണ്ട് ചുവന്നിരിക്കുന്നു. പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് വളരെ രക്തരൂക്ഷിതമായി കൊണ്ടിരിക്കുന്ന ലിബിയയുടെ വ്യക്തമായ ഒരു ചിത്രം നമുക്ക് കാണാന്‍ കഴിയാത്തത്. വളരെ വൈകിയാണെങ്കിലും മിഡില്‍ ഈസ്റ്റിലും നോര്‍ത്തേന്‍ ആഫ്രിക്കയിലുമുള്ള ജനങ്ങള്‍ക്കിടയില്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള വികാരം അണപൊട്ടി ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു. മറുവശത്തു അമേരിക്ക അടക്കമുള്ള സഘ്യകക്ഷികള്‍ എണ്ണ ദാഹത്തിന്റെ കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുന്നു എന്നത് ഒരു നഗ്നമായ സത്യമാണ്.

പ്രപഞ്ചത്തിന്റെ ഉല്പത്തിമുതല്‍ ഉണ്ടായതാണ്‌ സ്വാതന്ത്ര്യ സമരങ്ങള്‍.അടിച്ചമര്‍ത്തിയവനെതിരെ മര്‍ദ്ദിതന്റേയും,പീഡിതന്റേയും രക്തം ചൊരിഞ്ഞുകൊണ്ടുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം.അരാജക ഭരണത്തിനെതിരെയുള്ള സാധാരണക്കാരന്റെ ആയുധം ഇന്നും വാക്കുകള്‍ തന്നെയാണ്.ജനശക്തിക്കെതിരെ പിടിച്ചു നില്‍ക്കാന്‍ ഒരു സ്വേച്ഛധിപതികള്‍ക്കും കഴിയില്ല എന്നതിന്റെ തെളിവാണ്‌ നമ്മള്‍ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ കണ്ടുകൊണ്ടിരിക്കുന്ന ജനരോക്ഷം.അങ്ങ് കിഴക്കന്‍ ഏഷ്യയില്‍ നീറിപ്പുകയുന്ന ജനരോക്ഷത്തിനും മുമ്പേ 64 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്‍ഡ്യ ലോകത്തിനു കാണിച്ചുകൊടുത്തതാണ്.അതുപിന്നെ ആഫ്രിക്കന്‍ വനാന്തരങ്ങളിലൂടെ നെല്‍സണ്‍ മണ്ഡേലയുടേയും,അമേരിക്കന്‍ കാടത്തത്തിനെതിരെ പട നയിച്ചു വിജയിച്ച മാര്‍ട്ടിന്‍ ലൂതര്‍ കിംഗിലൂടേയും പരിചയിച്ചു തലമുറകളിലൂടെ പകര്‍ന്നുകൊടുത്ത വീരോജ്ജ്വലമായ കഥകള്‍ പോലെ കേട്ടു വളര്‍ന്ന തലമുറയാണ്‌ ഇന്ന് അവകാശത്തിനും,മറ്റൊരു നല്ല നാളേക്കും വേണ്ടി ഉയര്‍ത്തെഴുന്നേല്പ് നടത്തിയിരിക്കുന്നത്.


ഗാന്ധിജി ലോകത്തിനുകാണിച്ചുകൊടുത്ത മാതൃക ആയിരുന്നു അഹിംസയിലൂടെ ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ കഴിയുമെന്നത്.എന്നിരുന്നാലും,ഭഗത്സിംഗും,സുഭാഷ്ചന്ദ്രബോസ്സും,പഴശ്ശിരാജയും,വേലുത്തമ്പിദളവയും സ്വന്തം ജീവനെക്കാളും രാജ്യത്തിന്റെ രക്ഷക്ക് വേണ്ടി പൊരുതിയപ്പോള്‍ രക്തം ചിന്തേണ്ടി വന്നിട്ടുണ്ട്.അതുപോലെ ഇടയ്ക്ക് അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അഹിംസയുടെ വിജയം തന്നെയായിരുന്നു ടുണീഷ്യയിലും,ഈജിപ്തിലേയും ജനങ്ങള്‍ നേടിയത്.


ഈ മാറ്റൊലികള്‍ പടര്‍ന്നു പന്തലിക്കുകയാണ്‌.അതിപ്പോള്‍ താഹിര്‍ സ്ക്വയറില്‍ നടന്ന ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹൊസ്നിമുബാരക്കിന്റെ 30 വര്‍ഷത്തെ ഭരണം മടുത്ത ഈജിപ്ഷ്യന്‍ ജനവികാരവും മുപ്പതില്‍പ്പരം വര്‍ഷമായി ഭരിക്കുന്ന ലിബിയിലെ ഗദ്ദാഫിക്കെതിരേയും, ബഹറിനിലെ രാജ കുടുംബത്തിനെതിരേയും ആഞ്ഞടിക്കുകയാണ്.ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്റാണ്‌ അവരുടെ ആവശ്യം.ഈ വാഗ്ദാനം 2001-ല്‍ ജനങ്ങള്‍ക്ക് നല്‍കിയതാണേന്നാണ്‌ അവരുടെ വാദം.



ബഹറിനില്‍ അനുരഞ്ജന നയത്തിലൂടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കില്‍ ലിബിയയില്‍ കാടത്ത പരമായ അടിച്ചമര്‍ത്തല്‍ നടക്കുന്നു.അടിച്ചമര്‍ത്തല്‍ ജനരോക്ഷം ആളിക്കത്തിക്കും.അതു ചിലപ്പോള്‍ ഗദ്ദാഫിയുടെ പുറത്താകലിനു വഴിവെച്ചേക്കും.ഈയിടെ ചൈനയിലും ജനരോക്ഷത്തിന്റെ പൂമ്പൊടികള്‍ കണ്ടിരിന്നു.പക്ഷെ അവര്‍ രഹസ്യമായി അമര്‍ച്ച ചെയ്തു. ഇതേ അവസ്ഥായിരുന്നു മ്യാന്‍മാറിലും.സ്യൂക്കി എന്ന വീരവനിതക്കു മുമ്പില്‍ 25-ല്‍പരം വര്‍ഷങ്ങള്‍ക്കു ശേഷം മുട്ടുമടക്കേണ്ടി വന്നു. ജനങ്ങള്‍ക്കുവേണ്ടി ഭരിക്കാത്ത സര്‍ക്കാരെ ഇല്ലാതാക്കുക തന്നെ വേണം.

ഈ വിപ്ലവത്തിന്റെയെല്ലാം അടിസ്ഥാനപരമായ ഒരു കാരണമുണ്ടായിരുന്നു. ജോലിയില്ലായ്മ, അരാജകത്വം, അഴിമതി പണം ഉള്ളവനും, ഇല്ലാത്തവനും എന്നുള്ള വേര്‍തിരിവ്. ഇത് കണ്ട് സഹികെട്ട സാധാരണജനങ്ങളാണ്‌ തെരുവിലേക്ക് ഇറങ്ങിയത്. ഈജിപ്തിലെ സമരത്തില്‍ ഒരു അമ്മ തന്റെ മകനെ സമരത്തിനുവേണ്ടി പറഞ്ഞയിക്കുന്ന ഒരു ചിത്രം ഞാന്‍ കണ്ടിരുന്നു. അവര്‍ പറഞ്ഞത് "മകനെ നിന്നെ രാജ്യം വിളിക്കുന്നു, ജനത്തിന്റെ നന്മക്കായി പോകുക". പെറ്റമ്മയെപ്പോലെ കരുതണം സ്വന്തം രാജ്യത്തെ എന്നതിന്റെ തീര്‍ത്താല്‍ തീരാത്ത തെളിവാണ്‌ ഈ സംഭവം. അതുപോലെ ഗര്‍ഭാവസ്ഥയിലുള്ള ഒരു ഈജിപ്ഷ്യന്‍ സ്ത്രീ സ്വന്തം രാജ്യത്തിന്റെ മാറ്റത്തിനു വേണ്ടിതന്റെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനേപ്പോലും നഷ്ടപ്പെടുത്താന്‍ തയ്യാറായി തെരുവിലേക്കിറങ്ങുന്ന കാഴ്ച തന്നെ ഈ മാറ്റത്തിനുള്ള ആഴം വെളിപ്പെടുത്തുന്നതാണ്. പക്ഷെ ഇവിടെയെല്ലാം എന്നെ ആശയക്കുഴപ്പത്തിലാക്കുന്നത് വിപ്ലവങ്ങള്‍ക്കു ശേഷമുള്ള ഈ രാജ്യങ്ങളുടെ അവസ്ഥകളാണ്.



സ്വാതന്ത്ര്യാനന്തര ഇന്‍ഡ്യ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരുടെ കാഴ്ച്ചക്കൊത്ത് വളരുവാന്‍ ഇന്നും കഴിഞ്ഞിട്ടുണ്ടോ എന്നു സംശയം തന്നെയാണ്‌. ഇന്നും അഴിമതിയിലും കയ്യൂക്കിലും, പണം ഉള്ളവനെന്നും ഇല്ലാത്തവനെന്നും ഉള്ള തരം തിരിവിലും രാജ്യം എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.എന്നിരുന്നാലും നമ്മള്‍ക്ക് സുസ്ഥിരമായ ഒരു ഭരണ സംവിധാനമുണ്ട്, പുരോഗതിയിലേക്കു കുതിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയുണ്ട്. പക്ഷെ ഇന്നും 20 രൂപയില്‍ താഴെ വരുമാനമുള്ള ഭൂരിഭാഗവും ഇന്‍ഡ്യയില്‍ ജീവിക്കുന്നു. നിരക്ഷരത പുറം ലോകത്തെക്കുറിച്ചുള്ള അറിവിനെ ഇല്ലാതാക്കുന്നു. ഇന്നും നമ്മുടെ ഭരണസംവിധാനങ്ങള്‍ കടന്നു ചെല്ലാത്ത ഗ്രാമങ്ങള്‍ ഉണ്ട്. സെന്‍സെസില്‍ ഉള്‍പ്പെടാത്ത ആളുകള്‍ ലക്ഷക്കണക്കിനു വസിക്കുന്ന ഗ്രാമങ്ങള്‍, ഇവിടെയാണ്‌ മാറ്റത്തിന്റെ വിപ്ലവങ്ങള്‍ ഉണ്ടാകേണ്ടത്. ഇതിനു ആദ്യം സാക്ഷരത് ഉണ്ടാകണം. യുവ തലമുറ ഇതിനു മുന്നിട്ടിറങ്ങണം.

ഈയിടെ "ദി വീക്ക്" എന്ന വാരികയില്‍ വന്ന ഒരു ലേഖനത്തില്‍ ഇന്‍ഡ്യയിലെ യുവ തലമുറ ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനെപ്പറ്റി ഉണ്ടായിരുന്നു. എം.ബി.ഏ ഗ്രാജുവേറ്റ് മുതല്‍ ഗാന്ധിയന്‍ സംസകാരം ഉള്‍കൊണ്ട ഒരു തലമുറ. പാവപ്പെട്ടവന്റെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിച്ചു തുടങ്ങിയിരിക്കുന്നു. ഉണരട്ടെ ഒരു യുവതലമുറയുടെ ആവശ്യം ഇന്‍ഡ്യയില്‍ അനിവാര്യമാണ്.ഇനി ഇന്‍ഡ്യയില്‍ 60% യുവജനങ്ങളായിരിക്കുമെന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഈജിപ്തിന്റേയും,ടുണീഷ്യയിലേയും ഇനിയുള്ള നാള്‍  വഴികളിലേക്കു നോക്കുകയാണെങ്കില്‍ ഒരു സുസ്ഥിരമായ ഭരണ സംവിധാനമാണ്‌ വേണ്ടത്.ജനങ്ങളെ വിശ്വാസ്യതയില്‍ കൊണ്ടു വരാന്‍ അവര്‍ക്ക് കഴിയണം.രാജ്യത്തിന്റെ സമ്പദ് വ്യവസ്തയില്‍ ഊന്നല്‍കൊടുക്കുവാന്‍ കഴിയണം. എന്നിരുന്നാല്‍ മാത്രമേ അടിസ്ഥാനസൌകര്യങ്ങള്‍ വികസിപ്പിക്കുവാന്‍ കഴിയൂ അതുവഴി ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യമാണ്‌ മുന്നില്‍ കാണേണ്ടത്. ഇതിനുവേണ്ടി അക്ഷീണം പ്രയത്‌നിക്കുന്ന ഒരു ഉദ്യോഗസ്ഥ വൃന്ദം പടുത്തുയര്‍ത്താന്‍ ഗവണ്‍മെന്റിനു കഴിയണം. തെറ്റുചെയ്യുന്നവനെ കഠിനമായി ശിക്ഷിക്കാനുള്ള നിയമ സംവിധാനങ്ങള്‍ നിലവില്‍ വരണം. നിര്‍ബ്ബന്ധിത വിദ്യാഭ്യാസം കൊണ്ടു വരണം. പ്രകൃതിദത്താല്‍ നിര്‍മ്മിതമായ ഉറവിടങ്ങള്‍ കണ്ടെത്തണം. വിവരസാങ്കേതിക വിദ്യകള്‍ ഗവണ്‍മെന്റു തലങ്ങളില്‍ നടപ്പാക്കണം. ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന ഭരണാധിപന്‍മാര്‍ ഉണ്ടാകണം. ഭരണത്തെ ഡീ സെന്‍ട്രലൈസ് ചെയ്യുവാന്‍ കഴിയണം.

ഇതൊന്നും ഇല്ലാത്ത പക്ഷം രാജ്യത്തിന്റെ ഖജനാവ്‌ ഈജിപ്ഷ്യന്‍ പ്രസിഡന്റും, ടുണീഷ്യന്‍ ഭരണാധികാരികളും വാരിക്കൂട്ടിയതു പോലെ ഭരണാധികാരികളില്‍ മാത്രം ഒതുങ്ങിക്കൂടും .ഒരു രാജ്യം തന്നെ നശിക്കും. ഇതിനെയൊക്കെ മുതലെടുക്കുന്ന രാജ്യങ്ങള്‍ പലതുമുണ്ട്. അവരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു വേണ്ടി കച്ചവടം നടത്തുന്നവര്‍. ഈ കച്ചവടം മൂലം തകര്‍ന്നടിഞ്ഞ ഒരു രാജ്യമാണ്‌ ഇറാക്ക്. ചരിത്രത്തില്‍പ്പോലും ഒരു ഇരുണ്ട രാജ്യമായിട്ടേ ഇറാക്ക് നിലനില്‍ക്കുകയുള്ളൂ. അവിടെ ച്ഛിന്നിചിതറുന്ന ബോംബുകള്‍ക്കും, കലാനിഷക്കൊവു തോക്കുകളും അവിടെ എങ്ങനെ എത്തി എന്നു ആരും അന്വേഷിക്കാറില്ല. ഇവിടെയാണ്‌ കച്ചവട കണ്ണുകള്‍ തിളങ്ങുന്നത്. ഇതൊക്കെ ഇല്ലാതാകണമെങ്കില്‍ സ്വന്തം രാജ്യത്ത് അരക്ഷിരതാവസ്ഥ പാടില്ല. സ്വന്തം രാജ്യത്തെ രക്ഷിക്കാന്‍ ജനങ്ങള്‍ക്കു മാത്രമേ കഴിയൂ. ഒരു നല്ല നാളേക്കു വേണ്ടി, സ്വന്തം രാജ്യത്തിന്റെ ഉയര്‍ച്ചക്കുവേണ്ടി നമ്മള്‍ക്കു പ്രയത്‌നിക്കാം.