February 18, 2010

തീവ്രവാദം: കോണ്ഗ്രസ് പേടിക്കുന്നത് ആരെ?

അടുത്ത കാലത്തുണ്ടായ ചില സംഭവ വികാസങ്ങളാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതാന്‍ പ്രേരിപ്പിച്ചത്. വാര്‍ത്ത‍ ചാനലുകളും പത്രങ്ങളും മെഗാ സീരിയല്‍ ആയി കൊണ്ടാടുന്ന തീവ്രവാദ കേസുകളുടെ ആരും അത്ര ശ്രദ്ധിക്കാത്ത ചില വശങ്ങള്‍ കുറച്ചു പേരുടെ എങ്കിലും ശ്രദ്ധയില്‍ കൊണ്ടുവരണം എന്ന് തോന്നി.

ഇന്ത്യയിലെ ഏറ്റവും കുറവ് തീവ്രവാദ പ്രവര്‍ത്തനം നടന്ന സംസ്ഥാനങ്ങളില്‍ ഒന്നാണു കേരളം എന്ന കാര്യത്തില്‍ ആര്‍ക്കും വലിയ തര്‍ക്കം ഒന്നും കാണില്ല. കര്‍ണാടക, ഗുജറാത്ത്‌, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്നതിന്റെ അടുത്തെങ്ങും വരില്ല കേരളത്തില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍. പ്രത്യേകിച്ചും ഈ അടുത്ത കാലഘട്ടത്തില്‍. (ഇപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ പുറത്തു വന്ന കാര്യങ്ങള്‍ എല്ലാം നടന്നത് കഴിഞ്ഞ യു ഡി എഫ് ഗവണ്മെന്റ് ഭരിക്കുമ്പോള്‍ ആയിരുന്നു. ഉദാ: കളമശ്ശേരി ബസ് കത്തിക്കല്‍, കോഴിക്കോട് സ്ഫോടനം തുടങ്ങിയവ.) എന്നാല്‍ മാധ്യമങ്ങള്‍ ഇവ അവതരിപ്പിക്കുന്നത്‌ ഇപ്പോഴത്തെ ഗവണ്മെന്റിന്റെ പിടിപ്പു കേടായാണ്!

പക്ഷെ ദേശീയ അന്വേഷണ ഏജെന്‍സിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ തോന്നുക, കേരളത്തില്‍ മാത്രമേ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളൂ എന്നാണ്. കാരണം കേരളത്തിലെ തീവ്രവാദ കേസുകള്‍ ഒന്നൊന്നായി അവര്‍ ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. അതില്‍ കേരള പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയതും അവസാന ഘട്ടത്തില്‍ എത്തിയതും ഉള്‍പ്പെടെ ഉള്ള കേസുകളും പെടും. ഇത്രയും കാലം തോന്നാത്ത ഈ കാര്യം ഇവര്‍ക്ക് ഇപ്പോള്‍ തോന്നാന്‍ കാരണം എന്താണ്? അവിടെ ആണ് കേന്ദ്ര ഗവണ്മെന്റില്‍ സ്വാധീനം ഉള്ള ചിലരുടെ ചില 'കളികള്‍' ഇതിന്‍റെ പുറകില്‍ ഇല്ലേ എന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നത്. കാരണം നിരവധി ആളുകള്‍ കൊല്ലപ്പെട്ട അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉള്ള മുംബൈ, ബംഗളൂരു, സൂററ്റ്, അഹമ്മദാബാദ് സ്ഫോടന ‍കേസുകള്‍ ഒന്നും അവര്‍ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ കേരളത്തില്‍ അവര്‍ ഏറ്റെടുത്ത ഒരു കേസിലും ഒരു ആളും കൊല്ലപ്പെടുകയോ അപായപ്പെടുകയോ ചെയ്തിട്ടില്ല.

എന്നിട്ടും എന്താണ് ദേശീയ അന്വേഷണ ഏജെന്‍സിക്ക് കേരളത്തിലെ കേസുകളില്‍ മാത്രം ഇത്ര താത്പര്യം? അതിനുള്ള ഉത്തരം തേടുമ്പോള്‍ ആണ് നമ്മുടെ രാജ്യരക്ഷക്കു തന്നെ ഭീഷണി ആയേക്കാവുന്ന ചില വസ്തുതകള്‍ നമ്മള്‍ പരിശോധിക്കേണ്ടത്. എന്താണ് ഇത്ര ധിറുതി പിടിച്ച് അവര്‍ ഇപ്പോള്‍ ഈ കേസുകള്‍ ഏറ്റെടുത്തത്? ഇതിനു പുറകിലെ ഉദ്ദേശങ്ങള്‍ മൂന്നാണ്.
ഒന്ന് - കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്‍റ് ഈ കേസുകള്‍ ശരിയായ രീതിയില്‍ അല്ല അന്വേഷിച്ചത് എന്നു വരുത്തി തീര്‍ക്കുകയും വരുന്ന തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനു രാഷ്ട്രീയ ലാഭം ഉണ്ടാക്കി കൊടുക്കുകയും ചെയ്യുക.
രണ്ട് - ഇടതു പക്ഷത്തോട് അനുഭാവം പുലര്‍ത്തുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരെ തീവ്രവാദികള്‍ എന്ന ഇരുട്ടിന്‍റെ മറയില്‍ നിര്‍ത്തുക.
മൂന്ന് - അവസാനത്തേതും പ്രധാനവും ആയ ലക്ഷ്യം; ഈ കേസുകള്‍ കേരളാ പോലീസ് അന്വേഷിച്ചാല്‍ തടിയന്‍റവിട നസീറിനെയും സംഘത്തെയും വിശദമായ ചോദ്യം ചെയ്യലിനായി കേരളത്തിലേക്കു വിട്ടു കിട്ടും. അപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ ഒരിക്കലും യു ഡി എഫിനെ സഹായിക്കുന്നതായിരിക്കില്ല. യു ഡി എഫ് നേതാക്കള്‍ക്ക് (പ്രധാനമായും കോണ്ഗ്രസ്സ് - ലീഗ് നേതാക്കള്‍ക്ക്) തീവ്രവാദികളുമായുള്ള ബ്ന്ധം പുറത്തു വരുന്നതിനും ഇത് ഇടയാക്കും. അത് ഒഴിവാക്കുക.

തടിയന്‍റവിട നസീറിനെ ആദ്യം ചോദ്യം ചെയ്തപ്പോള്‍ തന്നെ യു ഡി എഫ് നേതാക്കള്‍ക്ക് തീവ്രവാദികളുമായുള്ള ബന്ധം അറിഞ്ഞ ദേശീയ അന്വേഷണ ഏജെന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ അത് കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്ര മന്ത്രിയെ അറിയിക്കുകയും പിന്നീട് അദ്ദേഹത്തിന്‍റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഈ കേസുകള്‍ ദേശീയ അന്വേഷണ ഏജെന്‍സി ഏറ്റെടുക്കുകയും ആണ് ചെയ്തത്.

ഈ കാര്യത്തില്‍ എല്ലാം യു ഡി എഫിനെ നിര്‍ലോഭമായി സഹായിക്കുക എന്നതായിരുന്നു കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്തത്. എന്തുകൊണ്ടാണ് ദേശീയ അന്വേഷണ ഏജെന്‍സി ഈ കേസുകളെല്ലാം ഏറ്റെടുത്തത് എന്ന് അന്വേഷിക്കാന്‍ ഒരു 'ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും' തയ്യറായിട്ടില്ല. മുറുക്കാന്‍ കടയില്‍ പാന്‍ പരാഗ് വില്‍ക്കുന്നത് ഒളി ക്യാമറ വെച്ചു പകര്‍ത്തി ടെലികാസ്റ്റു ചെയ്ത് ആളാകുന്നത് മാത്രമല്ലാ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം എന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടാകേണ്ടതായിരുന്നു.

മഅദനി യു. ഡി. എഫിനെ ആയിരുന്നു സപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍, ഇപ്പോള്‍ മഅദനിയെയും സൂഫിയയെയും തീവ്രവാദികള്‍ എന്നു പറഞ്ഞുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തവര്‍ ഒരു പാവം മുസ്ലിം സ്ത്രീയെ പീഡിപ്പിക്കുന്നതിനെതിരെ അരയും തലയും മുറുക്കി രംഗത്തു വന്നേനെ. ഇപ്പോള്‍ ഉണ്ടായ സംഭവ വികാസങ്ങളിലെ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്. ആര് അന്വേഷിച്ചാലും യതാര്‍ഥ കുറ്റവാളികള്‍ രക്ഷപെടാന്‍ അനുവദിച്ചുകൂടാ എന്നുള്ളതാണ് ജനങ്ങളുടെ ആവശ്യം. പക്ഷേ അതിനെ അട്ടിമറിക്കുന്നതിനാണ് ഇപ്പോള്‍ കോണ്ഗ്രസ്സ് ശ്രമിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

2 comments:

  1. കണ്ടാൽകേട്ടാൽ തോന്നും തീവ്രവാദത്തിന്റെ ഉറവിടം തന്നെ കേരളമാണെന്ന്! അഥവാ ഇവിടെ മാത്രമേ തീവ്രവാദമുള്ളുവെന്ന്! ശരിക്കും തീവ്രവാദം ഉള്ള സംസ്ഥാനങ്ങളിലെ തീവ്രവാദക്കേസുകളൊക്കെ സി.ബി.ഐ ഏറ്റെടുത്താൽ പിന്നെ അതിനു മാത്രം കുറെ സി.ബി.ഐകൾ രൂപീകരിക്കേണ്ടിവരും. തീവ്രവാദത്തിന്റെ തീപ്പൊരികളിൽ കുറച്ചുമാത്രം പറന്നു തെറിച്ചു വീഴുന്ന കേരളത്തെ തീവ്രവാദ സംസ്ഥാനമായി ഇപ്പോൾ വരുത്തി തീർക്കേണ്ടത് ആരുടെയൊക്കെ ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം. പക്ഷെ ആ അറിവിനെ മറയ്ക്കുന്ന പ്രചരണങ്ങളുമായി തല്പരകക്ഷികളെ അകമഴിഞ്ഞു സഹായിക്കുന്ന മാധ്യമങ്ങൾ അവരുടെ തിമിരക്കാഴ്ചകളുമായി അരങ്ങു തകർക്കുകയല്ലേ?

    ReplyDelete