September 10, 2012

കൂടംകുളം പുകയുന്നു.... ഒപ്പം ആശങ്കകളും.

കൂടംകുളം പ്രതിഷേധത്തില്‍ ഒരു രക്തസാക്ഷിയുണ്ടായിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് ഭരണകൂടം സ്വന്തം ജനതക്ക് നേരെ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ ഒട്ടുമിക്ക ജനകീയ സമരങ്ങളെയും അടിച്ച്ചമര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് എന്നായിരുന്നു. പക്ഷെ വെറുമൊരു പ്രതിഷേധം എന്നതിലുപരി വളരെ വിശദമായിത്തന്നെ കാണേണ്ട ഒരു വിഷയമാണ്‌ കൂടംകുളം സമരം.എല്ലാ സമരങ്ങളുടെ മേലും ആരോപിക്കപ്പെടുന്നത് പോലെ ഈ പ്രതിഷേധത്തിനും വിദേശസഹായം, വിഘടനവാദം, ഭീകരവാദം മുതലായ പോസ്റ്റ്‌ മോഡേന്‍ തന്ത്രങ്ങളും പയറ്റി നോക്കിയിരുന്നു കേന്ദ്രഭരണകൂടം.  
നമുക്കെല്ലാം അറിയാവുന്നത് പോലെതന്നെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കടുംപിടുത്തവുമായി നിന്നിരുന്ന തമിഴ്‌നാടിനോട്‌ കേന്ദ്രസര്‍ക്കാര്‍ നിശബ്‌ദമായി നിന്നതിന്‍റെ പിന്നില്‍ കൂടുംകുളം പദ്ധതി എതിര്‍പ്പുകളില്ലാതെ കമ്മീഷന്‍ ചെയ്യാനുള്ള താത്‌പര്യങ്ങളായിരുന്നു എന്നത്‌ ഇപ്പോള്‍ പകല്‍പോലെ വ്യക്തമാണ്‌. കേരളം മുല്ലപ്പെരിയാറില്‍ സമരം ചെയ്യുന്നതിനേക്കാള്‍ എത്രയോ മടങ്ങ്‌ ശക്തമായി സാധാരണക്കാരായ തമിഴ്‌ജനത സമരം ചെയ്യുന്ന പ്രശ്‌നമാണ്‌ കൂടംകുളം ആണവപദ്ധതി. തലമുറകളെ പോലും ഗൗരവമായി ബാധിക്കുന്ന ഈ ആണവ പദ്ധതിക്കെതിരെ കൂടംകുളത്തെയും സമീപപ്രദേശങ്ങളിലെയും ജനത ഊണും ഉറക്കവും ഉപേക്ഷിച്ച്‌ സമരം ചെയ്യാന്‍ തുടങ്ങിയിട്ട്‌ കാലങ്ങളാകുന്നു. എന്നിട്ടും ഈ സമരങ്ങളെ മറ്റേതു ജനകീയസമരത്തെയും പോലെ തന്നെ അവഗണിച്ചുകൊണ്ട്‌ ആണവപദ്ധതി പ്രാവര്‍ത്തികമാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. തമിഴ്‌നാട്‌ സര്‍ക്കാരിനെ ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ കേന്ദ്രം ശ്രമിക്കുന്നു. കൂടംകുളം ഉയര്‍ത്തുന്ന ഭീഷിണികളെ വിശകലം ചെയ്യേണ്ടതുണ്ട്‌. കൂടംകുളം ഒരിക്കലും തമിഴ്‌നാട്ടിലെ മാത്രം ഒരു പ്രാദേശിക വിഷയമായി നമ്മള്‍  കേരളസമൂഹവും കാണാന്‍ പാടില്ല. മുല്ലപ്പെരിയാറിനേപ്പോലെ ഒരു പക്ഷെ അതിനേക്കാള്‍ ഭീഷിണി ഉയര്‍ത്തുന്ന മറ്റൊരു വിപത്താണ്‌ കേരളത്തിനു പോലും കുടംകുളം ആണവപദ്ധതി.
ഏതാണ്ട് ഇരുപത്തഞ്ചു വര്‍ഷത്തെ ചരിത്രം പറയാനുണ്ടാകും ഈ ആണവ പദ്ധതിക്ക്. 1988 ല്‍ രാജീവ്‌ ഗാന്ധിയും സോവിയറ്റ്‌ യൂണിയന്‍ പ്രസിഡന്റ്‌ മിഖായേല്‍ ഗോര്‍ബച്ചേവും ചേര്‍ന്ന്‌ ഒപ്പവെച്ച ആണവകരാര്‍ പദ്ധതിയില്‍ തുടങ്ങുന്നതാണ്‌ കൂടംകുളം ആണവപദ്ധതി. ആണവ മുങ്ങിക്കപ്പല്‍ സാങ്കേതികവിദ്യാ കൈമാറ്റത്തിനു വേണ്ടിയുള്ള കരാറായിരുന്നു ഇതെങ്കിലും ആണവ റിയാക്ടര്‍ കച്ചവടത്തിനു വേണ്ടിയുള്ള തീരുമാനങ്ങളും ഈ കരാറിലുള്‍പ്പെട്ടിരുന്നു. പിന്നീട്‌ വര്‍ഷങ്ങളോളും ഫയലില്‍ ഉറങ്ങിക്കിടന്ന കൂടംകുളം ആണവ പദ്ധതി 1997ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ദേവഗൗഡയും റഷ്യന്‍ പ്രസിഡന്റ്‌ ബോറിസ്‌ യെല്‍സിനും ചേര്‍ന്ന്‌ ഒരു തുടര്‍ ഉടമ്പടയില്‍ ഒപ്പുവെച്ചതോടെ സജീവമായി. ഈ ഉടമ്പടിയെ തുടര്‍ന്നാണ്‌ കൂടംകുളം ആണവപദ്ധതിയുടെ വിശദമായ പ്രോജക്ട്‌ തയാറാക്കപ്പെടുന്നതും ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നതും.

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുള്ള കൂടംകുളത്ത്‌ ആണവവൈദ്യുതോല്‍പാദനകേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതിയാണ്‌ കൂടംകുളം പ്രോജക്ട്‌. കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനിക്കപ്പെട്ടത്‌. കോതമംഗലത്ത്‌ ഭൂതത്താന്‍കെട്ടിലും പിന്നെ കാസര്‍കോട്ടും അതിനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ശക്തമായ സമരങ്ങള്‍ കാരണം തുരത്തിയോടിക്കപ്പെട്ടു. കേരളം പുറംതള്ളിയ ഈ ആണവ പദ്ധതിയാണ്‌ പിന്നീട്‌ കുടംകുളത്ത്‌ ചേക്കേറിയത്‌.
നാല്‌ ഘട്ടങ്ങളായി പൂര്‍ത്തികരിക്കാനുദ്ദേശിക്കുന്ന പദ്ധതിയില്‍ മൊത്തം 9200 മെഗാവാട്ട്‌ ഉത്‌പാദന ശേഷിയുള്ള ആറ്‌ റിയാക്ടറുകളാണ്‌ ഉണ്ടാവുക. 9200 മെഗാവാട്ട്‌ ഉത്‌പാദന ശേഷിയുള്ള ഒരു വൈദ്യുതോല്‍പാദന പദ്ധതി രാജ്യത്തിനെ സമഗ്ര വികസനത്തിലേക്ക്‌ കൊണ്ടെത്തിക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കേന്ദ്രസര്‍ക്കാരും, കോണ്‍ഗ്രസ്‌ നേതൃത്വവും ഒരേ സ്വരത്തില്‍ പറയുന്നു. മുന്‍ രാഷ്ട്രപതിയും ശാസ്‌ത്രജ്ഞനുമായ ഡോക്ടര്‍ എ.പി.ജെ അബ്ദുള്‍കലാമും ഇതേ അഭിപ്രായക്കാരനാണ്‌. കൂടംകുളം പദ്ധതിക്ക്‌ വേണ്ടി വാദിക്കുന്നവരില്‍ പ്രധാനിയാണ്‌ അദ്ദേഹം.
സര്‍ക്കാര്‍ പറയുന്നതൊക്കെ ശരി തന്നെ. വന്‍ വികസന ലക്ഷ്യങ്ങള്‍ നല്ലത്‌ തന്നെ പക്ഷെ...കൂടംകുളം ഇതിനെല്ലാം ഉപരിയായി ചില ഭീതികള്‍ നിലനിര്‍ത്തുന്നു എന്നതാണ്‌ ഇപ്പോഴുള്ള പ്രശ്‌നം. ഈ ഭീതികളുടെ എല്ലാം വലിയ ഉദാഹരണമായി ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തം ലോകജനതയുടെ മനസില്‍ ഇപ്പോഴും മറക്കാനാവാതെ നില്‍ക്കുന്നു. ഏറെ സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നു ഫുക്കുഷിമ ആണവനിലയം സുനാമിയെതുടര്‍ന്നാണ്‌ തകര്‍ന്നത്‌. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഇനിയും ഒരു ധാരണയിലെത്താന്‍ ശാസ്‌ത്രജ്ഞന്‍മാര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. ശാസ്‌ത്രം പറയുന്നത്‌ ഒരു ആണവനിലയം അടച്ചുപൂട്ടിയാല്‍പോലും അതില്‍ നിന്നുള്ള അണുവികരണ ഭീഷണി നാല്‍പതിനായിരം വര്‍ഷം നിലനില്‍ക്കുമെന്നാണ്‌. അപ്പോള്‍ പിന്നെ തര്‍ന്നുപോയ ഫുക്കുഷിമ ആണവനിലയം ഉയര്‍ത്തുന്ന ഭീഷണി എത്രത്തോളമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു.

കുടുംകുളം സമരം ശക്തിപ്പെട്ടതും ഫുക്കുഷിമ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്‌. കുടുംകുളത്തും മറ്റൊരു ഫുക്കുഷിമ ആവര്‍ത്തിക്കപ്പെട്ടാല്‍ എന്താണ്‌ സംഭവിക്കുക എന്ന ചോദ്യമാണ്‌ സമരക്കാര്‍ ഉയര്‍ത്തുന്നത്‌. ഇത്തരം അപകടങ്ങളുടെ പ്രത്യാഘാതങ്ങള്‍ മനുഷ്യരാശിയുടെ വേരുകളെത്തന്നെ നശിപ്പിക്കുന്നതാണ്. നമ്മുടെ രാജ്യത്തിന്‍റെ വായുവും, ജലവും, അന്തരീക്ഷവും മറ്റു പ്രകൃതി സമ്പത്തുകളും വന്‍ കോര്‍പ്പറേറ്റ്കള്‍ക്ക് തീറെഴുതിക്കൊടുക്കുകയും അതുമൂലം ലഭിക്കുന്ന അഴിമതിപ്പണം വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചു മഹത്തായ ജനാധിപത്യം പ്രസംഗിച്ചു ആദര്‍ശ ധീരരായി കഴിയുകയാണ് നമ്മുടെ ഭരണവര്‍ഗ്ഗം.
കോര്‍പറേറ്റുകളുടെ നിയന്ത്രണത്തില്‍ നിന്ന് ഭരണകൂടങ്ങള്‍ വിമുക്തമാകേണ്ടതുണ്ട്. മൈനിങ് മാഫിയകളുടെ കാര്യം തന്നെയെടുക്കാം. ഗോവയിലും ഒറീസ്സയിലും  കര്‍ണാടകയിലുമെല്ലാം സര്‍ക്കാറിന്‍റെ നയങ്ങള്‍ തീരുമാനിക്കുന്നതുതന്നെ ഖനി രംഗത്തെ ഭീമനായ വേദാന്ത കോര്‍പറേഷനാണ്. 4,000 കോടിയുടെ ഇരുമ്പ്, മാംഗനീസ് അയിരുകള്‍ അനധികൃതമായി വേദാന്ത കുഴിച്ചെടുത്തെന്ന് ഗോവ നിയമസഭയില്‍ മുഖ്യമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു. വേദാന്തയില്‍നിന്ന് കോടികള്‍ പറ്റുന്ന കോണ്‍ഗ്രസും ബി.ജെ.പിയും ഇവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ.
ആണവ നിലയങ്ങളുടെ സുരക്ഷയ്‌ക്ക്‌ ശക്തമായ സംവിധാനങ്ങളും സാങ്കേതിക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുപോലും റിയാക്‌ടറുകള്‍ പ്രകൃതി ക്ഷോഭങ്ങളില്‍ പൊട്ടിത്തെറിക്കുന്ന അനുഭവം, ജപ്പാന്‍ നല്‌കുന്ന ഒരു മുന്നറിയിപ്പാണ്‌. ജപ്പാനിലെ അണുവികിരണത്തെത്തുടര്‍ന്ന്‌, യൂറോപ്യന്‍ രാജ്യങ്ങള്‍ ആണവ നിലയങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശിച്ചിരുന്നു. ജര്‍മനി പഴയ റിയാക്‌ടറുകള്‍ അടച്ചുപൂട്ടാന്‍ തന്നെ തീരുമാനിച്ചു. അതേ സമയം, ഇന്ത്യപോലുള്ള വേണ്ടത്ര സുരക്ഷാക്രമീകരണങ്ങളില്ലാത്ത രാജ്യങ്ങളില്‍ `ആണവ രാഷ്‌ട്ര'മാകാനുള്ള വ്യഗ്രത ഇനിയും കൈവിടുന്നില്ലെന്നതാണ്‌ ഖേദകരം. ജപ്പാന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന്‌ പ്രധാനമന്ത്രി ഉറപ്പു നല്‌കിയെങ്കിലും പുതിയ ആണവ റിയാക്‌ടറുകള്‍ വേണ്ടെന്നു വെക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
കല്‍ക്കരിയും സൗരോര്‍ജവും ജലസ്രോതസ്സുകളും ധാരാളമുള്ള ഇന്ത്യയില്‍, അത്തരം അപകട രഹിതമായ ഊര്‍ജനിര്‍മാണ മാര്‍ഗങ്ങളിലേക്ക്‌ മടങ്ങേണ്ടിയിരിക്കുന്നു. ചെര്‍ണോബില്‍ ദുരന്തരവും, ഫുകുഷിമോയിലെ ആണവ റിയാക്‌ടര്‍ സ്‌ഫോടനവുമൊക്കെ ആണവ പദ്ധതികളെക്കുറിച്ച്‌ പുനരാലോചിക്കാനുള്ള അവസരമായിത്തീരേണ്ടതുണ്ട്‌.
 
ശാസ്‌ത്ര-സാങ്കേതിക രംഗം എത്രയധികം പുരോഗമിച്ചാലും പ്രകൃതിക്ഷോഭങ്ങള്‍ ഇല്ലാതാക്കാനാകില്ല: നാശനഷ്‌ടങ്ങള്‍ ഒട്ടൊക്കെ ലഘൂകരിക്കാമെന്നതല്ലാതെ. എന്നാല്‍, പ്രകൃതിയുടെ താളം തകര്‍ക്കുന്ന അമിതോല്‌പാദനവും ആ വഴിക്കുള്ള ലക്കുകെട്ട വികസന ത്വരയും ഉപേക്ഷിച്ചേ മതിയാകൂ. ഇല്ലെങ്കില്‍ ജപ്പാന്‍ നല്‌കിയതിനേക്കാള്‍ കടുത്ത വില ഭാവിയില്‍ ഓരോ രാജ്യവും നല്‌കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
കുടംകുളം ഒരിക്കലും തമിഴ്‌നാട്ടിലെ ഒരു പ്രദേശിക പ്രശെനമല്ല. തമിഴ്‌നാട്‌ സര്‍ക്കാര്‍ പോലും ഈ വിഷയത്തിന്റെ ഗൗരവം പൂര്‍ണ്ണമായും മനസിലാക്കിയിട്ടില്ല. കേരളത്തിലെ തിരുവനന്തപുരത്തിന്റെ ഭാഗങ്ങള്‍ കൂടംകുളത്തിന്റെ നൂറു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ വരും എന്നത്‌ ഓര്‍മ്മിക്കുമ്പോള്‍ കേരളവും ഈ ഭീഷിണിക്കുള്ളിലാണ്‌ എന്നത്‌ വസ്‌തുതയാകുന്നു. ഫുക്കുഷിമയില്‍ ദുരന്തമുണ്ടായപ്പോള്‍ ആണവ വികരണത്തിന്റെ ആഘാതങ്ങള്‍ 200കിലോമീറ്റര്‍ ചുറ്റളവിലേക്ക്‌ എത്തിയിരുന്നു എന്നത്‌ ഓര്‍മ്മിക്കുക. അപ്പോള്‍ പിന്നെ കേരളത്തിലെ നല്ലൊരു ഭാഗം പ്രദേശങ്ങളും കുടുംകുളം പദ്ധതിയുടെ ഭീതിയില്‍ തന്നെയാണ്‌.

1 comment:

  1. ഊർജ്ജ പ്രതിസന്ധി വന്ന് നമ്മളെല്ല്ലാം അങ്ങു മരിക്കുന്നെങ്കിൽ മരിക്കട്ടെ. പക്ഷെ ആണവ നിലയങ്ങൾ നമുക്ക് വേണ്ട. പേടിച്ച് പേടിച്ച് നാമെങ്ങനെ സ്വസ്ഥമായി ജീവിക്കും? ആണവ നിലയം ഉണ്ടാക്കുന്നതൊന്നുമല്ല വികസനം.

    ReplyDelete