May 05, 2009

ഷൂ. എറിഞ്ഞതും, കൊണ്ടതും, വീണതും


എറിഞ്ഞതു ചിദംബരത്തിനു നേരെ, കൊണ്ടതു സോണിയാജിക്ക്‌, വീണതു ജഗദീഷ്‌ ടൈറ്റ്‌ലറും സജ്ജന്‍കുമാറും, നൊന്തതാകട്ടെ; കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌! വീണ്ടും ഇതാ ഒരു ഷൂ പ്രതിഷേധത്തിന്റെയും തിരിഞ്ഞുകുത്തുന്ന ചരിത്രത്തിന്റെയും പ്രതീകമായിരിക്കുന്നു. 

ഷൂവിന്റെയും ചെരുപ്പിന്റെയും ചരിത്രവും ദൗത്യവും മാറുകയാണ്‌. ഇതിന്റെ പേറ്റന്റ്‌ തീര്‍ച്ചയായും ഇറാഖി പത്രപ്രവര്‍ത്തകന്‍ മുന്‍തദര്‍ അല്‍സൈദിക്ക്‌.അധികാരവും മെയ്യൂക്കും കൊണ്ട്‌ നിസ്സഹമായരായ ജനതയെ ദ്രോഹിച്ചുവിടുന്നവര്‍ക്ക്‌ ഈ ഷൂവില്‍ നല്ല പാഠം. മുറിവുകള്‍ ഉണ്ടാക്കുന്നവര്‍ കരുതിയിരിക്കുക, ഇത്തരം ഒരു മുറിവും ഉണങ്ങുകയില്ല, അതു വ്രണമായി, വേദനയായി, പ്രതിഷേധമായി, ചരിത്രത്തിന്റെ തിരുമുറിവായി അവശേഷിക്കും, വേട്ടയാടും. അക്രമികള്‍ പഠിക്കുക, പഠിച്ചുകൊണ്ടേയിരിക്കുക. ഇതു കാലത്തിന്റെ പാഠപുസ്‌തകമാണ്‌.1984ലെ ഇന്ദിരാവധമായിരുന്നു പശ്ചാത്തലം. പ്രധാനമന്ത്രിയെ വെടിവച്ചുകൊന്നത്‌ സിഖ്‌ സമുദായത്തില്‍പെട്ട ഒരാളായി എന്നത്‌ എങ്ങനെ ഒരു സമുദായത്തിന്റെ കുറ്റമാകും? ഒരു ജനതയെ ഒന്നാകെ വേട്ടയാടാന്‍ അതെങ്ങനെ കാരണമാകും? ഒറ്റരാത്രി, ഒരേയൊരു രാത്രി. മൂവായിരത്തോളം സിഖുകാരെയാണു വേട്ടയാടിയത്‌. എങ്ങനെയാണ്‌ ആ ഒക്‌ടോബര്‍ 31ന്റെ മുറിവുണങ്ങുക? ഒരു ജനത അതു മറന്നില്ലെങ്കില്‍ എന്തിനത്ഭുതം?സോണിയയും രാഹുലും സിഖ്‌സമുദായത്തോടു മാപ്പുപറഞ്ഞതാണ്‌; ഡോ. മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രിക്കസേരയിലെത്തിച്ചതും ഒരു പ്രായശ്ചിത്തമാണ്‌. മി.സിംഗിന്‌ ഒരവസരം കൂടി നല്‍കുന്നതിനു പിന്നിലും ഇതേ വികാരമുണ്ട്‌. പക്ഷേ, എല്ലാം പിഴച്ചു. കാല്‍നൂറ്റാണ്ടു പിന്നിട്ടിട്ടും ഇമ്മാതിരി ചികിത്സകള്‍ നടന്നിട്ടും ആ മുറിവുണങ്ങിയിട്ടില്ല. നിസ്സഹായരെ വേട്ടയാടാനിറങ്ങുന്നവര്‍ ഓര്‍ക്കുക, ബാബരിമസ്‌ജിദും ഗുജറാത്തും ഒരു വിഭാഗത്തിന്റെ മാര്‍ഗേ കിടക്കുന്ന മര്‍ക്കടനാകുന്നുണ്ടല്ലോ.

സിഖ്‌വിരുദ്ധ കലാപക്കേസില്‍ ജഗ്‌ദീഷ്‌ ടൈറ്റ്‌ലര്‍ക്കു സിബിഐ ക്ലീന്‍ചീറ്റ്‌ നല്‍കിയതാണ്‌ പഴയ മുറിവിന്റെ പൊറ്റയടര്‍ത്തിയത്‌. ടൈറ്റ്‌ലര്‍ക്ക്‌ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമായിരുന്നു. അതിനു വഴിയൊരുക്കുക എന്ന സദുദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. ആരു കണ്ടു അതിവ്വിധം പൊല്ലാപ്പാകുമെന്ന്‌. കാലം ഒന്നും മറന്നുകളയുന്നില്ല; അക്രമകാരികള്‍ക്കുള്ള പാഠമാണിത്‌.കലാപത്തിന്റെ ഇരകള്‍ ഇപ്പോഴും മനസ്സില്‍ തീയുമായി നടക്കുന്നതില്‍ കാര്യമില്ലാതെയുമില്ല. കടന്നുപോയത്‌ ഇരുപത്തഞ്ചു വര്‍ഷങ്ങളാണ്‌. ഒരു ജനതയെ ഒന്നാകെ വേട്ടയാടിയ കുറ്റവാളികള്‍ ഒരാള്‍പോലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. അന്വേഷണങ്ങള്‍, കമ്മീഷനുകള്‍, റിപ്പോര്‍ട്ടുകള്‍, കോടതി നടപടികള്‍ എല്ലാ അനന്തം. ഒന്നിനും ഒരു തീര്‍പ്പുമില്ല. 

കലാപ ദല്ലാളന്മാരും അന്നത്തെ മേസ്‌ത്രിമാരും ഇരകള്‍ക്കു മുമ്പില്‍ നിര്‍വിഘ്‌നം കവാത്തു നടത്തുന്നു. എങ്ങനെയാണ്‌ മുറിവുണങ്ങുക? ഇതു കോണ്‍ഗ്രസിനു മാത്രമുള്ള പാഠമല്ല; ബിജെപിക്കും മറ്റെല്ലാ പരാക്രമികള്‍ക്കുമുള്ള പാഠമാണ്‌.ജര്‍ണയില്‍ സിംഗ്‌ എന്ന സിഖ്‌ പത്രപ്രവര്‍ത്തകന്‍ വലിച്ചെറിഞ്ഞ വെള്ള സ്‌പോര്‍ട്‌സ്‌ ടൈപ്പ്‌ ഷൂ ഒരു സമുദായത്തെയാകെ ഇളക്കിയിരിക്കുന്നു. ഈ ഇളക്കം ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജയസാധ്യതകളെ ബാധിച്ചേക്കാം എന്നതും നേര്‌. ഇനിയുമുണ്ട്‌ നേര്‌; ഇവ്വിധം പ്രതിഷേധിച്ച്‌ മതേതരചേരിയുടെ അവസരങ്ങള്‍ തുലച്ചുകളഞ്ഞാല്‍ രാജ്യത്ത്‌ പകരം വരുന്നത്‌ എന്താകും? പഴയതിലും വലിയ കലാപ മാനേജര്‍മാരുടെ പുനരവതാരം. അതുചിതമാണോ?കാലത്തിനു മുറിവുകള്‍ ഉണക്കാന്‍ കഴിയണം. ഇല്ലെങ്കില്‍ മാനവകുലത്തിന്‌ ഈ ഭൂമി നരകമാകും. മറക്കാനും പൊറുക്കാനും കഴിയുന്നില്ലെങ്കില്‍ ചരിത്രത്തിലെ കുഴിമാടങ്ങളില്‍ നിന്നു ദുരന്തങ്ങളുടെ അസ്‌തികൂടങ്ങളെല്ലാം എഴുന്നേറ്റുവരും. പിന്നെ എങ്ങനെയാണ്‌ ഈ ഭൂമിയില്‍ ജീവിക്കാനാവുക? ഓര്‍മിപ്പിക്കാം, പാഠമാക്കാം. അതിനപ്പുറം വ്രണങ്ങള്‍ കുത്തിപ്പഴുപ്പിച്ചു സജീവമാക്കി നിറുത്തിയാല്‍ അതു ദുരന്തങ്ങളുടെ ആവര്‍ത്തനമാകും. കോണ്‍ഗ്രസ്‌ ഓര്‍ത്തിരിക്കുക, സിഖ്‌ സമുദായം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുക, അതിനപ്പുറമാകുന്നത്‌ പുതിയ ദുരന്തമാകും.

May 02, 2009

പ്രഭാകരനോടെ പ്രശ്‌നം തീരുമോ?.

പ്രഭാകരനോടെ പ്രശ്‌നം തീരുമോ?.

ശ്രീലങ്കയിലെ വംശീയ സംഘര്‍ഷത്തിന്റെ സുദീര്‍ഘമായ ചരിത്രത്തില്‍ എല്‍.ടി.ടി.ഇ. വന്‍ തിരിച്ചടികള്‍ നേരിട്ടിട്ടുണ്ട്‌. അതോടൊപ്പം വമ്പന്‍ വിജയങ്ങളും നേടിയിട്ടുണ്ട്‌. ഈ സന്ദര്‍ഭങ്ങളിലെല്ലാം പ്രഭാകരന്‍ ശ്രദ്ധേയമായ തിരിച്ചുവരവുകള്‍ നടത്തിയിട്ടുണ്ട്‌. ഏറ്റവും മോശമായ സമയത്തുപോലും അദ്ദേഹം പ്രതീക്ഷ കൈവിട്ടിരുന്നില്ല. ബാഹ്യപരിസ്ഥിതിയെയും ആഭ്യന്തര വൈരുധ്യത്തെയും തന്റെ നേട്ടങ്ങള്‍ക്ക്‌ സമര്‍ഥമായി വിനിയോഗിച്ച്‌ ഓരോ തവണയും പ്രഭാകരന്‍ ശക്തമായി തിരിച്ചെത്തി. 1987 മെയില്‍ വടമരച്ചിയില്‍ സൈനിക നടപടികളെത്തുടര്‍ന്ന്‌ പുലികള്‍ക്ക്‌ യുദ്ധമുഖത്തുനിന്ന്‌ ഓടേണ്ടി വന്നു. 1988-89 ല്‍ ഇന്ത്യന്‍ സമാധാനസേന വാന്നി വനാന്തരങ്ങളില്‍ ഗറില്ലകളെ വളഞ്ഞു. 1995-96 ല്‍ ചന്ദ്രിക കുമാരതുംഗെ പ്രസിഡന്റായിരുന്നപ്പോള്‍ ജാഫ്‌ന വിടാന്‍ എല്‍.ടി.ടി.ഇ. നിര്‍ബന്ധിതരായി. എലിഫന്റ്‌ പാസ്‌, കിളിനൊച്ചി, മുല്ലൈത്തീവ്‌ തുടങ്ങിയ അവരുടെ ശക്തികേന്ദ്രങ്ങള്‍ അവര്‍ക്ക്‌ നഷ്‌ടപ്പെട്ടു. എന്നാല്‍ രണ്ടുവര്‍ഷത്തിനകം ശക്തി വീണ്ടെടുത്ത്‌ തിരിച്ചുവരാനും നഷ്‌ടപ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനും ശ്രീലങ്കന്‍ സൈന്യത്തിന്‌ കനത്ത ആഘാതമേല്‌പിക്കാനും അവര്‍ക്ക്‌കഴിഞ്ഞു. പക്ഷേ, ഇപ്പോള്‍ സാഹചര്യങ്ങള്‍ നാടകീയമായി മാറിയിരിക്കുന്നു.

2002 ല്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടുമ്പോള്‍ തമിഴ്‌ ഈഴമെന്ന കല്‌പിത രാഷ്ട്രം വടക്കും കിഴക്കുമുള്ള എട്ട്‌ ജില്ലകളുടെ പൂര്‍ണ നിയന്ത്രണം വഹിച്ചിരുന്നു. ഈ ലേഖനമെഴുതുമ്പോഴാകട്ടെ, പുലികളുടെനിയന്ത്രണത്തിലുള്ളത്‌ വാന്നി വനത്തിന്റെ എട്ടു കിലോമീറ്റര്‍ മാത്രം. പുലിത്തലവന്‍ പ്രഭാകരന്റെ സന്തത സഹചാരിയായിരുന്ന കീഴടങ്ങിയ ദയാമാസ്റ്റര്‍ പറയുന്നത്‌ പ്രഭാകരനും ഇന്റലിജന്‍സ്‌ മേധാവി പൊട്ടുഅമ്മനും കടല്‍പ്പുലികളുടെ തലവന്‍ സൂസൈയും പ്രഭാകരന്റെ മകന്‍ ചാള്‍സ്‌ ആന്റണിയും മുങ്ങിക്കപ്പലില്‍ രക്ഷപ്പെടാനൊരുങ്ങുകയാണെന്നാണ്‌
. പെട്ടെന്നുള്ളഈ സംഭവവികാസങ്ങള്‍ പ്രഭാകരന്റെ അന്ത്യത്തെയാണോ സൂചിപ്പിക്കുന്നത്‌? ഈ ദയനീയമായ പരിതസ്ഥിതിയെ എങ്ങനെ വിശദീകരിക്കാനാവും? ഇന്ത്യന്‍ സര്‍ക്കാറിന്റെയും തമിഴ്‌നാട്‌ ഭരണകൂടത്തിന്റെയും രഹസ്യവും പരസ്യവുമായ പിന്തുണയോടെ തമിഴ്‌സായുധ കലാപം ശക്തിനേടിത്തുടങ്ങിയപ്പോള്‍ അവരോട്‌ വലിയ സഹാനുഭൂതിയും ഉണ്ടായിരുന്നു. സായുധ കലാപകാരികളുടെ ഹിംസയെ രാഷ്ട്രം നടത്തുന്ന ഭീകരാക്രമണത്തിനെതിരെയുള്ള നീതീകരിക്കാവുന്ന പ്രതികരണമായാണ്‌ അക്കാലത്ത്‌ ശ്രീലങ്കന്‍ നിരീക്ഷകര്‍ കണ്ടത്‌. പക്ഷേ, പുലികള്‍ക്ക്‌ ആ പെരുമ നഷ്‌ടപ്പെട്ടു. അവര്‍ നിഷ്‌കളങ്കരായ സിംഹളപൗരന്‍മാരെ ആക്രമിക്കാന്‍ തുടങ്ങി. മേല്‍ക്കൈ നേടാനുള്ള ആര്‍ത്തിയോടെ തങ്ങളുടെ തമിഴ്‌ എതിരാളികളെത്തന്നെ ഉന്‍മൂലനം ചെയ്യാനും തുടങ്ങി. അനുരാധപുരത്തെ ബുദ്ധിസ്റ്റ്‌ തീര്‍ഥാടകര്‍ക്കുനേരെയുള്ള നീചമായ ആക്രമണം, സബരത്‌നനം ഉള്‍പ്പെടെയുള്ള ടി.ഇ.എല്‍.ഒ. അണികളുടെയും ഇ.പി.ആര്‍.എല്‍.എഫ്‌. നേതാവ്‌ പത്മനാഭയുടെയും ക്രൂരമായ കൊലപാതകം, അമൃതലിംഗം, യോഗേശ്വരന്‍, നീലന്‍ തിരുശെല്‍വം, കീത്തീശ്വരന്‍, ലക്ഷ്‌മണന്‍ കതിര്‍ഗമര്‍ തുടങ്ങിയ മിതവാദികളായ തമിഴ്‌നേതാക്കളുടെ ഉന്‍മൂലനം, ജാഫ്‌നയിലെ തമിഴ്‌ സംസാരിക്കുന്ന മുസ്‌ലിങ്ങള്‍ 72 മണിക്കൂറിനകം ഒഴിഞ്ഞുപോകാന്‍ ആജ്ഞാപിച്ചുകൊണ്ട്‌ നടത്തിയ വംശീയ തുടച്ചുനീക്കല്‍, ദലിദ മലിഗാവ ക്ഷേത്രത്തില്‍ നടത്തിയ അക്രമം, രാജീവ്‌ഗാന്ധിയുടെ നിന്ദ്യമായ കൊലപാതകം.. ഇതൊക്കെ ഒരിക്കല്‍ എല്‍.ടി.ടി.ഇ.യോട്‌ സഹതാപം കാട്ടിയവരെ അതില്‍നിന്ന്‌ പിന്തിരിപ്പിച്ചു. ശ്രീലങ്കന്‍ സേനയെക്കാള്‍ കൂടുതല്‍ തമിഴ്‌നേതാക്കളെ തമിഴ്‌പുലികള്‍തന്നെ കൊന്നൊടുക്കി. അങ്ങനെ വംശീയാന്തര സംഘര്‍ഷമായി തുടങ്ങിയ തമിയ്‌കലാപം ആ വംശത്തിനകത്തുതന്നെയുള്ള കലാപമായി അധഃപതിച്ചു. സ്വീകാര്യമായ പരിഹാരമുണ്ടാക്കാനാവുമായിരുന്ന അവസരങ്ങളെല്ലാം സ്വതന്ത്ര രാഷ്ട്രമെന്ന ഏകപക്ഷീയമായ നിശ്ചയത്തോടെ പ്രഭാകരന്‍ നിരാകരിച്ചു. ചില പരിമിതികളുണ്ടായിരുന്നെങ്കിലും 1987-ലെ ഇന്ത്യ-ശ്രീലങ്കന്‍ കരാര്‍ അവസരത്തിന്റെ ജാലകം തുറക്കുന്നതായിരുന്നു. പ്രഭാകരന്റെ വഴക്കമില്ലായ്‌മയും സിംഹള മുരട്ടുവാദികളുടെ എതിര്‍പ്പും കാരണം ഈ കരാര്‍ ഭിന്നതയുടെ സ്രോതസ്സായി. ശ്രീലങ്കയെ അധികാര വികേന്ദ്രീകരണത്തോടെ മേഖലകളുടെ യൂണിയനാക്കാനുള്ള സത്യസന്ധമായ ശ്രമം പ്രസിഡന്റായിരുന്ന ചന്ദ്രിക കുമാരതുംഗെ നടത്തി. പത്തുവര്‍ഷം ഇടക്കാല ഭരണത്തിന്റെ ചുമതല എല്‍.ടി.ടി.ഇ.ക്ക്‌ ആയിരിക്കുമെന്ന സൂചനയും നല്‍കി. ഇവിടെയും പ്രഭാകരന്റെ മൗലികവാദമായിരുന്നു പ്രധാന തടസ്സം. അതുപോലെ തന്നെ, റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സമാധാന ചര്‍ച്ചകളെത്തുടര്‍ന്നുണ്ടായ ദീര്‍ഘകാല വെടിനിര്‍ത്തല്‍ ഒരു ഫെഡറല്‍ പരിഹാരത്തിലേക്ക്‌ നയിക്കേണ്ടതായിരുന്നു. സിംഹള രാഷ്ട്രീയവും സര്‍ക്കാറിനോട്‌ സഹകരിക്കാനുള്ള പ്രഭാകരന്റെ വിമുഖതയും സായുധ സംഘര്‍ഷം വീണ്ടും തുടരാന്‍ കാരണമായി.
തമിഴ്‌ വോട്ടര്‍മാരോട്‌ തിരഞ്ഞെടുപ്പില്‍ നിന്ന്‌ വിട്ടുനില്‍ക്കാന്‍ എല്‍.ടി.ടി.ഇ. ആവശ്യപ്പെട്ടതു കാരണം മഹിന്ദ രാജപക്‌സെ പ്രസിഡന്റായത്‌ സാഹചര്യങ്ങളുടെ വൈരുധ്യമായി. ഇക്കാലത്ത്‌ പുലികള്‍ അന്തര്‍ദേശീയമായി കൂടുതല്‍ ഒറ്റപ്പെട്ടു. കൂടുതല്‍ രാഷ്ട്രങ്ങള്‍ എല്‍.ടി.ടി.ഇ.യെ ഭീകരസംഘടനയെന്ന്‌ മുദ്രകുത്തി നിരോധിച്ചു. യുദ്ധോപകരണങ്ങളുടെ ലഭ്യത നിലച്ചതും ബോംബാക്രമണങ്ങളെ ചെറുക്കാനാവാത്തതും പുലികളുടെ നാശത്തിന്‌ തുടക്കമായി. ശക്തമായ പ്രതിരോധമുണ്ടായിട്ടും കിളിനൊച്ചിയും എലിഫന്റ്‌ പാസ്സും മുല്ലൈത്തീവും വീഴുന്നത്‌ തടയാന്‍ പുലികള്‍ക്കായില്ല. പുതുക്കുടിയിരിപ്പിലെ ചെറുത്തു നില്‌പിനിടെ മികച്ച സേനാധിപന്മാരെ നഷ്‌ടപ്പെട്ടതോടെ സാമ്പ്രദായിക സേനയെന്ന നിലയില്‍ എല്‍.ടി.ടി.ഇ.യുടെ ചരമഗീതം കുറിക്കപ്പെട്ടു. തമിഴ്‌ പൗരന്മാരെ മനുഷ്യകവചങ്ങളാക്കി നിലനിര്‍ത്താന്‍ പുലികള്‍ സ്വീകരിച്ച മനുഷ്യത്വഹീനമായ നടപടികളും ശ്രീലങ്കന്‍ വ്യോമസേനയുടെ ബോംബാക്രമണങ്ങളും സുരക്ഷാ മേഖലകളെ ലോകത്തെ കുപ്രസിദ്ധ കൊലക്കളങ്ങളാക്കി മാറ്റി. നിര്‍ണായകമായ ചോദ്യം ശേഷിക്കുന്നു. പുലികളുടെ പതനത്തെത്തുടര്‍ന്ന്‌ ഐക്യശ്രീലങ്കയില്‍ തമിഴ്‌ സ്വത്വത്തെ സംരക്ഷിക്കാനും പോഷിപ്പിക്കാനും ഭരണഘടനാപരമായ പരിഷ്‌കാരങ്ങള്‍ ഉണ്ടാവുമോ? അതോ, സൈനിക വിജയത്തില്‍ മത്തുപൂണ്ട്‌ പ്രസിഡന്റ്‌ രാജപക്‌സെ പരാജിതരുടെ മേല്‍ വിജയികള്‍ അടിച്ചേല്‌പിക്കുന്ന തരം പരിഹാരം അടിച്ചേല്‌പിക്കുമോ? ശ്രീലങ്കയുടെ ചരിത്രത്തില്‍ ഒരു ദുരന്ത അധ്യായം അവസാനത്തിലേക്ക്‌ അടുക്കുന്നു. അതുപോലെ തന്നെഭയാനകമായ മറ്റൊരധ്യായം ഉടനെ തുടങ്ങിയേക്കാം.