July 05, 2011

അഴിമതി കഥകളാല്‍ നാറുന്ന (നീറുന്ന) ഇന്ത്യ ...


എന്റെയൊക്കെ ചെറുപ്പകാലത്ത്  ഈ അഴിമതി എന്ന് പറയുന്ന സാധനത്തിനു വലിയ ഡിമാണ്ട് ഉണ്ടായിരുന്നെങ്കിലും സാധാരണക്കാരന്‍റെ ഇടയില്‍ എപ്പോഴും അഴിമതിക്കാര്‍ ഒരു നാണക്കേട് തന്നെയായിരുന്നു. ഞങ്ങളുടെയൊക്കെ കേട്ടറിവില്‍ ഇത്തരം അഴിമതി നടത്തിയിരുന്നവര്‍ വളരെ വിരലില്‍ എണ്ണവുന്നവര്‍ മാത്രമായിരുന്നു. അതും നക്കാപിച്ച കൈക്കൂലി വാങ്ങിയ ഗുമാസ്തന്മാര്‍, റോഡ്‌ കരാറില്‍ തിരിമറി നടത്തിയ കോണ്ട്രാക്ടന്മാര്‍ പദ്ധതികളില്‍ പതിനായിരങ്ങള്‍ വെട്ടിച്ച പഞ്ചായത്ത് പ്രസിടന്റുമാര്‍ അങ്ങനെ നീളുന്നു ആ പട്ടിക.

എന്നാല്‍ അസാധാരണമായ കുറേ വാര്‍ത്തകളാണ് ഈയിടെയായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒരു മുന്‍മന്ത്രി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ടു. അതിലേറെ വലിയ വാര്‍ത്ത ഒരു കേന്ദ്രമന്ത്രി അഴിമതിക്കേസില്‍ അകപ്പെട്ട് മന്ത്രിപ്പണി നഷ്ടപ്പെട്ട് ജയിലിലായി എന്നതാണ്. തൊട്ടു പിന്നാലെ വരുന്ന വാര്‍ത്ത, പുതുച്ചേരിയിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് കൈപ്പറ്റി ചോദ്യം ചെയ്യലിന് വിധേയനായി എന്നതാണ്. ഒടുവില്‍ ഏഷ്യന്‍ ഗെയിംസ് നടത്തിയ ഒളിംപിക് കമ്മിറ്റി ചെയര്‍മാന്‍ കേസില്‍ കുടുങ്ങി എന്ന വാര്‍ത്തയും വന്നെത്തി. ഇതിനിടയിലാണ്, ദില്ലിയിലെ ജന്തര്‍മനന്ദറില്‍ അണ്ണാ ഹസാരെ എന്ന എന്ന ഗാന്ധിയന്‍ നിരാഹാരസമരം ആരംഭിച്ചതും രാജ്യം അദ്ദേഹത്തെ പിന്തുണച്ചതും. പൊതുജീവിതത്തിലെ അഴിമതി തടയുവാനുള്ള ജന്‍ ലോപാല്‍ ബില്‍ ലോക് സഭയില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അണ്ണാ ഹസാരെയുടെ സമരം. തലസ്ഥാനനഗരം വേനല്‍ച്ചൂടിലേക്ക് കടക്കുമ്പോള്‍ അതിലേറെ ചൂടും പുകയുമുയര്‍ത്തി അണ്ണാ ഹസാരെയുടെ സമരം. സര്‍ക്കാര്‍ ഓഫീസിലെ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ പിടികൂടാന്‍ പൊടിയിട്ട നോട്ട് നല്കി കാത്തിരിക്കുന്ന അഴിമതിവിരുദ്ധ ഉദ്യോഗസ്ഥന്മാര്‍ക്ക് കടന്നുനോക്കുവാന്‍ പോലും സാദ്ധ്യമാവാത്ത ഉയരത്തില്‍ അധികാരികള്‍ നടത്തുന്ന വമ്പിച്ച അഴിമതിയുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തുവന്നുകൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ് അണ്ണാ ഹസാരെയുടെ നിരാഹാരസമരം. സ്വാഭാവികമായും അഴിമതിക്കാരും അതിന്റെ ഗുണഭോക്താക്കളുമല്ലാത്ത എല്ലാവരും മനസ്സുകൊണ്ടെങ്കിലും അണ്ണാ ഹസാരെയെ പിന്തുണച്ചു. രാജ്യവ്യാപകമായി യുവാക്കളുടെ പിന്തുണയാര്‍ജ്ജിച്ച അണ്ണാ ഹസാരെയുടെ പോരാട്ടം നമ്മുടെ രാജ്യത്തിന്റെ വര്‍ത്തമാനകാലത്തെക്കുറിച്ച് പ്രത്യാശനല്കുന്നതാണ്.

ഇടമലയാര്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ആര്‍. ബാലകൃഷ്ണപിള്ള എന്ന മുന്‍ കേരളമന്ത്രി തടവിലായത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ച ആദ്യത്തെ കേരളമന്ത്രി എന്ന വിശേഷണത്തിന് അതോടെ അദ്ദേഹം അര്‍ഹനായി. കേരളത്തിലെ നിരവധി മന്ത്രിമാരുടെ പേരില്‍ അഴിമതി ആരോപണം ഉണ്ടായിട്ടുണ്ട്. അഴിമതി ആരോപണം കേള്‍ക്കേണ്ടിവന്നിട്ടില്ലാത്ത മന്ത്രിമാരില്ല എന്നുവേണം പറയാന്‍. പല അഴിമതി ആരോപണങ്ങളും വായുവില്‍ പറന്നുകളിക്കുകയും മാദ്ധ്യമങ്ങളില്‍ കുറച്ചുനാള്‍ നിറഞ്ഞുനില്ക്കുകയും ചെയ്ത് മാഞ്ഞുപോകും. ചിലത് നിയമസഭയില്‍ ഉന്നയിക്കുകയും തര്‍ക്കിക്കുകയും ചെയ്ത് അവസാനിപ്പിക്കും. വേറെ ചിലത് കേസായി കോടതി കയറും. വളരെ അപൂര്‍വ്വമായേ അങ്ങനെ സംഭവിക്കാറുള്ളൂ. അഴിമതി ആരോപണങ്ങളുടെ എണ്ണംവെച്ച് നോക്കിയാല്‍ പ്രായോഗികകാരണങ്ങളാല്‍ എല്ലാ അഴിമതി ആരോപണവും നിയമത്തിനുമുന്നില്‍ കൊണ്ടുപോകാനാവില്ല. രാഷ്ട്രീയക്കാര്‍ തങ്ങളുടെ എതിരാളികള്‍ക്കെതിരെയാണ് അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ്. ഇതെല്ലാം കോടതിയിലെത്തിച്ച് തെളിയിക്കാന്‍ പുറപ്പെട്ടാല്‍ വേറെയൊന്നിനും സാധിക്കാത്തവിധം പണിത്തിരക്കിലായിപ്പോകും നമ്മുടെ രാഷ്ട്രീയനേതാക്കള്‍. എന്നുമാത്രമല്ല, വേദിയില്‍ കയറി പ്രസംഗിക്കുന്നതിനപ്പുറം വല്ല പണിയും നേരെ ചെയ്ത് പൂര്‍ത്തീകരിക്കാനുള്ള വൈഭവമുള്ളവരും രാഷ്ട്രീയനേതാക്കളില്‍ കുറവാണു്. പ്രസംഗിക്കുന്നതുപോലെ എളുപ്പമല്ലല്ലോ പ്രവര്‍ത്തനം. ആരോപണം ഉന്നയിക്കുക എളുപ്പമാണ്, പക്ഷെ അത് തെളിയിക്കുക എന്നത് പ്രയാസകരമാണ്. ആരോപണം തെളിയിച്ചില്ലെങ്കിലും, ആരും ദിവ്യന്മാരല്ല എന്ന് തോന്നിപ്പിക്കുവാന്‍ സാധിക്കും എന്ന ഗുണം അതിനുണ്ട്. പലപ്പോഴും ആരോപണങ്ങളുടെ ഉദ്ദേശ്യം അതുതന്നെയാണ് എന്നുവേണം മനസ്സിലാക്കാന്‍. അങ്ങനെയല്ലാതെ വന്ന ചില അഴിമതി ആരോപണങ്ങളില്‍ ഒന്നാണ് ഇടമലയാര്‍ കേസ്.

1980 മുതല്‍ 1987 വരെ വൈദ്യുതിവകുപ്പ് മന്ത്രിയായിരുന്ന ആര്‍ ബാലകൃഷ്ണപിള്ള പൊതുഖജനാവിന് രണ്ടുകോടിരൂപ നഷ്ടമുണ്ടാകത്തക്കവിധം ഇടമലയാര്‍ ജലവൈദ്യുതപദ്ധതിയുടെ പവര്‍ ടണലും സര്‍ജ് ഷാഫ്റ്റും പണിയുവാനായി യാതൊരു നീതീകരണലുമില്ലാത്തവിധം പെരുപ്പിച്ച തുകയ്ക്ക് കെ. പി. പൗലോസിന് കരാര്‍ നല്കിയെന്നായിരുന്നു ആരോപണം. ജസ്റ്റീസ് സുകുമാരന്‍ കമ്മീഷന്‍ ഈ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ നിയുക്തമായി. കമ്മീഷന്റെ തീരുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് നിയമനടപടികള്‍ ആരംഭിക്കുന്നത്. പതിനൊന്ന് പ്രതികളില്‍ എട്ടുപേരെ കോടതി വെറുതെ വിട്ടു. ബാലകൃഷ്ണപിള്ളയെയും രണ്ട് സഹപ്രതികളെയും അഞ്ച്‌വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. ഇതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കിയെങ്കിലും ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനായില്ല.

കോടതിയില്‍ തീര്‍പ്പാവാതെ കിടക്കുന്ന കേസുകള്‍ വേറെയുമുണ്ട്. പാമോലിന്‍ കേസ് അതിലൊരെണ്ണമാണ്. അതില്‍ പ്രതിയായ വ്യക്തിയെ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി നിയമിക്കപ്പെടുകയും വിവാദമാവുകയും ഒടുവില്‍ ഗത്യന്തരമില്ലാതെ അദ്ദേഹത്തെ ആ പദവിയില്‍ നിന്നും ഇറക്കിവടേണ്ടിവന്നു കേന്ദ്രസര്‍ക്കാരിന്. സ്ഥാനം ഉപേക്ഷിക്കില്ലെന്ന് വാശിപിടിച്ച കമ്മീഷണര്‍ക്ക് വാശി ഉപേക്ഷിച്ച് പിന്‍വാങ്ങേണ്ടി വന്നത് തുടക്കത്തില്‍ പറഞ്ഞ അസാധാരണവാര്‍ത്തകള്‍ പുറത്തുവരുന്ന സമയത്താണ്. പൊതുഖജനാവിന് നഷ്ടമുണ്ടാക്കുന്ന കരാര്‍ തന്നെയാണ് പാമോലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉണ്ടായത്. എന്നാല്‍ പുതുതായി പുറത്തുവരുന്ന വാര്‍ത്ത പ്രകാരം ഈ കേസില്‍ കാര്യമായ നടപടിയൊന്നും ഉണ്ടായതായി കാണുന്നില്ല. നോട്ടില്‍ പൊടിയിട്ട് കാത്തിരുന്ന് പിടികൂടി പത്രവാര്‍ത്തയാക്കാവുന്ന വിധത്തിലുള്ള നക്കാപ്പിച്ച ആഴിമതിയല്ല ഇവയൊന്നും എന്നതാണ് മറ്റൊരു സവിശേഷത. കോടികളാണ് ഒരോ ഇടപാടിനു പിന്നിലുമുള്ളത്. ജനങ്ങളള്‍ടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുകയും വലിയ സിദ്ധാന്തവും വിപ്ലവവും പറയുന്ന രാഷ്ട്രീയദിവ്യന്മാരാണ് ഇവയിലെ നായകന്മാരെന്നതാണ് വേറൊരു കാര്യം. അതോടൊപ്പം കുറ്റവാളികളെ ന്യായീകരിച്ചും അവരുടെ പക്ഷംപിടിച്ച് വാദിക്കാന്‍ സഹപ്രവര്‍ത്തകരും ഒത്തുചേരും. അഴിമതി രാഷ്ട്രീയത്തിന്റെ അവശ്യഭാഗമാണെന്ന തോന്നലുണ്ടാക്കാനല്ലാതെ ജനമനസ്സില്‍ കുറ്റാരോപിതരെ കുറ്റവിമുക്തരാക്കിക്കാണിക്കാന്‍ സഹപ്രവര്‍ത്തകരുടെ വാക്കുകളും പ്രവര്‍ത്തികളും സഹായിക്കുകയില്ല. കൂട്ടത്തില്‍ സമര്‍ത്ഥരായവര്‍ മൗനംകൊണ്ട് ഇതിനെല്ലാം സമ്മതം നല്കി ഇരിക്കുന്നുമുണ്ടാവും. അഴിമതിയെ എതിര്‍ക്കുന്നുവെന്ന് പറയുകയും സ്വന്തം പ്രവര്‍ത്തനംകൊണ്ട് അത് സമര്‍ത്ഥിക്കുകയും ചെയ്യുന്ന എത്രപേരെ നമ്മുക്ക് രാഷ്ട്രീയക്കാരില്‍നിന്നും കണ്ടെത്താനാകും?

ഓഫീസ് ഗുമസ്തന്മാരുടെ പൊടിയിട്ടുപിടിക്കാവുന്ന അഴിമതിയില്‍ നിന്നും വന്‍ അഴിമതിയുടെ കഥകളിലേക്ക് നാം ഉണരുന്നത് കോടികളെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയതോടെയാണ്. കോടികള്‍ സംഭാവന നല്കുന്ന വ്യവസായി, കോടികള്‍ കടം നല്കുന്ന വ്യവസായി എന്നിങ്ങനെ സാധാരണക്കാര്‍ക്ക് കാണാനും കേള്‍ക്കാനും സാധിക്കാത്ത ജനുസ്സില്‍പ്പെട്ട സമ്പന്നരെക്കുറിച്ച് പത്രമാദ്ധ്യമങ്ങളില്‍ വായിച്ചും കേട്ടും അന്ധാളിച്ചിരുന്നു നാട്ടുകാര്‍. എന്ത് കച്ചവടം, എങ്ങനെ ചെയ്താണ് ഇങ്ങനെ കോടികള്‍ സംഭാവന നല്കാവുന്നവിധത്തിലുള്ള സമ്പത്ത് നേടുന്നത് എന്ന് വിസ്മയിക്കാന്‍പോലും സാദ്ധ്യമാവാത്തവിധത്തില്‍ മരവിച്ചുപോയിരിക്കുന്ന ജനമനസ്സിനു മുന്നിലാണ് തെരഞ്ഞടുപ്പുകാലത്ത് രണ്ടു രൂപയ്ക്കും ഒരു രൂപയ്ക്കും അരി നല്കാമെന്ന് പറഞ്ഞ് ഈ രാഷ്ട്രീയദിവ്യന്മാര്‍ ചമഞ്ഞിറങ്ങുന്നത്. ഇലട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ഈ സ്ഥാനാര്‍ത്ഥികളിലാരും എനിക്ക് സ്വീകാര്യരല്ല എന്ന് അടയാളപ്പെടുത്താന്‍ സംവിധാനമില്ല എന്നതിനാല്‍ ഏതെങ്കിലും ചിഹ്നത്തില്‍ വോട്ടുകുത്തിപ്പോരുന്ന ജനമാണ് അണ്ണാ ഹസാരെ സമരം ചെയ്തപ്പോള്‍, ഈ സമരം നമ്മുടെ സമരമാണ് എന്ന് തിരിച്ചറിഞ്ഞ് മനസ്സുകൊണ്ട് ഐക്യപ്പെട്ടത്. ഹര്‍ത്താല്‍ ആഹ്വാനത്തിലൂടെ ജനജീവിതം സ്തംഭിപ്പിക്കുന്ന നൂറാംകിട സമരത്തിലൂടെ സ്വന്തം ശക്തി തെളിയിക്കുന്ന മൗഢ്യത്തിനു പകരം തങ്ങള്‍ക്കെത്ര ജനപിന്തുണയുണ്ടെന്ന് പരിശോധിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിച്ചുനോക്കേണ്ടതാണ്. അണ്ണാ ഹസാരെയോട് ഐക്യപ്പെടുന്നതുപോലെ എത്രപേര്‍ തങ്ങളോടൊപ്പമുണ്ടാവും എന്നുവേണം പരിശോധിക്കാന്‍. ഒരു പറ്റം അഴിമതിക്കാരും അതിന്റെ ഗുണഭോക്താക്കളും, ഭാവിയില്‍ ഈ അഴിമതിക്കാരന്റെ കാരുണ്യംകൊണ്ട് വേണം കാര്യം സാധിക്കാന്‍ എന്ന് കരുതുന്ന മൂഢാത്മാക്കളുമല്ലാതെ വേറെയാരും കാണാനിടയില്ല. അഭ്യസ്തവിദ്യരും തൊഴില്‍ചെയ്ത് ജീവിക്കുന്നവരും പലേ കാര്യങ്ങള്‍ക്കും അഴിമതിക്ക് ഇരയായവരുമായ പരകോടി ഭാരതീയരുടെ ഇച്ഛാശക്തിയാണ് അണ്ണാ ഹസാരെയെ വിജയിപ്പിച്ചത്. അണ്ണാ ഹസാരെയുടെ വിജയത്തിനുമുന്നില്‍ പരാജയമടഞ്ഞത് നമ്മുടെ നാട്ടിലെ സമസ്തരാഷ്ട്രീയക്കാരുമാണ്.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടനത്തില്‍ കോടിക്കണക്കിന് രൂപയുടെ പകല്‍ക്കൊള്ള കണ്ട് സഹിക്കാനാകാതെ മണിശങ്കര്‍ അയ്യര്‍ തന്റെ പാര്‍ട്ടിക്കാരനായ സുരേഷ് കല്‍മാഡിക്കെതിരെ സംസാരിക്കാന്‍ തയ്യാറായി. സഹപ്രവര്‍ത്തകരുടെ അഴിമതി തടയാനോ, അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനോ സാധാരണനിലയില്‍ രാഷ്ട്രീയക്കാര്‍ ശ്രമിക്കാറില്ല. കിട്ടുന്നതിലൊരു പങ്ക് എനിക്കും എന്ന് വിലപേശുന്ന രാഷ്ട്രീയസംസ്കാരമാണ് ഇന്ന് നിലനില്ക്കുന്നത്. 2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ പൊതുഖജനാവിന് നഷ്ടമായ തുകയുടെ വലുപ്പം കേട്ട് അതെത്രയെന്ന് ആലോചിച്ചുനോക്കുവാന്‍ പോലും സാദ്ധ്യമാവാതെ മരവിച്ചുപോയ ഇന്ത്യന്‍ മനസ്സിന് നീതിബോധത്തിന്റെ പുതുജീവന്‍ നല്കിയ പ്രസ്ഥാനമാണ് അണ്ണാ ഹസാരെയുടേത്. പൊതുജീവിതത്തിലെ ആള്‍ദൈവങ്ങള്‍ തകരുന്ന കാലഘട്ടത്തില്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്നത് ജനതയുടെ ഇച്ഛാശക്തിയാണ്. അതിന്റെ പ്രതീകമാണ് അണ്ണാ ഹസാരെ.

അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന അധികാരിവര്‍ഗ്ഗം മാത്രമാണ് ഇന്ത്യയിലെ ഇന്നത്തെ ദരിദ്രവര്‍ഗ്ഗത്തിന്റെ കാരണക്കാര്‍. കാലാകാലങ്ങളില്‍ അവര്‍ അഴിമതി നടത്തി സമ്പാദിച്ചുകൂട്ടിയ കോടികള്‍ ഇന്ത്യയിലെ അതതുകാലത്തെ ദരിദ്രനാരായണന്മാര്‍ക്കു വീതിച്ചുകൊടുത്താല്‍ ഇന്ത്യയില്‍ ദാരിദ്ര്യം എന്നത് മഷിയിട്ടാല്‍ കാണില്ല. രാജ്യപുരോഗതിയ്ക്കുതകുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇവിടെ നമ്മെ നയിക്കുമെന്ന പ്രത്യാശയ്ക്കുപോലും വകയില്ല. അപൂര്‍വ്വമായി കണ്ടുവരുന്ന ചിലര്‍ ഇതിനൊക്കെ അപവാദമാണെങ്കിലും.