August 20, 2010

പീപ്ലി ലൈവ് - ഒരു കര്‍ഷകന്‍റെ ആത്മഹത്യ


ആറു മണിക്ക് ദുബായില്‍ വെച്ച് കൂടുന്ന "കരുണ" എന്ന സംഘടനയുടെ എക്സികുട്ടിവ്‌ മീറ്റിങ്ങില്‍ പങ്കെടുക്കാനായി പോകുമ്പോഴാണ് പ്രസിടന്റ്റ്‌ സുധാകര്‍ജി വിളിച്ചു പറയുന്നത് മീറ്റിംഗ് രണ്ടു മണിക്കൂര്‍ വൈകി എട്ടു മണിക്ക് മാത്രമേ തുടങ്ങൂ എന്ന്. തിരിച്ചു വീട്ടിലേക്കു പോയി രണ്ടു മണിക്കൂര്‍ കഴിഞ്ഞു വരാം എന്ന് വിചാരിച്ചാല്‍ ചിലപ്പോള്‍ മീറ്റിംഗ് കഴിഞ്ഞാലും തിരിച്ചെത്തില്ല. കാരണം ഞാന്‍ താമസിക്കുന്നത് അജ്മാനില്‍ ആണ്. അജ്മാനില്‍ നിന്നും ദുബായിലേക്ക് ഏകദേശം മുപ്പത്തഞ്ചു കിലോമീറ്റര്‍ മാത്രമേ ഉള്ളൂ എങ്കിലും ഷാര്‍ജ-ദുബായ് റോഡിലെ ട്രാഫിക്‌ അറിയാവുന്നവര്‍ക്ക് മനസിലാകും ആ യാത്രയിലെ ബുദ്ധിമുട്ട് എന്താണെന്ന്. എമിറേറ്റ്സ് റോഡിലുള്ള മിര്‍ദിഫ്‌ സിറ്റി സെന്‍റര്‍ കണ്ടപ്പോള്‍ ആണ് ഒരു സിനിമ കണ്ടാലോ എന്ന് തോന്നിയത്. പെട്ടന്ന് ഓര്‍മയില്‍ വന്നത് അമീര്‍ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ ഏറ്റവും പുതിയ സിനിമയായ പീപ്ലി ലൈവ് ആണ്.

ടിക്കറ്റെടുത്തു തീയറ്ററിനുള്ളില്‍ കടന്നപ്പോഴാണ് മനസിലായത് സിനിമ കാണാന്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്ന്. കാണികളുടെ ബഹളമോ, മൊബൈലിന്‍റെ റിംഗ് ടോണോ, ആരാധകരുടെ കൂവലോ ഒന്നും ഇല്ലാതെ ശാന്തമായി തീയറ്ററില്‍ ഒറ്റക്കിരുന്നു സിനിമ കാണുന്നതിന്‍റെ സുഖം ഒന്ന് വേറെ തന്നെയാണ്.

സിനിമയെ കുറിച്ചു മുന്‍ധാരണകള്‍ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ആസ്വദിച്ചു കണ്ടു. ഒരു നല്ല സിനിമ എന്നതിലുപരി വര്‍ത്തമാനകാല ഇന്ത്യയിലെ ഗ്രാമങ്ങളുടെ (നോര്‍ത്ത്‌ ഇന്ത്യയിലെ) അവസ്ഥ നര്‍മത്തിന്റെ മേമ്പൊടിയോടെ പ്രേക്ഷകന്‍റെ മുന്നിലെത്തിക്കുന്നതില്‍ നവ സംവിധായകയായ അനൂഷ റിസ്വി വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. ഒപ്പം ചുട്ടു പൊള്ളുന്ന ചില യാഥാര്‍ത്ഥ്യങ്ങളും പ്രേക്ഷകന് മനസിലാക്കി തരുന്നു രണ്ടു മണിക്കൂര്‍ മാത്രം നീളമുള്ള ഈ ചെറിയ സിനിമ. ചെറിയ സിനിമ എന്ന് ഞാന്‍ വിശേഷിപ്പിച്ചു എങ്കിലും ഇന്ത്യയിലെ രാഷ്ട്രീയക്കാരെയും രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുന്ന ന്യുസ് ചാനലുകളെ കുറിച്ചും ഉള്ള ആക്ഷേപ ഹാസ്യം സത്യസന്ധമായി തന്നെ ആവിഷ്കരിച്ചിരിക്കുന്നു.

ഈ സിനിമയുടെ കഥ നടക്കുന്ന പീപ്ലി എന്ന സ്ഥലം മധ്യപ്രദേശിലെ ഒരു കുഗ്രാമമാണ്. പീപ്ലിയിലെ ഒരു ദരിദ്ര കര്‍ഷകനായ  'നാത്ത' എന്ന നാത്ത പ്രസാദ്‌ മാണിക്പുരിയും അയാളുടെ ദുരിതങ്ങളും വരച്ചെടുക്കുകയാണ് ഈ ചിത്രത്തിലൂടെ റിസ്വി. വടക്കേ ഇന്ത്യയിലെ ഒരു കുഗ്രാമമായ പീപ്ലിയില്‍ നടക്കുന്ന സംഭവങ്ങള്‍ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കലാ സൃഷ്ടിയിലൂടെ പുറംലോകത്തോട്‌ പറയുന്നത് ചില സത്യങ്ങളാണ്. അതിലേക്കു വരുന്നതിനു മുന്‍പ് നമുക്ക് ഈ സിനിമയിലേക്ക് ഒന്ന് കണ്ണോടിക്കാം.

തൊണ്ണൂറുകള്‍ക്ക് ശേഷം സാമ്പത്തിക വളര്‍ച്ചയില്‍ കുതിച്ചുയരുന്ന ഇന്ത്യയില്‍ കാര്‍ഷിക മേഖല തകര്‍ന്നു പോകുന്ന അവസ്ഥയില്‍  കര്‍ഷകന് ബാക്കിയാവുന്നത് പെരുകുന്ന ദുരിതങ്ങളും കടങ്ങളും മാത്രമാണ്. കടക്കെണിയില്‍ ശ്വാസം മുട്ടുന്ന കര്‍ഷകന്റെ മുന്നില്‍ രക്ഷപെടാന്‍ ഒരു കച്ചിത്തുരുമ്പ് എന്നത് ഒരു പോംവഴി മാത്രം. സ്വന്തം ജീവന്‍ ബലി കഴിപ്പിക്കുക. ഇതേ രീതിയിലാണ് 'പീപ്ലിയില്‍' നാതയുടെയുംഅയാളുടെ ജെഷ്ടന്റെയും ജീവിതം. കടം പെരുകി തിരിച്ചടക്കാനാവാത്ത സാഹചര്യത്തില്‍ ബാങ്ക് ഇവരുടെഭൂമി ജപ്തി ചെയ്യാന്‍ ഒരുങ്ങുന്നു. എങ്ങനെയും ഇത് തടുക്കാനും പൂര്‍വികരുടെ സമ്പാദ്യമായ സ്വത്ത്  കൈവിട്ടു പോകാതിരിക്കാനും നാതയും സഹോദരനും സ്ഥലത്തെ രാഷ്ട്രിയ നേതാവിനെ കാണാന്‍ ചെല്ലുന്നു. അവര്‍ക്ക് ആശ്വാസത്തിന് പകരം ലഭിക്കുന്നതു കുത്തുവാക്കുകളും പിന്നെ ഒരു ഉപദേശവുമാണ്. നേതാവിന്റെ ശിങ്കിടി നല്‍കുന്ന പോംവഴി പ്രാദേശിക പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്. അതായത് അകലെ മദിരാശിയില്‍ സര്‍ക്കാര്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകന്റെ കുടുംബത്തിനു നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്കുന്നുണ്ടത്രേ. ശിങ്കിടി ഇത് പറയുമ്പോള്‍, കൂട്ടിച്ചേര്‍ക്കുന്നു, "ജീവിതവും, ആത്മഹത്യയും, ഇന്ന് ബെല്‍-ബോട്ടം പാന്റ്സും, ജീന്‍സും പോലെയാണ്; ജീവിതം വംശ നാശം വന്ന ബെല്ല്സ് പോലെയാണെങ്കില്‍, ആത്മഹത്യ പുത്തന്‍ ജീന്‍സ് പോലെയാണ്." അതായതു, രണ്ടാമാതെത് പെരുകി കൊണ്ടേയിരിക്കുന്നു. ഇത്തരം ഒരു മാര്‍ഗം കേട്ടറിഞ്ഞ രണ്ടു സഹോദരങ്ങളും, ഇത് ഒന്ന് പയറ്റി നോക്കാന്‍ തീരുമാനിക്കുന്നു. ആര് ആത്മഹത്യ ചെയ്യണം എന്ന ചെറിയ തര്‍ക്കത്തിന് ശേഷം, ജേഷ്ടന്‍ അനുജനായ നതക്ക് നറുക്ക് കൊടുന്നു; എന്തെന്നാല്‍ നത്തക്ക് ഭാര്യയും, കുട്ടികളുമുണ്ട്, പക്ഷെ ചേട്ടനതില്ല. തുടര്‍ന്ന്, രാകേഷ് എന്ന ഒരു പ്രാദേശിക ലേഖകന്‍, ഈ തീരുമാനം അറിയുകയും, അത് പത്രത്തില്‍ കൊടുക്കുകയും ചെയ്യുന്നു. വാര്‍ത്ത‍ പടരുന്നതോടെ, ദില്ലിയില്‍, ഉള്ള ദേശീയ മാധ്യമങ്ങളും, ഉണരുന്നു.റേറ്റിന്ഗുകല്‍ക്കായി മത്സരിക്കുന്ന ഇന്ഗ്ലിഷ്-ഹിന്ദി ദ്രിശ്യ മാധ്യമങ്ങള്‍ പിന്നെ തങ്ങളുടെ ലൈവ് ടെലികാസ്റ്റ്‌ പീപ്ലിയില്‍ തുടങ്ങുന്നതോടെ സിനിമ വേറൊരു തലത്തിലെത്തുന്നു. TRP-

സിനിമയുടെ ലൊക്കേഷന്‍ തിരഞ്ഞെടുത്തവര്‍ പ്രത്യേക പ്രശംസയര്‍ഹിക്കുന്നു എന്ന് പറയാതെ വയ്യ. സിനിമാ നിര്‍മാണത്തിനായി അമീര്‍ഖാന്‍ പത്തുകോടി ചിലവിട്ടു എന്നാണു അറിയാന്‍ കഴിയുന്നത് (സുപ്പര്‍ സ്റ്റാര്‍ ഒന്നും ഇല്ലാത്തത് കൊണ്ട് അതിനു വേണ്ടി വരുന്ന തുക ലാഭം). സാധാരണ ബോളിവൂഡ് ചലച്ചിത്രങ്ങളുടെ നിര്‍മാണചിലവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇതു ഒരു ചെറിയ സിനിമ തന്നെയാണ് സംശയമില്ല.   

കച്ചവട ചേരുവകള്‍ ചേര്‍ത്ത്, മസാല പുരട്ടി, എരിവും പുളിയും, കൂട്ടി  ഊട്ടിയുറപ്പിച്ച സിനിമാ ലോകമാണ് ബോളീവുഡ്. വര്‍ഷത്തിന്റെ 365 ദിവസവും ചികഞ്ഞെടുത്ത പല തരം വ്യഞ്ജനങ്ങളും, 'mass entertainment' എന്ന പേരില്‍ പരിപോഷിപ്പിച്ചും, തഴച്ചും, നിരമിക്കപെടുകയാണ്. പതിവ് കാഴ്ചകള്‍ കണ്ടു കൊണ്ടും, പഴയ കഥകളും, മേമ്പോടികളും, തട്ടി കുടഞ്ഞും, മറിച്ചു വാര്‍ത്തും, ഹിന്ദി സിനിമാ ലോകം എന്നും, ജീവിതം തള്ളി നീക്കുന്നു. പതിവ് പല്ലവികളില്‍ മടുത്ത ജനം പ്രതീക്ഷികുന്നത് വെള്ളിത്തിരയില്‍ ഒരു വേറിട്ട പുത്തന്‍ സാക്ഷാത്കാരത്തെയാണ്. ഇത്തരത്തില്‍ വീശിയ ഒരു കുളിര്‍മയാര്‍ന്ന അനുഭവമാണ് 'പീപ്ളി ലൈവ്' എന്ന രണ്ടു മണിക്കൂര്‍ നീളുന്ന, 12 റീലുകള്‍ മാത്രം അടങ്ങിയ ചിത്രം. അനുഷ റിസ്വി എന്ന പുതിയ സംവിധായിക കൊണ്ട് വന്ന ഈ ആവിഷ്കാരം, ഇന്നത്തെ സാമൂഹ്യ പരിസ്ഥിതിയെ ഒട്ടും വളച്ചൊടിക്കാതെ വെളിപ്പെടുത്തുമ്പോള്‍, നമ്മുടെ കണ്ണുകള്‍ക്ക്‌ മുമ്പില്‍ തെളിയുന്നതു ഒരു കര്‍ഷക ജീവിത കഥയാണ്, അല്ല, കര്‍ഷക ജീവിതത്തിനുമേല്‍ പിടിമുറുക്കിയ രാഷ്ട്രീയധികാരത്തിന്റെ നാറുന്ന കഥയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി http://www.peeplilivethefilm.com സന്ദര്‍ശിക്കുക.

1 comment: