July 09, 2014

ബന്ധങ്ങളുടെ രുചികൂട്ടുമായി LUNCH BOX ലെ വിഭവങ്ങൾ


ചില ചിത്രങ്ങള്‍ അങ്ങനെയാണ്. അത് നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില ബന്ധങ്ങള്‍ നമുക്ക് നേരെ വച്ച് നീട്ടുന്നു. ആ ബന്ധങ്ങളുടെ സത്യസന്ധതയില്‍ നാമത് വിശ്വസിച്ചുപോകുന്നു. അങ്ങനെയുള്ള വ്യത്യസ്തമായ ബന്ധങ്ങളുടെ പുതിയ തരത്തിലുള്ള അവതരണമാണ് LUNCH BOX എന്ന ഹിന്ദി ചിത്രം.
ഇര്‍ഫാന്‍ ഖാനും നിമ്രതും അഭിനയിച്ച ‘ലഞ്ച് ബോക്സ്’ എന്ന റിതേഷ് ബത്രയുടെ സിനിമ ഒരു സംഭവബഹുലമായ സിനിമയേ അല്ല. പക്ഷെ ഈ സിനിമ കണ്ടവര്‍ക്കൊക്കെ ഇങ്ങനൊരു വിങ്ങല്‍ ഈ സിനിമ ഉണ്ടാക്കിയിട്ടുണ്ടാകും. അപര്‍ണ സെന്നിന്റെ ‘മിസ്റര്‍ & മിസിസ് അയ്യരി’നും ബ്ളെസ്സിയുടെ ‘കാഴ്ച’യ്ക്കും ശേഷം എന്തോ എവിടെയോ പിന്തുടരുന്ന ഒരു ഫീല്‍. ആഷിഖ് അബു ആണ് ഭക്ഷണം ‘ഇമ്മിണി ബല്യ സംഭവം’ ആണെന്നും അത് ഫ്രെയിമിലെത്തുമ്പോള്‍ ഒന്നു കൂടി മനോഹരമാണെന്നും നമുക്ക് കാണിച്ചു തന്നത്. ‘സോള്‍ട്ട് & പെപ്പര്‍’ എന്ന സിനിമയിലെ ചില ഫ്രെയിമുകള്‍ കാണുമ്പോഴാണ് ഭക്ഷണ പദാര്‍ഥങ്ങള്‍ ഇത്രയും രസകരമാണോ എന്നു പ്രേക്ഷകന് തോന്നുന്നത്. ഭക്ഷണം പ്രധാന കഥാപാത്രവും മറ്റുള്ളവര്‍ സഹ കഥാപാത്രങ്ങളുമാണെന്നൊരു ഫീലുണ്ട് അതിന്.

ഡബ്ബാവാലകളുടെ ചരിത്രവും പ്രവര്‍ത്തനരീതിയും നമ്മള്‍ പല തരത്തിലും വായിക്കുകയും ചര്‍ച്ച ചെയ്യുകയും ഹ്രസ്വചിത്രങ്ങളായി കാണുകയും ചെയ്തിട്ടുണ്ട്. പക്ഷെ ലഞ്ച് ബോക്സില്‍ സാജന്‍ ഫെര്‍ണാണ്ടസിന്റെയും (ഇര്‍ഫാന്‍ ഖാന്‍) ഇളയുടെയും ( നിമ്രത് കൌര്‍ )ജീവിതമാണ് ഇവര്‍ കാരണം മാറി മറിഞ്ഞത്. പാത്രങ്ങള്‍ മാറി മറിഞ്ഞപ്പോള്‍ ഇവരുടെ ജീവിതവും മാറിപ്പോയി. അതേ. സംഭവം തുടങ്ങുന്നത് അങ്ങനെയാണ്. സാധാരണ ഡബ്ബാവാലകള്‍ അത് എത്തേണ്ട ആളുടെ അടുത്തേ ലഞ്ച് ബോക്സ് എത്തിക്കൂ (മാനേജ്മെന്റ് ശേഷിയില്‍ പ്രശസ്തരാണ് ഡബ്ബാവാലകള്‍. ഇവരെക്കുറിച്ച് ഐ. ഐ. എമ്മുകളില്‍ വരെ പഠനം നടക്കുന്നു. വിസിറ്റിങ് പ്രൊഫസര്‍മാര്‍ വരെ ആയി ഇവര്‍ ഈ സ്ഥാപനങ്ങളില്‍ പങ്കെടുക്കുന്നു) പക്ഷെ ഇവിടെ ആ പെരുമ തെറ്റുന്നു. ഇള ഭര്‍ത്താവിന് അയക്കുന്ന പാത്രം മാറിപ്പോകുന്നു. ഒരു ബന്ധം അങ്ങനെ തുടങ്ങുന്നു

എരിവും പുളിയും ഒട്ടുമില്ലാതെയാണ് സംവിധായകന്‍ ഈ സിനിമ തയ്യാറാക്കിയിരിക്കുന്നത്. കേള്‍ക്കാന്‍ അറയ്ക്കുന്ന വാക്കുകള്‍ ഒന്നു പോലും ഇതിലില്ല. സിനിമയിലെവിടെയോ ഒരിക്കല്‍ ഇര്‍ഫാന്‍ ഖാന്‍ പറയുന്നുണ്ട്. ഇന്നത്തെ ഭക്ഷണത്തില്‍ ഉപ്പ് പോരാ എന്ന്. ഒരിക്കലും കണ്ടിട്ടു പോലുമില്ലാത്ത ഒരാളോട് ഏറ്റവും ഇന്റിമേറ്റ് ആയി പെരുമാറുന്ന അത് ഇര്‍ഫാന്‍ ഖാന് പകരം മറ്റൊരാളാണ് ചെയ്തതെങ്കില്‍ അതില്‍ വള്‍ഗാരിറ്റി കയറുമായിരുന്നു. എന്നാല്‍ ഇവിടെ അത് ഭദ്രം. മഖ്ബൂലിലും മറ്റും അഭിനയിച്ച ഇര്‍ഫാന്‍ ഖാന്‍ തന്നെയോ ഇതെന്ന തോന്നിപ്പോയി ചിലപ്പോഴൊക്കെ. വളരെ കുറച്ച് കഥാപാത്രങ്ങളേ ഈ സിനിമയിലുളളൂ. ഇളയുടെ ഭര്‍ത്താവ്, മതിലുകളിലെ KPAC ലളിതയെ പോലെ ശബ്ദം മാത്രം ഉള്ള, മുകള്‍ നിലയിലെ വീട്ടിലെ ആന്റി, ഇര്‍ഫാന്‍ ഖാന്റെ സഹപ്രവര്‍ത്തകന്‍. അങ്ങനെ കുറച്ചു പേര്‍ മാത്രം.



പെട്ടന്നാലോചിക്കുമ്പാള്‍ ‘ഇതെന്ത് വല്യ ആനക്കാര്യം’ എന്ന് തോന്നുന്ന ഒരു ത്രെഡില്‍നിന്ന് രണ്ട് മണിക്കൂര്‍ നമ്മളില്‍ ലോകത്തോടുള്ള സ്നേഹം നിറയ്ക്കുന്ന സിനിമ ഉണ്ടാക്കിയത് തന്നെയാണ് ഇതിന്റെ വിജയം. മുംബൈ പോലുളള മെട്രോ നഗരത്തില്‍ ഇതു പോലെ ആയിരക്കണക്കിന് കഥകള്‍ ഉണ്ടായിട്ടുണ്ടാവും. പക്ഷെ അതില്‍ ഒരു സിനിമ കണ്ടെത്തുകയും അതിന് പറ്റിയ നടീനടന്മാരെ വെക്കുകയും ചെയ്തത് ലഞ്ച് ബോക്സിനെ വ്യത്യസ്ത അനുഭവമാക്കുന്നു. എല്ലാത്തിനുമൊടുവില്‍, ഉള്ളിലൊരു വിങ്ങല്‍ അത് ബാക്കിയാക്കുന്നു. സിനിമ നന്നാകണമെങ്കില്‍ ഹാപ്പി എന്‍ഡിങ് ആകണമെന്നില്ലെന്ന് ഒരിക്കല്‍ ഒരു സുഹൃത്ത് പറഞ്ഞു. അത് നമ്മള്‍ ഉണ്ടാക്കിയെടുത്ത ശീലമാണെന്നാണ് അയാളുടെ വിലയിരുത്തല്‍. ശരിയാണെന്നു തോന്നുന്നു. സിനിമകള്‍ ഹാപ്പി എന്‍ഡിങ് അല്ലെങ്കില്‍ അതിനിയുമുണ്ടാകും. അഗര്‍ എന്‍ഡിങ് ഠീക് ഠാക് നഹീ ഹേ തോ പിക്ചര്‍ ഖതം നഹീം ഹേ ഭായ്. പിക്ചര്‍ അബീ ബാക്കി ഹേ… ( സിനിമയുടെ അവസാനം സുഖകരമല്ലെങ്കില്‍ സിനിമ അവസാനിച്ചിട്ടില്ലെന്നാണത്രെ അര്‍ഥം. സിനിമ ഇനിയും ബാക്കിയുണ്ട്)

തെറ്റായ ആള്‍ക്ക് എത്തുന്ന ലഞ്ച് ബോക്സില്‍ ചെറിയ ചെറിയ കുറിപ്പുകളെഴുതിയാണ് ഇവരുടെ പ്രേമം (അങ്ങനെ വിളിക്കാമോ എന്നറിയില്ല) തളിര്‍ക്കുന്നത്. പ്രണയിക്കാന്‍ തമ്മില്‍ കാണേണ്ട ആവശ്യമുണ്ടോ എന്ന സിനിമയുടെ ടാഗ് ലൈന്‍ ( ഇവിടെ പ്രസക്തമാകുന്നു.

ഫ്ലാറ്റില്‍ ഒറ്റപ്പെടുന്ന ഒരു സ്ത്രീ, ഭര്‍ത്താവിന് നല്ല ഭക്ഷണം ഉണ്ടാക്കാനിഷ്ടപ്പെടുന്ന സ്ത്രീ, ഭര്‍ത്താവിന് പരസത്രീ ബന്ധം ഉണ്ടെന്നറിഞ്ഞിട്ടും കൂടെ ജീവിക്കുന്ന പുരാതന ഭാരതീയനാരീ സങ്കല്‍പം തുടങ്ങിയ ക്ലീഷേകളില്‍നിന്ന് രക്ഷപ്പെടുന്നില്ല ഇവിടെ ഇളയും. എന്നാല്‍ സ്വന്തം അച്ഛനമ്മമമാര്‍ക്ക് പണത്തിന് ആവശ്യം വരുമ്പോള്‍ അത് കൊടുക്കാന്‍ സാധിക്കാത്ത ഒരു സ്ത്രീയുടെ മുഖവും ഈ സിനിമയിലുണ്ട്. ഭര്‍ത്താവിന്റെ തിരക്ക് മൂലം ആരും സംസാരിക്കാനില്ലാത്തതിന്റെ ( ശബ്ദം മാത്രമായുളള മുകളിലെ വീട്ടിലെ ആന്റി ഒഴിച്ച്) ഒരു മെട്രോ സ്ത്രീയുടെ വിമ്മിഷ്ടവം നന്നായി സ്ക്രീനിലെത്തിച്ചു. അങ്ങനെ കത്തിലൂടെ ഒരു അപരിചിതനോട് ഏറ്റവും വ്യക്തിപരമായ കാര്യങ്ങള്‍ കൂടി പറയാന്‍ അവര്‍ തയ്യാറാവുന്നു.


ഇലയുമായുള്ള ബന്ധം കുറിപ്പുകള്‍ വഴി കൂടുതലടുക്കുമ്പോള്‍ പരസ്പരം കാണാന്‍ തീരുമാനിക്കുന്നു. ഇലയുടെ സൌന്ദര്യവും ചെറുപ്പവും ഇലയുമായുള്ള ബന്ധത്തില്‍ വിഘാതമായി സാജനു അനുഭവപ്പെടുന്നു. മരണം വരെ മരുന്നും ഭക്ഷണവും നല്‍കി അച്ഛനെ സ്നേഹിച്ച അമ്മയുടെ ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ സ്വന്തം ജീവിതത്തെ ഒന്നുകൂടി പുനരവലോകനം നടത്താന്‍ ഇലയെ പ്രേരിപ്പിക്കുന്നു.

പല കത്തുകള്‍ കൂട്ടിവയിക്കുമ്പോള്‍ കിട്ടുന്നപോലുള്ള രസകരമായ  ഫീലിംഗ് ചിത്രത്തെ കൂടുതല്‍ വശ്യമാക്കിതീര്‍ക്കുന്നു. ഒരിക്കലും പോലും  കാണിച്ചില്ലെങ്കിലും മുകളിലെ നിലയില്‍ താമസിക്കുന്ന ആന്‍റി ശക്തമായ കഥാപാത്രാമായിതന്നെ ശബ്ദങ്ങളിലൂടെ കാഴ്ചക്കാരനെ സ്പര്‍ശിക്കുന്നു. പാന്‍സിംഗ് ടോമര്‍ പോലുള്ള ചിത്രങ്ങളിലൂടെ പകര്‍ന്നാട്ടത്തിന്‍റെ സാദ്ധ്യതകള്‍ നമ്മെ അനുഭവിപ്പിച്ച ഇര്‍ഫാന്‍റെ അമ്പരപ്പിക്കുന്ന അഭിനയമായിരുന്നു LUNCH BOX ലേത്. Hatsoff ഇര്‍ഫാന്‍ഖാന്‍... അരങ്ങില്‍ നിന്നും വെള്ളിത്തിരയില്‍ എത്തിയ നിമ്രത് കൌര്‍ ഉം മിതാഭിനയം വഴി പ്രേക്ഷകനെ സ്വാധീനിക്കുന്നു. നടനായും സഹനടനായും അവാര്‍ഡുകള്‍ വാരിക്കുട്ടിയ  നവാസുദ്ധീന്‍ സിദ്ധീഖിന്‍റെ കരിയറിലെ മികച്ചൊരു പൊന്‍തൂവലാണ് ഈ ചിത്രം.

ഫ്ലാറ്റും തിരക്കുള്ള റോഡും ബസ് - ട്രെയിൻ യാത്രകളും  ഓഫീസ്മുറിയും കാന്റീനും മാത്രം പശ്ചാത്തലമാക്കിക്കൊണ്ട് കഥ പറയുമ്പോൾ പ്രേക്ഷകന് അനുഭവപ്പെടുമായിരുന്ന മുഷിവ്‌ തിരക്കഥയിലെ സൂക്ഷ്മതകൊണ്ടാണ് റിതേഷ്   ഇല്ലാതാക്കുന്നത്. വളരെ സരസമായി പ്രമേയം അവതരിപ്പിക്കപ്പെടുക കൂടി ചെയ്യുമ്പോൾ ലഞ്ച് ബോക്സിലെ വിഭവങ്ങളുടെ സ്വാദ് ഇരട്ടിക്കുന്നു. ഇർഫാൻ ഖാൻ, നവാസുദ്ദീന്‍ സിദ്ധീഖി എന്നിവരുടെ അഭിനയത്തികവിന്‍റെ ആകത്തുക കൂടിയാണ് പ്രേക്ഷകന് കിട്ടുന്ന ഒരു മണിക്കൂർ നാൽപ്പത്തി നാല് മിനുട്ട് ദൈർഘ്യമുള്ള ആസ്വാദനം എന്ന് പറയാതെ വയ്യ. 

പിൻകുറിപ്പ്: വേൾഡ് കപ്പ് സെമിയിൽ ബ്രസീൽ ജർമനി മത്സരം തുടങ്ങാൻ രണ്ടു മണിക്കൂർ ബാക്കിയുള്ളതു കൊണ്ട് സമയം കളയാൻ ഞാനും സുഹൃത്ത് അനിലും കൂടി കണ്ടതാണ് ഈ സിനിമ. എന്തായാലും വെറുതെയായില്ല.

May 11, 2014

"ചായില്യം" (ചുവപ്പിൻറെ നാനാർത്ഥം) - ഒരു പെണ്‍പക്ഷ സിനിമ


ചുവപ്പിൻറെ നാനാർത്ഥങ്ങളുമായി ഒരു ചിത്രം ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുന്നു. "ചായില്യം", പേര് സൂചിപ്പിക്കുന്നത് പോലെതന്നെ തെയ്യത്തിൻറെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം, പക്ഷേ ഇതിലെ കഥയും കഥാപാത്രങ്ങളും ഞങ്ങൾ മലയാളികളുടെ സാമൂഹിക ജീവിതത്തിനു നേരേ പിടിച്ച കണ്ണാടിയാണ്. ആള്‍ദൈവസംസ്കാരം അര്‍ബുദം പോലെ പടരുന്ന വര്‍ത്തമാനകാലത്ത് അതിനെ സ്തുതിക്കാനല്ലാതെ വിമര്‍ശിക്കാന്‍ കലാകാരന്മാര്‍ അധികമൊന്നും ധൈര്യം കാട്ടുന്നില്ല എന്നത് വസ്തുതയാണ്. സത്യജിത് റെയും (ദേവി) പ്രിയനന്ദനനെയും പോലുള്ള ചില സംവിധായകർ (ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്) ആള്‍ ദൈവങ്ങള്‍ക്കു പിന്നിലുള്ള ക്രിമിനല്‍ മൂലധനത്തിന്റെ മുഖംമൂടി പിച്ചിച്ചീന്തിയിട്ടുണ്ട്. ഇതിനു തുടര്‍ച്ച തീര്‍ക്കുകയാണ് മനോജ്കാന എന്ന സംവിധായകന്‍ 'ചായില്യം' എന്ന ചിത്രത്തിലൂടെ. അനേകം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദര്ശിപ്പിച്ച ഈ ചിത്രം നവാഗതർക്കുള്ള  ഹസ്സന്‍കുട്ടി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചായില്യം ഒന്നാന്തരം സ്ത്രീപക്ഷ ചിത്രം കൂടിയാണ്.

നായികാ കഥാപാത്രം ലീഡ് ചെയ്യുന്ന അധികം സിനിമകൾ കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ പോലും ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.1960 ലാണ് സത്യജിത്റേയുടെ 'ദേവി' എന്ന ചിത്രം പുറത്തിറങ്ങുന്നത്. സ്നേഹവും പരിഗണനയും കാംക്ഷിക്കുന്ന സ്ത്രീയെ ആള്‍ദൈവമാക്കി മാറ്റുന്നതിന് എതിരായ ശക്തമായ പ്രതികരണമായിരുന്നു അത്. അതിലെ ദയാമയി എന്ന യുവതിയെ ദുര്‍ഗയുടെ അവതാരമെന്നു പറഞ്ഞ് ആരാധിക്കുന്നതിന് തുടക്കമിട്ടത് വൃദ്ധനും രോഗിയുമായ ഭര്‍തൃപിതാവാണ്. അയാളുടെ ചിത്തഭ്രമത്തിന് എതിരുപറയാന്‍ മരുമകള്‍ക്കായില്ല. ഒടുവില്‍ നാടാകെ അന്ധവിശ്വാസത്തിലേക്ക് വഴുതിവീഴുകയും കാര്യങ്ങള്‍ കൈവിട്ടുപോകുകയും ചെയ്തപ്പോള്‍ രക്ഷപ്പെടാന്‍ വീടുവിട്ടോടുകയാണ് ദയാമയി. ദൈവത്തിനുപകരം മനുഷ്യനും ദൈവികതയ്ക്കു പകരം മാനവികതയ്ക്കും പ്രാധാന്യം നല്‍കുന്ന നവോത്ഥാനത്തിന്റെ ലോകവീക്ഷണവും ഊര്‍ജവുമാണ് റേയെ കൊണ്ട് ഇങ്ങനെയൊരു കഥ പറയിച്ചത്.

ദേവിയിൽ സത്യജിത് റെ പറയുന്നതിൽ  നിന്ന് വിഭിന്നമായി മലയാളിയുടെ സാമൂഹികാന്തരീക്ഷം ഒട്ടും മടിപ്പുളവാക്കാതെ കൃത്രിമ നിറക്കൂട്ടിൻറെയോ പൊള്ളയായ ജീവിതസാഹചര്യമോ പ്രൊജക്റ്റ് ചെയ്യാതെ തികച്ചും പച്ചയായ ഒരു പെണ്‍പക്ഷ സിനിമ ഒരുക്കുവാൻ മനോജിനു ചായില്യത്തിലൂടെ കഴിഞ്ഞു.
ചായില്യത്തെ വ്യത്യസ്തമാക്കുന്ന മറ്റു രണ്ടു ഘടകം അതിലെ രാഷ്ട്രീയവും പ്രാദേശികത്തനിമയുമാണ്. ചുവപ്പിൻറെ നാനാർത്ഥങ്ങൾ പലപ്പോഴും, തെയ്യം മുഖത്ത് തേക്കുന്ന ചായില്യത്തിന്റെ ചുവപ്പ്. ആര്‍ത്തവരക്തം, തെയ്യക്കോലങ്ങളുടെ ചുവപ്പ്, ഗൌരിയുടെ ചുവന്ന ബ്ളൌസ്, ചുവന്ന പെയിന്റടിച്ച വെയ്റ്റിങ് ഷെഡ് എന്നിങ്ങനെ പലമട്ടില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്. അവിടെയെല്ലാം സംവിധായകൻറെ ഭാവന വളരെ സിംപോളിക്കായിട്ടു പ്രേക്ഷകനിലേക്ക് എത്തിക്കുവാൻ സാധിച്ചിട്ടുണ്ട്. മലയാളത്തിലെ സ്ഥിരം ഫോർമുലകളിലും ക്ളീഷേയിലും അകപ്പെടുത്താതെ ഗൌരിയെ പ്രേക്ഷകന് സമ്മാനിച്ചതിനു ഒരു സംവിധായകൻ എന്ന നിലയിൽ മനോജ്‌  മറ്റുള്ളവരിൽ നിന്ന് വേറിട്ട്‌ നില്ക്കുന്നു.

സമൂഹത്തിൻറെ രാഷ്ട്രീയം വളരെ വ്യക്തമായിത്തന്നെ സംവിധായകൻ നമുക്ക് കാട്ടിത്തരുന്നു. അതിനു ഉദാഹരണമാണ് ഗൌരിയും കണ്ണനും കുടില്‍കെട്ടി താമസിക്കുന്ന പറമ്പിന്റെ പേര് 'പാര്‍ടി വളപ്പ്'. തെയ്യം കെട്ടുന്ന അധഃസ്ഥിതരും ഒരുകാലത്ത് ജന്മിത്വത്തിനെതിരെ പോരാടിയതെന്ന ചരിത്രസത്യം ചിത്രം വിളിച്ചുപറയുന്നു.

ദൈവമാക്കി മാറ്റപ്പെടുന്ന ഓരോ സ്ത്രീയും സത്യജിത് റേയുടെ നായിക അനുഭവിച്ച അതേ ആത്മസംഘര്‍ഷത്തിലൂടെ കടന്നുപോകുന്നുണ്ട്. മലയ സമുദായക്കാരിയായ ഗൌരി ഏറെ പ്രതീക്ഷയോടെയാണ് വണ്ണാന്‍ സമുദായക്കാരനായ കാമുകന്‍ കണ്ണനോടൊപ്പം ഒളിച്ചോടുന്നത്. എന്നാല്‍, കണ്ണന്റെ മദ്യപാനം അവളുടെയും എട്ടുവയസ്സുള്ള മകന്റെയും ജീവിതം നരകമാക്കുന്നു. ഭര്‍ത്താവിന്റെ ദുരന്തപൂര്‍ണമായ അന്ത്യത്തോടെ ആത്മസംഘര്‍ഷം സഹിക്കാനാകാതെ അവള്‍ക്ക് മനോനില തെറ്റുന്നു. ആര്‍ത്തവ വിരാമമായി അത് അവളുടെ ശരീരത്തെയും ബാധിക്കുന്നു. സ്ത്രീകള്‍ മാത്രം കെട്ടുന്ന ഏക തെയ്യമായ ദേവക്കൂത്തുമായി കഥയെ കണ്ണി ചേര്‍ക്കുക വഴി ഗംഭീരമായ ഒരാഴം ചായില്യത്തിന് ലഭിച്ചിരിക്കുന്നു. തികഞ്ഞ സ്വാഭാവികതയോടെയാണ് പുരാവൃത്തം ധ്വനിപാഠമായി കടന്നുവരുന്നത്.

കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നിനടുത്ത തെക്കുമ്പാട് എന്ന തുരുത്തിലാണ് ദേവക്കൂത്ത് നടക്കാറ്. കൂട്ടുകാരികളില്‍ നിന്നകന്ന് ഒറ്റപ്പെട്ട ദേവകന്യകയെ നാരദന്‍ രക്ഷിച്ചെന്ന് പുരാവൃത്തം. ഇത്തരം ഗഹനമായ അറിവുകളൊന്നും ഇല്ലാത്ത സാദാ പ്രേക്ഷകർക്കും പുരാണത്തിലെ ഇത്തരം കഥകൾ ആദ്യമേതന്നെ സിനിമ മനസിലാക്കി കൊടുക്കുന്നുണ്ട്.

പ്രണയദാമ്പത്യങ്ങളില്‍ നിന്നൊറ്റപ്പെടുന്ന ഗൌരിയെ രക്ഷിക്കാനെത്തുന്നത് ഭര്‍തൃപിതാവായ അംബുപ്പെരുവണ്ണാന്‍. നായിക ഗൌരിക്ക് ഉണ്ടാകുന്ന Mental Delusion ശരീരത്തിൽ ദേവി കൂടിയതായി സമൂഹം വിശ്വസിക്കുന്നു. ഉന്മാദലക്ഷണം കാണിക്കുന്ന ഗൌരി രണ്ടുതവണ അതുവഴി സമൂഹത്തിന്റെ ക്രൂരതകളെ ഞെട്ടിക്കുന്നുണ്ട്. സമുദായഭ്രാന്തന്മാര്‍ അവളുടെ പേരില്‍ പെരുവണ്ണാനു നേരെ ഉറഞ്ഞുതുള്ളുമ്പോഴും. മിച്ചഭൂമിയിലെ തന്റെ കുടില്‍ പൊളിക്കാന്‍ ജെസിബി എത്തുമ്പോഴും വാക്കത്തി ഏന്തി തെയ്യത്തെപ്പോലെ ഉറഞ്ഞാടുന്ന ഗൌരിക്കു മുന്നില്‍ ജെസിബിയുടെ യന്ത്രക്കൈ നിശ്ചലമാകുന്ന ദൃശ്യം ഗംഭീരമാണ്. ജാതിക്കോമരങ്ങളും അന്ധവിശ്വാസികളുമായ പുതിയ തലമുറയ്ക്കു മുന്നില്‍ മനുഷ്യത്വത്തിന്റെ നട്ടെല്ലുമായി നിവര്‍ന്നുനില്‍ക്കുന്ന അംബുപ്പെരുവണ്ണാന്‍ നവോത്ഥാന പാരമ്പര്യത്തിന്റെ ആള്‍രൂപമാണ്. കോലംകെട്ടി സ്വയം ദൈവമായി മാറാറുള്ള അദ്ദേഹം ആള്‍ദൈവ സംസ്കാരത്തെയും അന്ധവിശ്വാസങ്ങളെയും ചോദ്യംചെയ്യുന്നു. വിശ്വാസത്തേക്കാള്‍ യുക്തിക്ക് പരിഗണന നല്‍കുന്നു. അമാനുഷികമായി തെയ്യത്തെ അവതരിപ്പിക്കുകയാണ് പൊതുവെ തെയ്യം ചലച്ചിത്രങ്ങള്‍ ചെയ്യാറ്. ഇവിടെ തെയ്യക്കോലത്തിനുള്ളിലെ പച്ചമനുഷ്യനിലാണ് ഊന്നല്‍. വല്യച്ഛന്‍ മരിച്ചുകിടക്കുന്നതുകണ്ട് കതിവന്നൂര്‍ വീരന്‍വേഷത്തില്‍ പൊട്ടിക്കരയുന്ന കണ്ണന്റെ ദൃശ്യം ഇതിന്റെ മികച്ച തെളിവാണ്.

.
കണ്ണൂര്‍ ജില്ലയുടെ വടക്കന്‍ ഭാഗത്തെ പ്രാദേശികഭാഷയും സംസ്കാരവും അതിന്റെ തനിമയില്‍ ചായില്യത്തിലുണ്ട്. മ്ണ്ടറ് (മിണ്ടരുത്), മട്ടുനക്കുക (മദ്യപിക്കുക) തുടങ്ങിയ വാക്കുകള്‍ ആദ്യമായാകാം അതേമട്ടില്‍ ഒരു സിനിമയില്‍ വരുന്നത്. ഈ അകൃത്രിമത്വമാണ് ചിത്രത്തെ ആദ്യന്തം ജൈവമാക്കുന്നത്. അംബുപ്പെരുവണ്ണാനായി നിറഞ്ഞുനില്‍ക്കുന്ന എം ആര്‍ ഗോപകുമാറിനോട് മത്സരിച്ച് അഭിനയിച്ച് ഗൌരിയെ അനശ്വരയാക്കുന്ന അനുമോളിന്റെ പ്രകടനം അതിഗംഭീരം. കെ ജി ജയന്റെ ഛായാഗ്രഹണവും മനോജ് കണ്ണോത്തിന്റെ എഡിറ്റിങ്ങുമൊക്കെ ചേര്‍ന്ന സമഗ്രതയാണ് ചായില്യത്തിന്റെ ശില്‍പ്പമികവായിത്തീരുന്നത്.

ഒരു പൂര്‍ണമായ കല എന്ന നിലക്ക് സിനിമകള്‍ ഉണ്ടാവുമ്പോള്‍ ആണ്, അത് നിറവു തരുന്ന ആസ്വാദനം തരുന്നത്. വളരെ മോശം കോപ്രായങ്ങളും, അശ്ലീല ചുവകലര്‍ന്ന സംഭാഷണങ്ങളും നിറഞ്ഞ ചിത്രങ്ങള്‍ വീണ്ടും വീണ്ടും നിര്‍മിക്കാന്‍ ആളുകള്‍ മുന്നോട്ടു വരുന്നത് ഒരു തകര്‍ച്ചയുടെ അടയാളമാണ്. 

സ്ഥിരം ഫോര്‍മുലകളും ക്ലീഷേകളും അരങ്ങു വാഴുമ്പോള്‍ മൂല്യം നിറഞ്ഞ സിനിമകള്‍ നിര്‍മിക്കാനോ വിതരണം ചെയ്യാനോ ആളില്ല. നമ്മുടെ നിലവാരം മോശമാണ്/ മോശം ആക്കി നിലനിര്‍ത്താം എന്ന സങ്കല്‍പമാണ് ഈ വ്യവസായത്തില്‍ കുറെ പേര്‍ക്ക്. അതിനു ഉദാഹരണമാണ് ഈ നല്ല സിനിമക്ക് നേരിടേണ്ടി വന്ന വെല്ലുവിളികൾ. മനോജ് കാണ എന്ന സംവിധായകന്‍ 5 വര്‍ഷം വിയര്‍പ്പൊഴുക്കി, 2000 പേര്‍ ചേര്‍ന്ന് നിര്‍മിച്ച ഒരു മികച്ച ചിത്രമാണ് ഇന്ന് ഈ അവസ്ഥയെ നേരിടുന്നത്. നല്ല സിനിമകള്‍ / സ്വതന്ത്ര സിനിമകള്‍ ഉണ്ടാകണം എന്നാഗ്രഹിക്കുന്നവര്‍ ദു:ഖിച്ചു തല കുനിച്ചുപോകും. ഇനിയും ഇത്തരത്തിലുള്ള സൃഷ്ടികൾ മനോജിൽ നിന്നും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.



February 23, 2014

എങ്ങും ഭക്തമയം.....അമ്മേ കാത്തോളണേ!!

പടന്നക്കാരൻറെ disclaimer ആദ്യം തന്നെ ഇടാം... ഇല്ലെങ്കിൽ ചിലപ്പോൾ സംഘികളും സുടാപ്പികളും സർക്കാരും ചേർന്ന് പണി തരും. പേടി കൊണ്ടാ... വേറൊന്നും വിചാരിക്കണ്ട 

Warning!!
ള്‍ ദൈവ ദാസീ ദാസന്മാര്‍,മുടിയാട്ട വിളയാട്ടം നടത്തുന്നവര്‍,കുരിശില്‍ നിന്നും ഒലിച്ചിറങ്ങുന്ന  ഹത്തര്‍വാരിത്തേക്കുന്നവര്‍,ഹൈടക് ശിവ ഭക്ത്നമാര്‍,തക്കാളിയിലേയും ചക്കയിലേയും ദൈവ നാമം  പ്രകീത്തിക്കുന്ന സോഷ്യല്‍  മീഡിയയിലെ  ഭക്തജനകോടികള്‍,ഉഡായിപ്പ് ഉറൂസ് വാദികള്‍,കബര്‍ പൂജാരികളും ഭകത്നമാരും,ആള്‍ ദൈവങ്ങള്‍ ചാവാന്‍ കിടക്കുമ്പോള്‍ മനമുരുകി പ്രാര്‍ഥിച്ചവര്‍, പിന്നെകപട മത സൌഹാര്‍ദവാദികളും ദയവു ചെയ്ത് ഈ ഊഡായിപ്പ് ബ്ലോഗ്ഗ് വായിക്കാന്‍ പാടുള്ളതല്ല!! വായിച്ച് കഴിഞാല്‍  മൃഗീയവും പൈശാചികവുമായി സംഭവിക്കുന്ന മാനസിക വിഭ്രാന്തി,തെറിപറയാന്‍ മുട്ടല്‍  എന്നിവയുക്ക് യതൊരു മറുമരുന്നും ഇതുവരെ കണ്ടുപിടിക്കാത്തത് കൊണ്ട് Be Careful!!  
................................................



മാതാവും പിതാവും ഗുരുവും എല്ലാം ദൈവമായി മാറികൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. നിരക്ഷരരും അത്താഴ പട്ടിണിക്കാരുമായ പാവം നാട്ടിന്‍പുറത്തുകാര്‍ ദൃഷ്ടി ദോഷമാകറ്റാനും വസൂരി മാറാനും വേണ്ടി വാറ്റുചാരായവും നാടന്‍ കഞ്ചാവും വച്ച് വണങ്ങുന്ന കാവിലമ്മയും കുട്ടിചാത്തനുമല്ല, ആണവശാസ്ത്രഞ്ജന്മാര്‍ മുതല്‍ കോര്‍പ്പറേറ്റ് രാജാക്കന്മാര്‍ വരെ ശീതികരിച്ചമുറികളില്‍ ലക്ഷങ്ങളും കോടികളും വച്ച് വണങ്ങുന്ന, ലോകമെമ്പാടും വേരുകളുള്ള ഭക്തി ബിസിനസ്‌ ശ്രിഖലയുടെ അധിപന്മാരായ പുത്തന്‍ തലമുറ ആള്‍ ദൈവങ്ങള്‍...

കൊല്ലം ജില്ലയിലെ പറയകടവ് കടപ്പുറത്തെ സുധാമണി എന്ന മുക്കുവ സ്ത്രീ  ഇന്ത്യയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനകോടികളുടെ അമ്മയായി   മാറിയ അത്ഭുത കഥയാണ്‌  മാതാ അമൃതാനന്തമയിയുടേത്. അമ്മയുടെ കരലാളനം കൊതിച്ചു കാലദേശഭേദമന്യേ  ജനലക്ഷങ്ങള്‍ പ്രവഹിച്ചുകൊണ്ടേ ഇരിക്കുന്നു. യൌവനകാലം മുതല്‍ കെട്ടിപിടിച്ചും ഉമ്മവച്ചും നല്‍കിയിരുന്ന സ്വര്‍ഗീയസുഖവും ദിവ്യാനുഭൂതിയും ഈ പ്രായത്തിലും ഭക്തര്‍ക്ക് നല്കാനാകുന്നു എന്നത് മാത്രമല്ല സുധാമണിയുടെ വിജയ രഹസ്യം. സുനാമി ദുരിതാശ്വാസം അടക്കം കോടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത്‌നടത്തി കൈയ്യടി നേടിയാണ്‌ ആ സ്ത്രീയുടെ പ്രസ്ഥാനം ഇന്ന് കാണുന്ന ഉയരങ്ങളില്‍ എത്തിയത്.

മരണം പോലും നാടകമാക്കിയ സായി ബാബയുടെ കഥയും വ്യത്യസ്തമായിരുന്നില്ല.  അന്തരീക്ഷത്തില്‍ നിന്നും ആമാശയത്തില്‍ നിന്നും സ്വര്‍ണമാലയും  സ്വര്‍ണഗോളവും പുറത്തെടുത്തു  ജനലക്ഷങ്ങളെ പറ്റിച്ചാണ് ബാബ എത്രയും ഉയരത്തില്‍ എത്തിയത്.  ഒന്നൊഴിയാതെ എല്ലാം കള്ളത്തരവും മാജിക്‌ ട്രിക്ക്സും ആണെന്നത് പല തവണ തെളിയിക്കപ്പെട്ടതുമാണ്. എന്നിട്ടും ജനലക്ഷങ്ങള്‍ ബാബയുടെ മാസ്മരിക വലയത്തില്‍ അകപ്പെട്ടു കൊണ്ടേ ഇരുന്നു. കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ബാബ ട്രസ്റ്റ്‌ നടത്തുന്നതായി അറിയുന്നു. സന്തോഷം. ആളുകളെ പറ്റിച്ചു പെട്ടെന്നൊരു ആയിരം കോടി എന്റെ കൈയ്യില്‍ കിട്ടിയാലും അതില്‍ ഒരു നൂറു നൂറ്റമ്പതു കോടിക്കെങ്കിലും ജീവകാരുണ്യമോ മരണകാരുണ്യമോ നടത്തുന്നതില്‍ എനിക്കും സന്തോഷമേ ഉള്ളു.  

ഈ ശാന്തിക്കും സമാധാനത്തിനും ഒക്കെ ഇത്രയധികം ചിലവുണ്ട് എന്ന് നമ്മളെ പഠിപ്പിച്ച ഒരു മഹാനാണ് ശ്രീ*2 രവിശങ്കര്‍. അദ്ധേഹത്തിന്റെ ആര്‍ട്ട്‌ ഓഫ് ലിവിംഗ്,(അദ്ദേഹം ജീവിക്കാന്‍ വേണ്ടി നടത്തുന്ന കല) യോഗാ കോഴ്സ്നു വന്‍ തുക നല്‍കി ചേര്‍ന്നാല്‍ ശാന്തിയും സമാധാനവും ബസ്‌ പിടിച്ചു വരുമത്രേ!!! കൈയ്യിലുള്ള പണവും കൊടുത്തിട്ട്  ശുഭ്രവസ്ത്രം ധരിച്ചു അല്പം സ്ത്രൈണഭാവത്തില്‍ കൊഞ്ചി കൊഞ്ചിയുള്ള അങ്ങേരുടെ വര്‍ത്തമാനം കേള്‍ക്കേണ്ടി വരുന്നവന്റെ യോഗം എന്നല്ലാതെ എന്ത് പറയാന്‍?




ഇതെല്ലാം വന്‍കിട സെറ്റപ്പുകള്‍ ആണെങ്കില്‍ വേറെയും ഉണ്ട് ഒരു കൂട്ടര്‍. ചുട്ട കോഴിയെ പറപ്പിക്കുകയും (ചുടാത്ത കോഴിയെ പറപ്പിക്കാന്‍ ഞാനായാലും മതി), ചൂട് വെള്ളത്തിലൂടെ നടക്കുകയും, അതി രാവിലെ തുണിയില്ലാതെ ദര്‍ശനം കൊടുക്കുകയും, പോലീസുകാരെ തോക്ക് ചൂണ്ടി പീഡിപ്പിക്കുകയും(പേടിപ്പിക്കലിനോന്നും ഇപ്പൊ ഡിമാന്റില്ല), സില്‍മ നടിക്ക് പൂജിക്കാന്‍ സ്വന്തം ലിംഗം വരെ കൊടുക്കുകയും, നഗ്ന പൂജ നടത്തിയാതിന്റെ വീഡിയോ വേണ്ടാതീനം കാണിക്കാന്‍ വേണ്ടി സൂക്ഷിക്കുകയും (ഇപ്പൊ ജയിലില്‍ എങ്ങനെ സാധിക്കുന്നോ ആവോ !!!) ചെയ്യുന്ന പ്രാദേശിക ആള്‍ ദൈവങ്ങള്‍.

പച്ചവെള്ളത്തില്‍ തുപ്പിയും തൂറിയും രോഗമകറ്റുന്ന, അര അണയുടെ ചരട് ആസനത്തിനു മുകളില്‍ കെട്ടി പേടിയകറ്റുന്ന,  കോഴിമുട്ടയില്‍ ഡയലോഗ് എഴുതി ആരാന്റെ പറമ്പില്‍ കുഴിച്ചിട്ട് അവനിട്ട് പണി കൊടുക്കുന്ന, തങ്ങള്‍മാരും സിദ്ധന്മാരും സൂഫിമാരും പരിഷ്കൃത ലോകത്തെ നോക്കി കൊഞ്ഞനം കാട്ടുന്നു.  

സുധാമണിയും സത്യനാരായണ രാജുവും രവിശങ്കറും എല്ലാം ഓരോ ഐക്കണ്‍ പ്ലയെര്‍മാര്‍ മാത്രമാണ്. ഇവരെ ഓരോരുത്തരെയും നിയന്ത്രിക്കുന്നത്, അല്ലെങ്കില്‍ ഇവരെ  മുന്‍നിര്‍ത്തി ലാഭം കൊയ്യുന്നതും വന്‍കിട കോര്‍പറേറ്റ്കളും മാഫിയാ സംഘങ്ങളുമാണ്.  സ്വാമി ശാശ്വതീകാനന്ത അടക്കം ധ്യാനകേന്ദ്രങ്ങളിലും ആശ്രമങ്ങളിലും നടക്കുന്ന അസ്വാഭാവിക മരണങ്ങളുടെ എണ്ണം മാത്രം കണക്കിലെടുത്താല്‍ കാര്യങ്ങള്‍ വ്യക്തമാകും. കള്ളക്കടത്തിനും  കൂട്ടിക്കൊടുപ്പിനും അധ്യാത്മകതയെക്കാള്‍ നല്ല മറവ് വേറെ കിട്ടാനില്ല.
 
കോര്‍പൊറേറ്റ് സംഘങ്ങളുടെ കളികളും കാണാതിരുന്നു കൂടാ. ആള്‍ ദൈവങ്ങളുടെ പേരില്‍ ഉള്ള ട്രസ്റ്റുകളില്‍ മറിയുന്നത് കോടികളുടെ കള്ളപ്പണമാണ്. ഉള്ള വെള്ളപ്പണത്തിനാകട്ടെ ടാക്സ് അടക്കുകയും വേണ്ട. ചാരിറ്റിയുടെ പേരില്‍ സര്‍ക്കാര്‍ മിക്ക ആള്‍ദൈവങ്ങളെയും നികുതിയില്‍ നിന്നും ഒഴിവാക്കിയിടുണ്ട്. (അല്ലെങ്കില്‍ തന്നെ ദൈവത്തിനു എന്ത് നികുതി!!!)   
           
ഓരോ ആള്‍ ദൈവത്തിനും ഭക്തന്മാര്‍, ശിഷ്യന്മാര്‍ എന്നൊക്കെ പറഞ്ഞു കുറെ കോടീശ്വരന്മാരും വന്‍കിട രാഷ്ട്രീയക്കാരും ബ്യുറോക്രാറ്റുകളും സിനിമാ താരങ്ങളും കൂട്ടിനുണ്ടാകും. ദൈവത്തിന്റെ കൈ മുത്താനും കാല്‍ കഴുകാനും ഒക്കെ മുന്നില്‍ നില്‍ക്കുന്നത് ഇവരാകും. കള്ളപ്പണത്തിന്റെ മുഖ്യ ഉപഭോക്താക്കള്‍ ഇവര്‍ തന്നെ. ഇന്ത്യക്കാരുടെ കോടികളുടെ കള്ളപ്പണം സ്വിസ്സ് ബാങ്കില്‍ നിന്നും തിരിച്ച് കൊണ്ട് വരുമ്പോള്‍(!!!) അതില്‍ നല്ലൊരു പങ്ക് ഈ ഭക്തി വ്യവസായത്തിന്റെയാകും എന്നുറപ്പ്...

ലാസ്റ്റ് എഡിഷന്‍: ആത്മീയതക്ക് ഒരു വകുപ്പ് ഉണ്ടാക്കുകയും അതിനൊരു മന്ത്രിയെ നിയമിക്കുകയും കൂടി ചെയ്‌താല്‍ സര്‍ക്കാരിന് കൂടി ഈ തട്ടിപ്പ് വ്യവസായത്തില്‍ പങ്കു ചേരാം..
ദൈവങ്ങള്‍ ജെപിസി യുടെ പരിധിയിലും വരാന്‍ വഴിയില്ലല്ലോ !!!!



തള്ളയുടെ അനുഗ്രഹം നക്കിയെടുക്കുന്നതില്‍ രാഷ്ട്രീയക്കാരും സിവില്‍ സര്‍വീസും ജുഡീഷ്യറിയും മാധ്യമങ്ങളും ആരും മോശമല്ലെന്നറിയാം, എന്നാലും പൊതുജനകഴുതകള്‍ ശ്രേഷ്ഠഭാഷയില്‍ ഇങ്ങനെ ചിലച്ചുകൊണ്ടിരിക്കട്ടെ രാജാവേ,  ശുഭ്രവസ്ത്രത്തിലും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലും ഒളിപ്പിച്ചു വച്ച ആള്‍ദൈവ പൊ***മക്കളുടെ  തനിനിറം പുറത്തു വന്നേ തീരൂ!!!!!
എങ്ങും ഭക്തമയം.....അമ്മേ കാത്തോളണേ!!