Showing posts with label കലികാലത്തില്‍ അവതരിച്ച കൃഷ്ണന്‍. Show all posts
Showing posts with label കലികാലത്തില്‍ അവതരിച്ച കൃഷ്ണന്‍. Show all posts

November 06, 2011

കലികാലത്തില്‍ അവതരിച്ച കൃഷ്ണന്‍, കൂടെ രാധയും.........


വരുംകാലങ്ങളില്‍ ചിലപ്പോള്‍ മലയാള സിനിമയെ രണ്ടു കാലഘട്ടങ്ങളായി വിശേഷിപ്പിക്കപെടാം. ഒന്ന് BSP (Before Santhosh Pandit) എന്നും,  രണ്ടു ASP (After Santhosh Pandit) എന്നും ആയിരിക്കും. കാരണം നമ്മുടെ മോളിവൂഡ് കൈപ്പിടിയിലോതുക്കിയിരിക്കുന്ന അമ്മയും ഫെഫ്കയും പോലുള്ള സംഘടനകളിലോന്നും അംഗമാവാതെ തന്നെ സ്വന്തം പ്രയത്നം ഒന്നുകൊണ്ടു മാത്രം ഒരു സിനിമ എടുക്കാമെന്നും അത് സ്വന്തമായി മാര്‍ക്കറ്റ്‌ ചെയ്തു റിലീസ് ചെയ്യാം എന്നും ഈ “കൂതറ” എന്ന് വിശേഷിപ്പിക്കപെടുന്ന സന്തോഷ്‌ പണ്ഡിറ്റ്‌  എന്ന യുവാവ് നമുക്ക്  തെളിയിച്ചു തന്നിരിക്കുന്നു.

സിനിമയുടെ നിലവാരത്തെ കുറിച്ചു മാത്രമാണ് ഇപ്പോള്‍ വലിയ വലിയ  ചാനല്‍  ചര്‍ച്ചകള്‍  നടക്കുന്നത്. നിലവാരത്തിന്റെ കാര്യത്തില്‍ “കൃഷ്ണനും രാധയും” എന്ന ചിത്രം വളരെ പരാജയം തന്നെയാണ് എന്ന് പറയുന്നതിന് ഒരു സിനിമാ നിരൂപകന്റെ സാങ്കേതിക വ്യാക്യാനങ്ങളൊന്നും ആവശ്യമില്ല. സിനിമ കാണുന്ന ഇതൊരു കുട്ടിയും ചോതിക്കും ഇതു എന്ത് കൊപ്രായമാണ് ഇയാള്‍ കാണിക്കുന്നതെന്ന്. സൂഷ്മനിരീക്ഷണങ്ങള്‍  ആവശ്യമായ അഭിനയം, സാങ്കേതികത, സംവിധാനം, തുടങ്ങി ചിത്രത്തിന്‍റെ നിലവാരവും മാറ്റി നിറുത്തി നാം മലയാളികള്‍ ചിന്തിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ ഈ ചിത്രം നല്‍കുന്നുണ്ട്.   

സോഷ്യല്‍ നെറ്റ്­വര്‍ക്കുകളിലൂടെ നിരന്തരം കമന്റുകള്‍  ഇട്ടും തെറിയഭിഷേകം നടത്തിയും സന്തോഷിനെ Degrade ചെയ്യാന്‍ ശ്രമിക്കുന്ന സമൂഹം തന്നെയാണ് അദ്ദേഹത്തിന്റെ കൃഷ്ണനും രാധയും എന്ന ഈ ചിത്രത്തെയും വിജയിപ്പിച്ചത്. ഒരുതരത്തില്‍ പറഞ്ഞാല്‍ സോഷ്യല്‍നെറ്റ്വര്‍ക്കുകളിലൂടെ ഇത്തരം കമന്റുകള്‍ തന്നെയാണ് ഒരു Hidden Strategy പോലെ നടന്‍ പ്രിത്വിരാജിനെതിരെയും ഇത്തരക്കാര്‍ നടത്തിവരുന്നത്.

ഒറ്റയ്ക്ക് ചെറിയ ബഡ്ജറ്റിൽ സിനിമയെടുത്ത് പ്രേക്ഷകനു മുന്നിലെത്തിക്കാമെന്ന് സന്തോഷ് പണ്ടിറ്റ് തെളിയിച്ചു. എന്തായാലും ഈ ചുവടുപിടിച്ച് ഇനിയും സിനിമകൾ ഇറങ്ങാനുള്ള സാധ്യത കാണുന്നു. അതിന്റെ ഉള്ളടക്കവും നിലവാരവും അനുസരിച്ച്  ജനം സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്യും. സന്തോഷ് പണ്ടിറ്റിനെ വട്ടനും കോമാളിയുമായി ചിത്രീകരിക്കുന്നവർ തന്നെ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലെത്തി ടിക്കറ്റെടുത്ത് തെറിവിളിക്കുന്നു എന്ന് കേൾക്കുമ്പോൾ അവരെ എന്തു വിളിക്കണം എന്നൊരു സംശയം.

അതെ മലയാളത്തിലെ സൂപ്പർ താര ജാഡക്കുള്ള ഒറ്റയാൾ വിപ്ലവമാണു ക്രുഷ്ണനും രാധയും , എന്തായാലും സന്തോഷിന്റെ ധൈര്യം, ആത്മവിശ്വാസം, ശുഭാപ്തിവിശ്വാസം ഇവയൊക്കെ സമ്മതിച്ചേ പറ്റൂ. തെറി ആർക്കും പറയാം, എന്നാൽ ഒരു പുഞ്ചിരിയോടെ അതിനെയെല്ലാം തന്റെ വരുതിക്കു വരുത്തി ആരോടും പരിഭവമില്ലാതെ, തുടരൂ ഇനിയും എന്നു പറയുന്നാ ആ ആർജവം , നമ്മുക്കതിനെ എങ്ങിനെ വേണമെങ്കിലും വിശേഷിപ്പിക്കാം. എന്നാലും സന്തോഷ് തുടങ്ങിവച്ച ഈ വിപ്ലവം അതിന്റെ എല്ലാ പരിമിതികളും ഒഴിവാക്കി ഒരു നല്ല ആശയമായി ഉൾക്കോണ്ട് മലയാള സിനിമക്ക് നല്ല നല്ല സിനിമകൾ ഉണ്ടാകാൻ ഇടയാകട്ടെ, കാരണം നമ്മുടെ ഇടയിൽ ധാരാളം നല്ലകലാകാരന്മാർക്കു ഇതൊരു മാത്രുകയാവും, സിനിമയെന്നത് ആർക്കും ചെയ്യവുന്നതാണു എന്നു അസന്നിഗ്ധമായി സന്തോഷ് തെളിയിച്ചു. വേണ്ടത് പതറാത്ത വിശ്വാസവും ധൈര്യവും.

സന്തോഷ് പണ്ഡിറ്റ്, നാളേറെയായി മൂല്യരഹിതമായി, ഇടിഞ്ഞു താഴ്ന്നു തകര്‍ന്നു കിടക്കുന്ന മലയാളസിനിമയെ അതേ തലത്തില്‍ നിന്നുകൊണ്ട് കൊണ്ട് അക്രമിക്കുകയാണു്. യഥാര്‍ത്ഥത്തില്‍ കേമന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ജയറാമും സുരേഷ് ഗോപിയും കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത് ഇതിനേക്കാള്‍ നെറികെട്ട ലജ്ജാവഹങ്ങളായ അശ്ലീലങ്ങളല്ലേ ! മറ്റൊരു ഗതിയുമില്ലാതെ ഇവന്മാരുടെ അമേധ്യം നുകര്‍ന്നുകൊണ്ടിരുന്ന നമ്മുടെ യുവാക്കള്‍, സന്തോഷ് പണ്ഡിറ്റ് അറിഞ്ഞോ അറിയാതെയോ ഇവരുടെ മുഖം മൂടി പിച്ചി ചീന്തുമ്പോള്‍, പിന്തുണ പ്രഖ്യാപിച്ച് തങ്ങളുടെ പ്രതിഷേധം അബോധമായി രേഖപ്പെടുത്തുകയാണു്. സാങ്കേതികത്തികവോടെ സവര്‍ണനായകത്വവും ഫ്യൂഡല്‍ ഉച്ചിഷ്ടങ്ങളും മാംസധാരാളിതയോടെ എഴുന്നള്ളുന്ന കൂത്തിച്ചിയാട്ടവും അരോചകമായ കാഴ്ചകളായി നിറയുന്ന വര്‍ത്തമാനകാല മലയാളസിനിമയുടെയും നായക ജംബൂകന്മാരുടെയും കരണത്തടിക്കുന്നതില്‍ സന്തോഷ് വിജയിച്ചിരിക്കുന്നു. ഇതിനേക്കാള്‍ മികച്ചതായി എന്താണു് മലയാള സിനിമ നമുക്ക് നല്‍കിക്കൊണ്ടിരുന്നത്

സിനിമയുടെ സമസ്ത മേഘലകളിലും പ്രവര്‍ത്തിച്ച സന്തോഷ്‌, ഇത്രയും കാര്യങ്ങള്‍ ഒറ്റയ്ക്ക് ചെയ്യുക എന്നത് തന്നെ പ്രശംസ അര്‍ഹിക്കുന്നതാണ്, അതും ഒരാളുടെ അസിസ്റ്റന്റ് പോലുമാകാതെ. കുറഞ്ഞ ബഡ്ജറ്റില്‍ കൂടുതല്‍ പണം ഉണ്ടാക്കുക എന്ന സിനിമ അതികായകന്മാരുടെ നടക്കാത്ത മോഹം സന്തോഷ് നടത്തി കാട്ടി തന്നു. പടം ഇറങ്ങും മുന്‍പേ തന്നെ യൂ ട്യൂബ് വഴിയും പണം കൊയ്യാമെന്നും ട്രെന്റ് അനുസരിച്ച് ഓരോന്ന് ഇട്ട് കൊടുത്തിരുന്ന വിദ്യയില്‍ നിന്ന് തന്നെ പുള്ളിയുടെ ബുദ്ധി മനസ്സിലാക്കാവുന്നതല്ലേ!

നമ്മള്‍ തമ്മിലില്‍ ആയിരുന്നു എന്ന് തോന്നുന്നു സിത്സില ആല്‍ബം ഇടയ്ക്ക് ഡിലീറ്റിയില്ലായിരുന്നുവെങ്കില്‍ കാശ് എത്ര വാരാമായിരുന്നു എന്ന് ഒരു കക്ഷി ചോദിച്ചത്. സന്തോഷ് ആ ബുദ്ധിയാണ് ചെയ്തത്. കൂടെ ഓരോ പാട്ടും ഒന്നിന് പുറകേ ഇട്ട് ഹിറ്റ് നേടി! സന്തോഷ് പണ്ഡിറ്റിനെ വിഡ്ഢിയായി കാണുന്നവരാണു വാസ്തവത്തില്‍ വിഡ്ഢികളെന്നു തോന്നുന്നു. അദ്ദേഹം തികച്ചും ഒരുതരം നെഗറ്റീവ് മാര്‍ക്കറ്റിങ് ആണു നടത്തുന്നതെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതു വിജയിക്കുകയും ചെയ്തു.

സ്വന്തം ജീവിതം ആഡംബരപൂര്‍ണ്ണമാക്കാന്‍ മറ്റുള്ളവരെ കൊല്ലുകയും അവരുടെ സമ്പത്ത് കവരുകയും ചെയ്യുന്നത് ഒരു വാര്‍ത്തയല്ലാതായി മാറിയ ഇന്നത്തെ സാഹചര്യത്തില്‍ സന്തോഷ് പണ്ഡിറ്റിനെ നമ്മള്‍ ബഹുമാനിക്കണം. സ്വന്തമായി സിനിമ എങ്ങിനെ എടുത്ത് രിലീസ് ചെയ്യാം എന്ന് അയാള്‍ ലോകത്തെ കാണിക്കുന്നു. ഒന്നുമല്ലെങ്കിലും അയാള്‍ മാന്യമായ ഒരു തൊഴിലല്ലേ ചെയ്യുന്നത്. കല്ലെറിയുന്നവര്‍ ആദ്യം അതാലോചിക്കുക.സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാന്‍ അയാള്‍ മറ്റൊരു മാര്‍ഗ്ഗവും തെരഞ്ഞെടുത്തില്ലല്ലോ...