Showing posts with label ഇതും കേരളത്തിലാണോ?. Show all posts
Showing posts with label ഇതും കേരളത്തിലാണോ?. Show all posts

December 21, 2010

ഇതും കേരളത്തിലാണോ?

മുട്ടയിടുന്ന പൂവന്‍ കോഴിയും, മൂന്ന് കാലുള്ള ആട്ടിന്‍കുട്ടിയും പ്ലാവില്‍ കായ്ക്കുന്ന മാങ്ങയും എല്ലാം ഒരുതരത്തില്‍ നമുക്ക് കൌതുക വാര്‍ത്തകളാണ്. ഇത്തരം വാര്‍ത്തകള്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു കയ്യടി വാങ്ങിയ അനേകം റിപ്പോര്‍ട്ടര്‍മാരും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ഇത്തരം കൌതുക വാര്‍ത്തകള്‍ നിത്യേന നമ്മള്‍ വായിക്കാനിടയായാല്‍ അതിന്‍റെ രസം കുറഞ്ഞു വരും എന്നത് തീര്‍ച്ചയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരം വാര്‍ത്തകള്‍ മുറ തെറ്റാതെ വന്നിരുന്ന ഒരു ഗ്രാമത്തിന്‍റെ പേരായിരുന്നു “സ്വര്‍ഗ്ഗം”.

 
സ്വര്‍ഗ്ഗം എന്ന ഈ കൊച്ചു ഗ്രാമം നമ്മുടെ കൊച്ചു കേരളത്തിന്‍റെ അങ്ങ് വടക്കേ അറ്റത്തുള്ള കാസര്‍കോട് ജില്ലയിലാണ്. മുകളില്‍ പറഞ്ഞ തരത്തിലുള്ള ഒട്ടേറെ കൌതുക വാര്‍ത്തകള്‍ നിരന്തരം വരുന്നതിന്‍റെ കൌതുകം മനസിലാക്കാനാണ് മോഹന്‍ കുമാര്‍ എന്ന വ്യക്തി ഇതിനെക്കുറിച്ചു പഠിക്കാന്‍ തുടങ്ങിയത്. ഈ അന്വേക്ഷണം ചെന്നെത്തിയത് കാസര്‍കോട് ജില്ലയിലെ വടക്കേ അറ്റത്തുള്ള എട്ടു ഗ്രാമങ്ങളിലായിരുന്നു. അവിടങ്ങളിലെ സ്ത്രീകള്‍ക്ക് സ്ഥിരമായി ഗര്‍ഭം അലസിപ്പോകുന്നതും, വായില്‍ ഒതുക്കുവാന്‍ കഴിയാത്തത്രയും വലിപ്പമുള്ള നാക്കോടുകൂടിയ കുട്ടികളും, അസാധാരണമായി വളര്‍ച്ചയുള്ള തലയോട് കൂടിയ ചെറിയ ശരീരം ഉള്ളവരും, വളഞ്ഞു ചുരുണ്ട നട്ടെല്ലുള്ള ചെറുപ്പക്കാരും തുടങ്ങി ജനിതക വൈകല്യങ്ങളോട് കൂടിയ മനുഷ്യര്‍ സ്ഥിരം കാഴ്ചയാണ്.



ഇവിടെ പറഞ്ഞ ഈ ജനിതക വൈകല്യങ്ങളുടെ മൂലകാരണം തെടിപ്പോകുമ്പോഴാണ് ഭരണകൂട ഭീകരതയുടെ ക്രൂരമുഖം വെളിവാകുന്നത്. സ്വന്തം ജനതയ്ക്ക് നേരെ ആറ്റം ബോംബു പ്രയോഗിക്കുന്നത് പോലെയാണ് സ്വന്തം വര്‍ഗത്തിനു നേരെ എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി അഥവാ ജനിതക ആയുധം പ്രയോഗിച്ചു ഈ തലമുറയെ മാത്രമല്ല വരാനിരിക്കുന്ന തലമുറകളുടെ കൂടെ ഭ്രൂണത്തെ മുളയിലേ കരിച്ചു കളയുന്ന ഒരു പോസ്റ്റ്‌ മോടെന്‍ ഫാസിസം ആണ് നമ്മുടെ സര്‍ക്കാര്‍ നടത്തുന്നത്.



സര്‍ക്കാറിന്‍റെ കീഴിലുള്ള പ്ലാന്‍റ്റെഷന്‍ കോര്‍പറേഷന്‍റെ ഫാമില്‍ വിളവെടുപ്പ് കൂട്ടാന്‍ ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാന്‍ എന്ന ഈ വിഷലായനി വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം ആകാശത്തു നിന്നും ഭൂമിയിലേക്ക്‌ സ്പ്രേ ചെയ്യുമ്പോള്‍ ഇങ്ങു താഴെ ഈ മണ്ണില്‍ ജീവന്‍റെ തുടിപ്പ് അവര്‍ അറിയാതെയല്ല, പകരം ലാഭക്കൊതിയുള്ള കോര്‍പ്പറേറ്റ്‌ ഭീമന്‍മാരും, സ്വന്തം മാതാവിന്‍റെ ഗര്‍ഭപാത്രത്തില്‍ നിന്ന് പോലും കയ്യിട്ടു വാരുന്ന നേതാക്കളും ഉള്ള നമ്മുടെ രാജ്യത്ത് ഇത്തരം ക്രൂരതകള്‍ക്ക് നേരെ കണ്ണടക്കുവാന്‍ നീതി പീഠങ്ങള്‍ പോലും കൂട്ടാക്കുന്നു..



ബ്രിട്ടനും അമേരിക്കയും തുടങ്ങി പാകിസ്ഥാനും ശ്രീലങ്കയും അടക്കമുള്ള രാജ്യങ്ങള്‍ വരെ അപകടകാരി എന്ന് മുദ്ര കുത്തി നിരോധിച്ച എന്‍ഡോസള്‍ഫാന്‍ എന്ന ഈ കൊടും വിഷത്തിന്‍റെ നിര്‍മാണവും ഉപഭോഗവും നമ്മുടെ സര്‍ക്കാര്‍ തന്നെ നടത്തുന്നു എന്നതാണ് വളരെ ശ്രദ്ധേയം. സ്ലോ പൊയ്സനിങ്ങിലൂടെ സ്വന്തം ജനതയെ ഇഞ്ച് ഇന്ചായി കൊന്നോടുക്കുന്നതിനു പകരം പോക്രാനില്‍ നാം പരീക്ഷിച്ച ആറ്റം ബോംബിന്‍റെ സാമ്പിളുകള്‍ ഇവറ്റകള്‍ക്ക് നേരെ പരീക്ഷിച്ചാല്‍ നന്നായിരിക്കും.






എന്‍ഡോസള്‍ഫാന്‍ എന്ന ഈ മാരക വിഷത്തിന്‍റെ ദുരന്തവശം മനസ്സിലാക്കാന്‍ രസതന്ത്രത്തില്‍ ഗവേഷണം നടത്തേണ്ട ആവശ്യം ഒന്നും ഉള്ളതായി തോന്നുന്നില്ല. എന്നിട്ടും കെമിസ്ട്രിയില്‍ ബിരുദം ഉള്ള നമ്മുടെ കേന്ദ്രമന്ത്രി തോമസ്‌ മാഷിന്‍റെ അഭിപ്രായത്തില്‍ എന്‍ഡോസള്‍ഫാന്‍ ഒരു മാരകവിഷം അല്ലെ അല്ല എന്നായിരുന്നു. അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണോ അതോ ആരുടെയെങ്കിലും സമ്മര്‍ദ്ദത്തില്‍ പറഞ്ഞതാണോ എന്നറിയില്ല. എന്തായാലും പുതുതായി വന്ന വാര്‍ത്തയില്‍ തോമാച്ചന്‍ ആ പ്രസ്താവന അപ്പാടെ വിഴുങ്ങിയതായി കണ്ടു. അതേതായാലും നന്നായി. ഇല്ലേല്‍ തോമാച്ചന്‍റെ വിവരക്കേടെന്നു പൊതുജനം പറഞ്ഞേനെ.