Showing posts with label വീണ്ടും മോഹന്‍ലാല്‍ മാജിക്!. Show all posts
Showing posts with label വീണ്ടും മോഹന്‍ലാല്‍ മാജിക്!. Show all posts

July 18, 2009

ഭ്രമരം, വീണ്ടും മോഹന്‍ലാല്‍ മാജിക്!

ചിത്രത്തെക്കുറിച്ച് ബ്ലെസ്സി നേരത്തെ തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞത് മനസ്സിലുള്ളതിനാല്‍ ഒരു ബ്ലെസ്സി ചിത്രം കാണാന്‍ പോകുന്ന തയ്യാറെടുപ്പൊന്നുമില്ലാതെയാണ് തിയറ്ററില്‍ കയറിയത്. തയ്യാറെടുപ്പൊന്നുമില്ലേ എന്ന് ചോദിച്ചാല്‍ ബ്ലെസ്സിയുടെ ആദ്യ ത്രില്ലര്‍ പശ്ചാ‍ത്തലത്തിലുള്ള ചിത്രമല്ലേ അതു കൊണ്ട് മോഹന്‍ലാല്‍ വിമര്‍ശകരായ ചില സുഹൃത്തുക്കളെ കൂടി ഒരു ധൈര്യത്തിന് കൂടെ കൂട്ടിയിരുന്നു.
പ്രതികാരത്തിന്‍റെ കനല്‍ ആവുന്നോളം പ്രേക്ഷകന് മനസിലാക്കികൊടുത്തു കൊണ്ടാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്‌. പല സന്ദര്‍ഭങ്ങളിലും ചെറുതായി ഇഴച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും ഒരു ചെറിയ കഥയെ സംവിധായകന്‍റെ കൈയ്യൊപ്പുള്ള ഒരു മനോഹര ചിത്രമാക്കുന്നതില്‍ ബ്ലെസ്സി വിജയിച്ചിരിക്കുന്നു എന്ന് നിസംശയം പറയാം. തിരക്കഥ അല്‍പ്പം കൂടി മുറുക്കമുളളതായിരുന്നെങ്കില്‍ തന്‍‌മാത്രയ്ക്കും മുകളില്‍ നില്‍ക്കുന്ന ഒരു ചിത്രം സമ്മാനിക്കാന്‍ ബ്ലെസ്സിക്ക് കഴിഞ്ഞേനെ.
ലാല്‍ എന്ന നടന്‍റെ അഭിനയ പാടവമാണ് പ്രേക്ഷകരെ പിടിച്ചു നിര്‍ത്തുന്നത്. എന്നാല്‍ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ മറ്റ് താരങ്ങളെ തെരഞ്ഞെടുക്കാനായി പലപ്പോഴും അഭിനയ ക്ലാസുകള്‍ വരെ നടത്താറുളള ബ്ലെസ്സിക്ക് ഇത്തവണ പിഴച്ചു പോയി എന്ന് പറയാതിരിക്കാനാവില്ല. ബ്ലെസ്സി കഥാപാ‍ത്രങ്ങളിലെ സ്വാഭാവികത (കാഴ്ചയിലെ മുത്തച്ഛനെ ഓര്‍ക്കുക) ഭ്രമരത്തിലെ മറ്റ് പല കഥാപാത്രങ്ങളിലും കാണാന്‍ കഴിഞ്ഞില്ല. ഡോ അലക്സ് മാത്രമാണ് ഇതിനൊരപവദം. ഇത് ചിത്രത്തിന്‍റെ മൊത്തത്തിലുള്ള ആസ്വാദനത്തെ സാരമായിതന്നെ ബാധിക്കുന്നുമുണ്ട്.
ലാലിന്‍റെ ഭാര്യയായി എത്തുന്ന ഭൂമികയ്ക്കൊ, മകളായി എത്തുന്ന ബാലതാരത്തിനോ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അജയന്‍ വിന്‍സെന്‍റിന്‍റെ ഛായാഗ്രാഹണം കഥയുടെ മൂഡിന് അനുയോജ്യമാണ്. മോഹന്‍ സിതാരയുടെ സംഗീതവും (പ്രത്യേകിച്ച് അണ്ണാരക്കണ്ണാ എന്ന് ഗാനം).
എങ്കിലും ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഭ്രമരം റിലീസ് ചെയ്യുന്നതിനു മുന്‍പ് ബ്ലെസ്സി പറഞ്ഞ ഒരു കാര്യം ഓര്‍മ വന്നു. മോഹന്‍ ലാല്‍ എന്ന നടന്‍റെ അഭിനയ ജീവതത്തിലെ ഏറ്റവും മികച്ച 10 കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഭ്രമരത്തിലെ ശിവന്‍ കുട്ടി എന്ന കാര്യം. തിയറ്ററിനു പുറത്തിറങ്ങിയ ഞാന്‍ ഇക്കാര്യം കൂടെയുള്ള ലാല്‍ വിമര്‍ശകരോട് ചോദിച്ചു.
അവരും ബ്ലെസ്സിയുടെ അഭിപ്രായത്തെ തലകുലുക്കി അംഗീകരിച്ചു. ഇത് തന്നെയാണ് ഭ്രമരം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. സിനിമ കണ്ടിറങ്ങിയശേഷം അല്‍പ്പനേരത്തേക്കെങ്കിലും ലാല്‍ പകര്‍ന്നാടിയ കഥാപാത്രം പ്രേക്ഷക മനസ്സില്‍ ഉണ്ടാവും. ഇന്ന് എത്ര ചിത്രങ്ങള്‍ക്ക് അതിനു കഴിയുന്നു എന്ന് കൂടി ഓര്‍ക്കുമ്പോള്‍ ഭ്രമരം നഷ്ടപ്പെടുത്തേണ്ട സിനിമയല്ലെന്ന് നമുക്ക് മനസ്സിലാവുന്നു. പ്രതികാരത്തിന്റെ അഗ്നിയില്‍ ചാലിച്ചെടുത്ത വികാരനിര്‍ഭരമായ ഈ സിനിമ മിസ് ചെയ്യാതിരിക്കുക!