അഞ്ചാറു മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ റ്റുടെയില്‍ വന്ന ഒരു ലേഖനത്തിലൂടെയാണ് സിസ്റ്റര്‍ ജെസ്മിയെ കുറിച്ചും അവരെഴുതിയ ആമേന്‍ എന്ന ആത്മകതയെ കുറിച്ചും വായിച്ചറിഞ്ഞത്. ഈ ലേഖനത്തിലുടനീളം ലേഖകന്‍ വരച്ചുകാട്ടുന്നത് കന്യാസ്ത്രീ മഠങ്ങളിലെ സ്വര്‍ഗരതിയും ലൈംഗീകതയും മാത്രമായിരുന്നു. പിന്നെടെന്നോ ആരൊക്കെയോ അയച്ചുതന്ന മേയിലുകളിലൂടെയും ചിലതെല്ലാം വായിച്ചു. ആത്മകഥയിലൂടെ ജെസ്മി പറയുന്ന അടച്ചു വെയ്ക്കപ്പെട്ട തീവ്രലൈംഗികതക്കുമപ്പുറം എന്തോ ഒന്ന് അപ്പോഴും എന്‍റെ മനസ്സില്‍ തോന്നിയിരുന്നു. ഒരു രസത്തിനായി ആരംഭിച്ച തിരച്ചിലില്‍ കുറെ വായിക്കാന്‍ കിട്ടി കൂട്ടത്തില്‍ ചില ബ്ലോഗുകളും.
വളരെ അവിചാരിതമായി ആമേന്‍ കയ്യില്‍ കിട്ടുമ്പോള്‍ ഇരുന്ന ഇരുപ്പില്‍ തന്നെ വായിച്ചു തീര്‍ത്തു. അത് വായിച്ചു തീര്‍ന്നപ്പോള്‍ ഈയുള്ളവന് തോന്നിയ ചില കാര്യങ്ങളാണ് എന്‍റെ ഈ പോസ്റ്റിനു ആധാരം.
വളരെ സഭ്യമായ രീതിയില്‍ കത്തോലിക്കാ സഭയിലെ ചീഞ്ഞളിഞ്ഞ വ്യവസ്ഥിതിയെ തുറന്നു കാട്ടുന്നതില്‍ സിസ്റ്റര്‍ ജെസ്മി വിജയിച്ചിരിക്കുന്നു എന്ന് പറയേണ്ടി വരും. മാധ്യമങ്ങളാല്‍ കീറി മുറിക്കപ്പെട്ടതുപോലെ അത്രയേറെ ലൈംഗീകതയുടെ അതിപ്രസരമൊന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല മുപ്പതു വര്‍ഷത്തെ തന്‍റെ സഭാജീവിതത്തെ വളരെ തന്മയത്ത്വത്തോടെ അവതരിപ്പിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. വളരെ ലളിതമായിത്തന്നെ സഭക്കുള്ളിലെ അഴിമതി, സ്വജനപക്ഷപാതം, തേങ്ങലുകള്‍, സ്വവര്‍ഗരതി, കീഴടങ്ങലുകള്‍, പുരുഷമേധാവിത്വം തുടങ്ങിയവ പ്രതിപാതിച്ചിരിക്കുന്നു.
യൂണിയന്‍ ഓഫ് കാത്തലിക് .കോം എന്ന വെബ് സൈറ്റില്‍ ജീമോന്‍ ജേക്കബ് എഴുതുന്നു..."സെമിനാരിയില്‍ വരുന്ന 22.5%പുരുഷന്മാര്‍ മാത്രമേ പുരോഹിതന്മാരാകുന്നുള്ളു. എന്നാല്‍ ഇതിനു നേര്‍ വിപരീതമാണ് കന്യാസ്ത്രീകളുടെ അവസ്ഥ.ഒരിക്കല്‍ വന്നു ചേര്‍ന്നു കഴിഞ്ഞാല്‍ പുറത്തുപോകുക എളുപ്പമല്ല.കന്യാസ്ത്രീ പുറത്തുവരുന്നതു മറ്റ് എല്ലാവരും ചേര്‍ന്ന് എതിര്‍ക്കും.പുരുഷന്മാര്‍ക്ക് ജനങ്ങളെ കാണാനും അവരുടെ താല്‍പര്യങ്ങള്‍ പങ്കുവെയ്ക്കാനും കഴിയും.എന്നാല്‍ സ്ത്രീകള്‍ നൂറായിരം വിലക്കുകളോടെ നാലുചുവരുകള്‍ക്കുള്ളില്‍ അടയ്ക്കപ്പെടുന്നു.യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസില്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം വര്‍ഷംതോറും കന്യാസ്ത്രീകളുടെ ആത്മഹത്യാനിരക്ക് കൂടിവരികയാണ്. ഇക്കഴിഞ്ഞ 12 വര്‍ഷത്തിനിടയിലായി 15 കന്യാസ്ത്രീകളാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്.(പലപ്പോഴും മരിച്ച കന്യാസ്ത്രീയുടെ വീട്ടുകാരെയാണ് ഉത്തരവാദികളായി ചിത്രീകരിക്കാറ്)ഈ രണ്ടു പഠനങ്ങളും സൂചിപ്പിക്കുന്ന വസ്തുതകള്‍ ക്രൈസ്തവസഭയില്‍/മഠങ്ങളില്‍/സന്യാസ ജീവിതത്തില്‍ തന്നെയുള്ള അസ്വസ്ഥതകളെയാണ്. സിസ്റ്റര്‍ അഭയയുടെ കൊലപാതകം,സിസ്റ്റര്‍ അനുപം മേരിയുടെ ആത്മഹത്യ തുടങ്ങിയ നിരവധി സംഭവങ്ങള്‍ കൂടി ചേര്‍ത്തു വെച്ചു വായിച്ചാല്‍ ഈ ലോകത്തിന്റെ ദയനീയാവസ്ഥ വ്യക്തമാകും.
ഇന്നലെവരെ അപരിചിതവും അജ്ഞാതവുമായിരുന്ന ഒരു ലോകത്തെയാണ് 'ആമേന്‍' അനാവരണം ചെയ്യുന്നത്. അതൊരു സാഹിത്യകൃതി എന്നതിനേക്കാള്‍ ഒരു തുറന്നു പറച്ചിലാണ്. എല്ലാതുറന്നു പറച്ചിലുകളും ഏതൊക്കെയോ അര്‍ത്ഥത്തില്‍ പൊതുസമൂഹത്തിലുള്ള ജനാധിപത്യപരമായ ഇടപെടലാണ്. വൈയക്തികമായ തുറന്നു പറച്ചിലുകളാകുമ്പോളും അവ ആത്യന്തികമായി സാമൂഹികാനുഭവത്തിലേക്കുള്ള ഈടുവെപ്പുകളാണ്. കന്യാസ്ത്രീയുടെ ലോകത്തെയോ അവരുടെ ആത്മീയതയെയോ അതിയായി ഉദാത്തവല്‍ക്കരിക്കുന്നില്ല ഈ കൃതി. അവരുടെ നന്മകളും തിന്മകളും എല്ലാം അവര്‍ പുറത്തുകൊണ്ടുവരുന്നു. കന്യാസ്ത്രീകളുടെ ജീവിതചര്യകളും ലോകവീക്ഷണങ്ങളും വിശ്വാസങ്ങളും ഭാഷാക്രമങ്ങളും എല്ലാം ചേര്‍ന്ന വേറിട്ട ഒരു ലോകത്തെ തന്നെയാണ് അവര്‍ വെളിപ്പെടുത്തിയത്. കന്യാസ്ത്രീജീവിതത്തിലെ വര്‍ഗ്ഗ,ലിംഗവിവേചനങ്ങളെ കുറിച്ചും അഴിമതിയെക്കുറിച്ചും ലൈംഗികതയെകുറിച്ചും വ്രതാനുഷ്ഠാനങ്ങളെകുറിച്ചും അവര്‍ തുറന്നു പറയുന്നുണ്ട്.താനുള്‍പ്പെടുന്ന കന്യാസ്ത്രീലോകത്തിന്റെ സങ്കീര്‍ണ്ണതകളും വൈരുദ്ധ്യങ്ങളും നന്മതിന്മകളും വൈയക്തികാനുഭവങ്ങളിലൂടെ ഒരു ജനാധിപത്യ സമൂഹത്തിനുമുന്‍പില്‍ തുറന്നുവെക്കുകയാണ് അവര്‍.( വൃദ്ധരും രോഗികളുമായ സന്യാസി/സന്യാസിനിമാരെ കുറിച്ച് അവരുടെ ദുരിതങ്ങളെ കുറിച്ച് അനാഥത്വത്തെകുറിച്ച് വിഭ്രാന്തികളെകുറിച്ച് കരുണയോടെ നമ്മോട് ആരാണ് വെളിപ്പെടുത്തിയിട്ടുള്ളത്? ദീനക്കിടക്കയിലായിരുന്ന വൃദ്ധപുരോഹിതന്‍ പരിചാരകന്റെ അലസതയും അശ്രദ്ധയും മൂലം കുളിക്കാന്‍ വെച്ച ചൂടുവെള്ളത്തില്‍ വീണ് പൊള്ളലേറ്റതിനെ കുറിച്ച്,മാനസികവിഭ്രാന്തിയ്ക്കടിപ്പെട്ട് മേലാകെ മലം വാരിതേച്ച് മഠത്തിലാകമാനം പാഞ്ഞുനടന്ന ഒരു വൃദ്ധസന്യാസിനിയെകുറിച്ച്,വെച്ചുംവിളമ്പിയും അലക്കിയും അടിച്ചുവാരിയും തേഞ്ഞുതീര്‍ന്ന,മുഖമില്ലാത്ത പണിക്കാരികളായ എത്രയോ 'ചേടത്തി' മാരെ കുറിച്ച്,വേലക്കാരായി തരം താഴ്ത്തപ്പെട്ട് ഇരിപ്പിടം പോലും നിഷേധിക്കപ്പെട്ടിരുന്ന ലേ സിസ്റ്റേഴ്സിനെകുറിച്ച് എല്ലാമെല്ലാം അവരല്ലാതെ മറ്റാരാണ് നമ്മോട് പറഞ്ഞത്?) തിരുവസ്ത്രമുപേക്ഷിക്കാനുള്ള അവരുടെ തീരുമാനം അത്തരത്തില്‍ കേരളത്തിന്റെ ചരിത്രത്തിലെ രാഷ്ട്രീയമായ ഇടപെടലിന്റെ സന്ദര്‍ഭമായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. അസാമാന്യമായ ധൈര്യവും സത്യസന്ധതയുമാണ് അവരെകൊണ്ട് ഇത് ചെയ്യിച്ചത്.
അധ്യാപികയും പ്രിന്‍സിപ്പാളുമെന്നതിലുപരി സിനിമാപ്രവര്‍ത്തക, സംവിധായിക, ഗവേഷക, കവി എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഊര്‍ജ്ജസ്വലയായ ഒരാളാണ് അവര്‍. ആഖ്യാനശാസ്ത്രത്തില്‍ ആധികാരികത അവകാശപ്പെടാവുന്ന പണ്ഡിതയും കൂടിയാണു സിസ്റ്റര്‍ ജെസ്മി. ഈ നിലയില്‍ നേരത്തെതന്നെ അംഗീകരിക്കപ്പെട്ടിരുന്നു. അവര്‍ ഇപ്രകാരം ബഹുമുഖമായ അവരുടെ വ്യക്തിത്വത്തെ മൊത്തമായി ലൈംഗികമാത്രജീവി എന്ന നിലയിലേക്ക് വെട്ടിച്ചുരുക്കുകയാണ് ആത്മകഥയോടുള്ള പ്രതികരണങ്ങളധികവും.പുസ്തകം മുന്നോട്ടുവെയ്ക്കുന്ന മറ്റ് എല്ലാ പ്രതികരനങ്ങളെയും തമസ്കരിച്ചുകൊണ്ട് ഈയൊരു കുറ്റിയില്‍ കെട്ടിച്ചുറ്റിത്തിരിയുകയാണ് ഇവരെല്ലാം.
ഒരു കന്യാസ്ത്രീ സെക്സ് പറയുന്നു എന്നതിന്റെ സ്ഫോടനാത്മകതയുടെയും രഹസ്യാത്മകയുടെയും അന്തരീക്ഷത്തിലാണ് പരാമര്‍ശങ്ങളധികവും നടക്കുന്നത്.ഇന്ത്യാ റ്റുഡേ, ഇന്ത്യാ കറന്റ് മുതലായ പ്രസിദ്ധീകരനങ്ങളുടെ പ്രധാന ചോദ്യം പുസ്തകത്തിലെ ലൈംഗികതയെ കുറിച്ചുള്ളതായിരുന്നു.180 പേജുള്ള പുസ്തകത്തിലെ നാലോ അഞ്ചോ പേജു വരുന്ന ഭാഗങ്ങളാണ് ആളുകളെ ഇങ്ങനെ ത്രസിപ്പിക്കുന്നതും സദാചാരക്കൊടുവാളെടുപ്പിക്കുന്നതും. 'ദ ട്രൂത്ത്' മാസിക മുതല്‍ പ്രസിദ്ധ ബ്ലോഗ്ഗര്‍ ബെര്‍ലി വരെ ഈ പേജുകളിലേക്ക് ഉറ്റുനോക്കി ശ്വാസമടക്കിയാണിരുന്നത്. കന്യാസ്ത്രീകള്‍ എന്നു കേട്ടാല്‍ വികാരങ്ങളെ അടിച്ചമര്‍ത്തി കഴിയുന്ന ലൈംഗികസ്ഫോടകവസ്തുക്കളാണെന്ന പൊതുബോധത്തെ ഊട്ടിയുറപ്പിക്കുകതന്നെയാണിവര്‍. (ദ ട്രൂത്ത് മാസികയുടെ മുഖച്ചിത്രത്തില്‍ സിസ്റ്റര്‍ ജെസ്മിയുടെ ചിത്രത്തിനോട് ചേര്‍ത്ത് 'ഒരു വ്യഭിചാരത്തിന്റെ കുമ്പസാരം'എന്ന് വെണ്ടക്ക നിരത്തിയിയതു കാണാം. മാസികയുടെ ഇക്കിളി മുഴുവനും തുളുമ്പി നില്‍ക്കുന്ന ലേ ഔട്ട്...) താനനുഭവിച്ച ലൈംഗികമായ ചൂഷണത്തെ ഒരു ഇരയുടെ മാനസികാവസ്ഥയില്‍നിന്നുകൊണ്ടു വിശദീകരിക്കുന്ന ഭാഗത്തെ വരികള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി വളച്ചൊടിച്ചിരിക്കുകയാണിവിടെ. സ്ത്രീയുടെ ഏതൊരു ആഖ്യാനവും ആവിഷ്കാരവും ലൈംഗികമായി കാണുന്ന, ലൈംഗികതയെ സ്ത്രീയുമായി ബന്ധപ്പെടുത്തി മാത്രം കാണുന്ന രോഗാതുരമായ പുരുഷപ്രവണതകള്‍..... തൃഷ്ണയുടെ വടക്കുനോക്കി യന്ത്രങ്ങള്‍.............ഗാന്ധിജി മുതല്‍ ചെറുകാട് വരെയുള്ളവര്‍ എഴുതിയ വളരെ പോപ്പുലറായ ആത്മകഥകളിലൊക്കെ ലൈംഗികതയെ കുറിച്ചുള്ള ധാരാളം പരാമര്‍ശങ്ങള്‍ കടന്നു വരുന്നുണ്ട്. ലൈംഗികത ചര്‍ച്ച ചെയ്യുന്നതിനാല്‍ അവരെയൊന്നും ആരും വിടന്മാരായോ വ്യഭിചാരികളായോ ചിത്രീകരിച്ചുകണ്ടിട്ടില്ല.മറിച്ച് അതവരുടെ സത്യസന്ധതയുടെ തെളിവായി ഉയര്‍ത്തിക്കാട്ടാറുമുണ്ട്.ഇതേ സത്യസന്ധ്യത സിസ്റ്റര്‍ ജെസ്മിയുടെ കാര്യത്തിലാവുമ്പോള്‍,മറ്റേതെങ്കിലും എഴുത്തുകാരിയുടെ കാര്യത്തിലാകുമ്പോള്‍ അട്ടിമറിക്കപ്പെടുന്നു.
മോണിക്കാ ലെവിന്‍സ്കിയുടെയും നളിനിജമീലയുടെയും പുസ്തകങ്ങളുമായി ചേര്‍ത്തുവെച്ചുകൊണ്ടാണ് ബെര്‍ലിയുടെ പോസ്റ്റ് തുടങ്ങുന്നത്.ലൈംഗികത ചര്‍ച്ചചെയ്യുന്ന മഞ്ഞപ്പുസ്തകമെന്ന വിമര്‍ശനമോ പരിഹാസമോ ഒക്കെ മുന്‍ വിധിയായുണ്ട്. മോണിക്കയ്ക്കോ നളിനിക്കോ ആത്മകഥ എഴുതേണ്ടതില്ലെന്നോ അതില്‍ ലൈംഗികത പരാമര്‍ശിക്കുന്നതില്‍ തെറ്റുണ്ടെന്നോ അല്ല പറയുന്നത്.അവയുടെ മുന്നുപാധി ലൈംഗികതയെ സംബന്ധിച്ചതാണ്. (മോണിക്കയുടെ പുസ്തകം വായിച്ചിട്ടില്ല,കേട്ടോ) എന്നാല്‍ ആമേന്‍ ക്രൈസ്തവസഭ എന്ന സ്ഥാപനത്തെക്കുറിച്ചും കന്യാസ്ത്രീകളുടെ മനുഷ്യാവകാശപ്രശ്നങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ് ഉന്നയിക്കുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് കന്യാസ്ത്രീമഠങ്ങളിലെ സ്വവര്‍ഗ്ഗലൈംഗികതയും ലൈംഗികമായ കയ്യേറ്റങ്ങളും മനസ്സിലാക്കപ്പെടേണ്ടത്.
ഗോസിപ്പുകളുടെ ഹരം ഓളം വെട്ടുന്ന ഇന്റര്‍വ്യൂകളിലെ വഴുവഴുപ്പുണ്ടാക്കുന്ന ഒരു വിചിത്രമായ ചോദ്യം പ്രതിഫലത്തെച്ചൊല്ലിയുള്ളതാണ്. ഇന്ത്യാകറന്റിലും ഇന്ത്യാടുഡെയിലും ഒരു പോലെ ഈ ചോദ്യം മുഴച്ചുനില്‍ക്കുന്നതു കാണാം ചൂടപ്പം പോലെ വിറ്റുപോകുന്ന പുസ്തകത്തിന്റെ ലാഭവിഹിതം എന്തുചെയ്യാന്‍ പോകുന്നു എന്ന ചോദ്യം--ഒരു ടിപ്പിക്കല്‍ മലയാളിയുടെ അസൂയ കലര്‍ന്ന ഒളിഞ്ഞു നോട്ടത്തിലുള്ള ചോദ്യം-- ഇതേ ചോദ്യം കൊള്ളാവുന്ന പുരുഷ എഴുത്തുകാരോടു ചോദിക്കാന്‍ ഇവര്‍ക്കു ധൈര്യമുണ്ടോ?വിദ്യാഭ്യാസം ചെയ്യിച്ചതും ശമ്പളം തന്നതും സഭയല്ലെ എന്നും ചോദ്യങ്ങളുണ്ട്.
മറ്റു ചില പ്രതികരണങ്ങളില്‍ അവരുടെ വ്യക്തിപരമായ സ്വഭാവത്തെക്കുറിച്ചുള്ള വിശകലനങ്ങളും ചര്‍ച്ചകളുമാണ്. ആത്മകഥയ്ക്കു പുറത്തു നിന്നുകൊണ്ട് ഊഹാപോഹങ്ങളുടെയും ഒറ്റപ്പെട്ട അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ആത്മകഥയെയും അതെഴുതിയ ആളുടെ വിശ്വസ്തതയെയും വെല്ലുവിളിക്കാനുള്ള ശ്രമങ്ങളാണ് അവ. ബെര്‍ലിയുടെ പോസ്റ്റിനു വന്ന കമന്റുകളില്‍ ചിലത് ഇത്തരത്തിലുള്ളവയാണ്.എന്തായാലും വ്യക്തിഹത്യകള്‍ക്കും തേജോവധങ്ങള്‍ക്കുമിടയില്‍ ‘ആമേന്‍’ ലോകശ്രദ്ധ പിടിച്ചു പറ്റുക തന്നെയാണ്.